Brahmastra Movie : രൺബീർ - ആലിയ ചിത്രം ബ്രഹ്മാസ്ത്ര ഉടൻ തിയേറ്ററുകളിലേക്ക്; ചിത്രത്തിലെ അസ്ത്രങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?

Brahmastra Movie Update : രൺബീർ കപൂര്‍ നായകനായി എത്തുന്ന ഈ ചിത്രത്തിൽ അമിതാബ് ബച്ചൻ, ആലിയ ഭട്ട്, മൗനി റോയി, നാഗ ചൈതന്യ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. 

Written by - Ajay Sudha Biju | Last Updated : Sep 7, 2022, 04:53 PM IST
  • രൺബീർ കപൂര്‍ നായകനായി എത്തുന്ന ഈ ചിത്രത്തിൽ അമിതാബ് ബച്ചൻ, ആലിയ ഭട്ട്, മൗനി റോയി, നാഗ ചൈതന്യ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്.
  • ഹിന്ദു പുരാണത്തിലെ അസ്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര.
  • അസ്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തിയേറിയ അസ്ത്രമായ ബ്രഹ്മാസ്ത്രയെ കേന്ദീകരിച്ചാണ് ഈ ചിത്രത്തിന്‍റെ കഥ മുന്നോട്ട് നീങ്ങുന്നത്.
Brahmastra Movie : രൺബീർ - ആലിയ ചിത്രം ബ്രഹ്മാസ്ത്ര ഉടൻ തിയേറ്ററുകളിലേക്ക്; ചിത്രത്തിലെ അസ്ത്രങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?

അയാൻ മുഖർജിയുടെ സംവിധാനത്തിൽ ഈ വർഷം സെപ്റ്റംബർ 9 ന് പുറത്തിറങ്ങുന്ന  ബ്രഹ്മാണ്ഡ ചിത്രമാണ് ബ്രഹ്മാസ്ത്ര. രൺബീർ കപൂര്‍ നായകനായി എത്തുന്ന ഈ ചിത്രത്തിൽ അമിതാബ് ബച്ചൻ, ആലിയ ഭട്ട്, മൗനി റോയി, നാഗ ചൈതന്യ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. ഇവർക്ക് പുറമേ ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, രൺവീർ സിങ്ങ് എന്നീ താരങ്ങൾ അതിഥി വേഷത്തിൽ ബ്രഹ്മാസ്ത്രയിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. ഹിന്ദു പുരാണത്തിലെ അസ്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. അസ്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തിയേറിയ അസ്ത്രമായ ബ്രഹ്മാസ്ത്രയെ കേന്ദീകരിച്ചാണ് ഈ ചിത്രത്തിന്‍റെ കഥ മുന്നോട്ട് നീങ്ങുന്നത്. ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് അടുക്കും തോറും പലർക്കും കൂടി വരുന്ന സംശയമാണ് എന്താണ് അസ്ത്രങ്ങൾ എന്നത്. രാമായണത്തിലും മഹാഭാരതത്തിലും തുടങ്ങി ഹിന്ദു പുരാണവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒട്ടുമിക്ക ഗ്രന്ധങ്ങളിലും പരാമർശിക്കുന്ന ഈ അസ്ത്രങ്ങൾ എന്താണെന്ന് പരിശോധിക്കാം.

