Cape Town Audio Launch: തമിഴ് സൂപ്പര്‍ താരം വിജയിയുടെ തേരാളി എന്നറിയപ്പെടുന്ന ബുസ്സി. എന്‍. ആനന്ദ് തിരുവനന്തപുരത്ത് എത്തുന്നു, വിജയ് യുടെ ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കത്തിന്‍റെ (VMI) സെക്രട്ടറി കൂടിയാണ് ബുസ്സി. എന്‍. ആനന്ദ്.
ജനപ്രതിനിധികള്‍ അഭിനേതാക്കളാകുന്ന കേപ് ടൗണ്‍ ഓഡിയോ ലോഞ്ചിന് (Cape Town Audio Launch) വേണ്ടിയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്.
കേപ് ടൗണ്‍ എന്ന ചിത്രത്തിന് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. ഈ ചിത്രത്തില്‍ ജനപ്രതിനിധികള്‍ അഭിനേതാക്കളാകുകയാണ്. മന്ത്രി ചിഞ്ചു റാണി, എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, യു. പ്രതിഭ, മുകേഷ്, നൗഷാദ്, മുന്‍ എംപി സോമപ്രസാദ്, ഡിസിസി കൊല്ലം മുന്‍ പ്രസിഡന്‍റ് ബിന്ദു കൃഷ്ണ, വൈ
സ് പ്രസിഡന്‍റ് സൂരജ് രവി, ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവരാണ് ഒരു നാടിന്‍റെ വേദന ജനമധ്യത്തിലേക്കെത്തിക്കാന്‍ അഭിനേതാക്കളാകുന്നത്.
ജനപ്രതിനിധികള്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രം ഒരുക്കുന്നത് ശിവരാജ് എന്ന നവാഗത സംവിധായകനാണ്.
2016 ല്‍ തുടങ്ങി 2024 ല്‍ അവസാനിക്കുന്ന കഥയാണ് കേപ് ടൗണ്‍ സിനിമ പറയുന്നത്. ഈ ചിത്രത്തിലെ ഒട്ടു മിക്ക സീനുകളും യഥാര്‍ത്ഥ സംഭവങ്ങളാണ് എന്നതാണ് ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോനും യു പ്രതിഭയുമാണ് സിനിമയിലെ പ്രധാനപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
ഈ സിനിമയ്ക്ക് പ്രേരകമായ സംഭവവും സംവിധായകന്‍ വിവരിക്കുന്നു. 2016 കടുത്ത വേനലില്‍ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായ ശാസ്താം കോട്ട തടാകം വറ്റി വരണ്ടത് മൂലം കൊല്ലം നഗരത്തിലേക്കുള്ള പമ്പിംഗ് നിര്‍ത്തി വച്ചിരുന്നു. ഇതുമൂലം കുടിക്കാന്‍ ഒരു തുള്ളി വെള്ളം ഇല്ലാതെ ജനങ്ങള്‍ നട്ടം തിരിയുന്ന സാഹചര്യമുണ്ടായി. ഈ സാഹചര്യമാണ് കേപ് ടൗണ്‍ എന്ന സിനിമയൊരുക്കാന്‍ തന്നെ പ്രേരിപ്പിച്ച പ്രധാന ഘടകമെന്ന് സംവിധായകന്‍ ശിവരാജ് പറയുന്നു.
വെള്ളത്തിന് വെള്ളം തന്നെ വേണം. അതിനു പകരമായി ശാസ്ത്ര ലോകം മറ്റൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.. വെള്ളം പ്രാണ വായുവിനോളം വിലപ്പെട്ട സമ്പത്താണ്. 2016 ല്‍ നെല്‍സന്‍ ശൂരനാടിനെ മുഖ്യ കഥാപാത്രമാക്കി 15 മിനിട്ടുള്ള ഷോട്ട് ഫിലിം ആയി തുടങ്ങിയ ഈ ചിത്രം പിന്നീട് 2 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയിലേക്ക് മാറുകയായിരുന്നു.
പ്രകൃതി സംരക്ഷണം പ്രകടന പത്രികയില്‍ മാത്രം ഒതുങ്ങുന്ന ഈ കാലത്ത് പ്രതിപക്ഷത്തു ഇരിക്കുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധി കളും പ്രകൃതിയുടെ സംരക്ഷണത്തിനായി ജനങ്ങളോടൊപ്പം നില്‍ക്കുകയും ഭരണത്തിലെത്തുമ്പോള്‍ പ്രകൃതിയെ നശിപ്പിക്കുന്ന വികസനങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടില്‍ പ്രകൃതിയുടെ സംരക്ഷണം അനിവാര്യമാണ് എന്ന് പുതു തലമുറയെ ഓര്‍മപ്പെടുത്തുകയാണ് ഈ ചിത്രം.
ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസായ ഒരു തടാകം നാമാവശേഷമായിക്കൊണ്ടിരിക്കുമ്പോഴും അത് സംരക്ഷിക്കാന്‍ എന്ന പേരില്‍ നടക്കുന്ന അഴിമതിയും നിസ്സഹകരണവും കണ്ടു മടുത്ത് തടാകത്തിനെ സംരക്ഷിക്കാനായി "നമ്മുടെ കായല്‍ കൂട്ടായ്മ" എന്ന പേരില്‍ ഇറങ്ങി തിരിച്ച ഒരു കൂട്ടം ചെറുപ്പക്കാര്‍. അവര്‍ക്ക് പിന്തുണ നല്‍കിയ കൊല്ലം ടൗണിലെ "കൊല്ലം നന്‍പന്‍സ്" എന്ന് അറിയപ്പെടുന്ന വിജയ് ആരാധകരില്‍ കൂടിയുമാണ് ഈ ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്
തടാക സംരക്ഷണത്തിന്‍റെ പേരില്‍ നടന്ന 36 കോടി രൂപയുടെ അഴിമതിയുടെ സത്യാവസ്ഥയും ഈ ചിത്രം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുന്നു.
പുതുമുഖ സംഗീതസംവിധായാകാന്‍ ദിലീപ് ബാബു ഈണമിട്ട മൂന്ന് ഗാനങ്ങള്‍ ആലപിക്കുന്നത് രവീന്ദ്രന്‍ മാഷിന്‍റെ മകന്‍ നവീന്‍ മാധവും (പോക്കിരി ഫെയിം )കായംകുളം എംഎല്‍എ യു. പ്രതിഭയും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം പ്രണവ് പ്രശാന്ത്, ദിലീപ് ബാബു, സൗമ്യ എം.എസ്. രാജന്‍ ഇരവിപുരം, വിനായക് വിജയന്‍, ഹരിലേക്ഷ്മന്‍, ലക്ഷ്മി. എം. എന്നിവരുമാണ്.
ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് ശ്യാം ഏനാത്ത്, സുജ തിലക രാജും ആണ്. കവിതകള്‍ എഴുതിയിരിക്കുന്നത് ജോഷുവ ഭരണിക്കാവാണ്. കവിതാലാബനം കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, ദില്‍പ് കുമാര്‍ ശാസ്താം കോട്ട എന്നിവരാണ്. ചിത്രം നിര്‍മിക്കുന്നത് ദിലീപ്കുമാര്‍ ശാസ്താംകോട്ടയാണ്.
ജനപ്രതിനിധികളോടൊപ്പം നെല്‍സന്‍ ശൂരനാട്, പുതുമുഖങ്ങളായ അഖില്‍ രാജ്, അനന്ദു പടിക്കല്‍, അനീഷ് മോഹന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഇവരോടൊപ്പം എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോനും പ്രതിഭയും വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അനീഷ് മോഹന്‍, മനോജ് ജയിംസ് എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍.
ക്യാമറ- അലങ്കാര്‍ കൊല്ലം, വിജിന്‍ കണ്ണന്‍, കഥ, തിരക്കഥ, സംഭാഷണം സംവിധാനം- ശിവരാജ്. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തിരുവനന്തപുരം ചിത്രജ്ഞലി സ്റ്റുഡിയോയില്‍ നടന്നു വരുന്നു. പോസ്റ്റര്‍ ഡിസൈന്‍- അമല്‍ എസ് കൊല്ലം, സുരേഷ് കൃഷ്ണ. പിആര്‍ഒ- എ.എസ്. ദിനേശ്.
രാജ രാജേശ്വരി ഫിലിംസിന്‍റെ ബാനറില്‍ ദിലീപ് കുമാര്‍ ശാസ്താംകോട്ട നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഓഡിയോ പ്രകാശനം ഫെബ്രുവരി 5ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ഭാരത് ഭവനില്‍ വച്ച് നടക്കുന്നു. ഓഡിയോ ലോഞ്ചിംഗ് ചടങ്ങില്‍ വിജയ് മക്കള്‍ ഇയക്കം സെക്രട്ടറി ബുസ്സി. എന്‍. ആനന്ദും, വിജയ് മക്കള്‍ ഇയക്കം കേരള കോര്‍ഡിനേറ്റര്‍ സജി . ബി. യും വിശിഷ്ടാതിഥികളായി പങ്കെടുക്കുന്നു. ചടങ്ങില്‍ ഈ ചിത്രത്തില്‍ അഭിനയിച്ച ജനപ്രതിനിധികളും അഭിനേതാക്കളും പങ്കെടുക്കും.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.