ഹിന്ദു പുരാണമനുസരിച്ച് പ്രാചീന കാലത്ത് ദൈവം സൃഷ്ടിച്ച അതീന്ദ്രിയവും അമാനുഷികവുമായ ആയുധങ്ങളാണ് അസ്ത്രങ്ങൾ. പണ്ട് ഏതാനും ഋഷിവര്യന്മാർ ഹിമാലയത്തിലൽ ഖോര തപസ്സ് അനുഷ്ഠിച്ചു. ഇതിന്‍റെ ഫലമായി ആകാശത്ത് നിന്ന് ആയിരം സൂര്യന്‍റെ പ്രകാശമുള്ള ഒരു വെളിച്ചം ഭൂമിയിലേക്ക് പതിച്ചു. ആ വെളിച്ചത്തിൽ നിന്ന് ഒരു മഹാ ശക്തി ഉദ്ഭവിച്ചു. ആ ശക്തിയുടെ പേരാണ് ബ്രഹ്മ ശക്തി. ഇതിൽ നിന്നായിരുന്നു അസ്ത്രങ്ങളുടെ ജനനം. ഓരോ അസ്ത്രങ്ങൾക്കും പ്രത്യേക തരം ശക്തികൾ ഉണ്ട്. പഞ്ച ഭൂതങ്ങളായ ജലത്തിന്‍റെ ശക്തിയുള്ള ജലാസ്ത്രം, കാറ്റിന്‍റെ ശക്തിയുള്ള പവനാസ്ത്രം, തീയുടെ ശക്തിയുള്ള അഗ്നിയസ്ത്രം എന്നിവ ഇവയ്ക്ക് ഉദാഹരണങ്ങളാണ്. ഇവയ്ക്ക് പുറമേ മൃഗങ്ങളുടെ ശക്തിയുള്ള അസ്ത്രങ്ങളും നിലവിലുണ്ട്. ഇവയ്ക്ക് ഉദാഹരണങ്ങളാണ് വാനരാസ്ത്രം, നന്ദി അസ്ത്രം എന്നിവ. ഹനുമാനെപ്പോലെ ഒരു ശക്തിശാലിയായ വാനരന്‍റെ ശക്തിയുള്ള അസ്ത്രമാണ് വാനരാസ്ത്രം. ആയിരം നന്ദികളുടെ ശക്തിയുള്ള അസ്ത്രമാണ് നന്ദി അസ്ത്രം. ഇവയ്ക്കെല്ലാം ശേഷമാണ് ഏറ്റവും ശക്തിശാലിയായ ബ്രഹ്മാസ്ത്രയുടെ ജനനം. 

ALSO READ: Brahmastra Movie Promo : ബ്രഹ്മാസ്ത്രയുടെ പ്രീറിലീസ് പ്രോമോ പുറത്തുവിട്ടു; ചിത്രം സെപ്റ്റംബർ 9 ന്

എല്ലാ അസ്ത്രങ്ങളുടെയും ശക്തി കൂടിച്ചേർന്ന ഒരു അസ്ത്രമായിരുന്നു ബ്രഹ്മാസ്ത്രം. കുറച്ച് കൂടി ലളിതമായി പറഞ്ഞാൽ ബ്രഹ്മാസ്ത്രം ഒരു ആറ്റം ബോംബിന് തുല്ല്യമാണ്. ഇത് കയ്യിലുള്ളത് ആരാണോ അവർക്ക് ലോകം മുഴുവൻ ഒറ്റ നിമിഷം കൊണ്ട് നശിപ്പിക്കാൻ സാധിക്കും. എന്നാൽ ഈ അസ്ത്രങ്ങൾ ആർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കില്ല. ഓരോ അസ്ത്രങ്ങളും ഉപയോഗിക്കണമെങ്കിൽ ചില പ്രത്യേക മന്ത്രങ്ങൾ അറിഞ്ഞിരിക്കണം. ഈ മന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് മാത്രമേ അസ്ത്രങ്ങൾ ശത്രുക്കൾക്ക് നേരെ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ബ്രഹ്മ ശക്തിയിലൂടെ അസ്ത്രങ്ങളുടെ ശക്തി ലഭിച്ച ഋഷി വര്യന്മാർ ഈ അസ്ത്രങ്ങളെ എല്ലാ കാലവും സംരക്ഷിച്ചുകൊള്ളാം എന്ന് പ്രതിജ്ഞ എടുത്തു. ഇവരുടെ പേരാണ് ബ്രഹ്മാൻഷ്. ഇവർ തങ്ങളുടെ കാലശേഷം അവരുടെ ഏറ്റവും അനുയോജ്യനായ ശിഷ്യന്മാർക്ക് ഈ അസ്ത്രങ്ങുടെ ശക്തി കൈമാറി. ഇത് കാലങ്ങളോളം ഇപ്രകാരം തുടർന്നു. ഇത്തരത്തിൽ അസത്രങ്ങളുടെ ശക്തിയുള്ള, അവയെ സംരക്ഷിച്ച് പോകുന്ന ഒരു കൂട്ടം ആളുകൾ ഇന്നും നമ്മുടെ സമൂഹത്തിലുണ്ടെന്നാണ് വിശ്വാസം. 

മേൽപ്പറഞ്ഞ പുരാണ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ബ്രഹ്മാസ്ത്ര എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ അമിതാബ് ബച്ചന്‍റെ കഥാപാത്രവും അദ്ദേഹത്തിനൊപ്പമുള്ള സംഘവും അസ്ത്രങ്ങളെ സംരക്ഷിക്കുന്ന ആളുകളാണ്. എന്നാൽ ഇവരിൽ നിന്ന് ബ്രഹ്മാസ്ത്ര എന്ന ഏറ്റവും ശക്തിശാലിയായ അസ്ത്രം സ്വന്തമാക്കാൻ ശ്രമിക്കുന്നവരാണ് മൗനി റോയിയുടെ കഥാപാത്രവും സംഘവും. ഇവർക്കും ചില അമാനുഷിക ശക്തികൾ ഉണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ശിവ അഗ്നി അസ്ത്രത്തിന്‍റെ ശക്തിയുള്ള ഒരാളാണ്. എന്നാൽ അയാൾ ഈ കാര്യം മനസ്സിലാക്കുന്നില്ല, പിന്നീട് ഇത് തിരിച്ചറിഞ്ഞ ശേഷം അദ്ദേഹം തന്‍റെ ശക്തി ബ്രഹ്മാസ്ത്രയെ സംരക്ഷിക്കാൻ വേണ്ടി ഉപയോഗിക്കുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. ബ്രഹ്മാസ്ത്രം ഉൾപ്പെടെ ആറ് അസ്ത്രങ്ങളാണ് ഈ ചിത്രത്തിൽ കാണിച്ചിട്ടുള്ളത്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.. 

1. വാനരാസ്ത്രം  

ഹനുമാന് സമാനമായി പ്രത്യേക കഴിവുകളുള്ള ഒരു വാനരന്‍റെ ശക്തികളുള്ള അസ്ത്രമാണ് വാനരാസ്ത്രം. ഈ ശക്തിയുള്ള വ്യക്തിക്ക് ഒരു വാനരന്‍റെ മെയ് വഴക്കത്തോടെ ഉയരങ്ങളിലേക്ക് ചാടിക്കയറാനും എളുപ്പത്തിൽ ശത്രുക്കളെ തോൽപ്പിക്കാനും സാധിക്കും.  ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ ഈ വേഷത്തിൽ എത്തുമെന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ട്.

2. നന്ദി അസ്ത്രം

ആയിരം നന്ദികളുടെ ശക്തിയുള്ള അസ്ത്രമാണ് നന്ദി അസ്ത്രം. എത്ര വലിയ വസ്തുവിനെയും അനായാസം ഇടിച്ച് തകർക്കാൻ നന്ദി അസ്ത്രം കൊണ്ട് സാധിക്കും. ബ്രഹ്മാസ്ത്രയിൽ നാഗാർജുനയാണ് നന്ദി അസ്ത്രമായി അഭിനയിക്കുന്നത്. ചിത്രത്തിൽ ഈ കഥാപാത്രത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്നാണ് ട്രൈലർ സൂചിപ്പിക്കുന്നത്. 

3. പ്രഭാസ്ത്രം

ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിൽ അമിതാഭ് ബച്ചനാണ് പ്രഭാസ്ത്രയായി അഭിനയിക്കുന്നത്. അസ്ത്രങ്ങളുടെ സംരക്ഷകരുടെ ഒരു നേതാവും കൂടിയാണ് അമിതാഭ് ബച്ചൻ ഈ ചിത്രത്തിൽ. ഗുരു എന്നാണ് അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിൽ ആദ്യാവസാനം വളരെ പ്രാധാന്യമർഹിക്കുന്നത് തന്നെയായിരിക്കും ഈ കഥാപാത്രം. 

4. ജലാസ്ത്രം

പഞ്ച ഭൂതങ്ങളിലൊന്നായ ജലത്തിന്‍റെ ശക്തിയുള്ള അസ്ത്രമാണ് ജലാസ്ത്രം. ചിത്രത്തിൽ ജലാസ്ത്രമായി അഭിനയിക്കുന്ന കഥാപാത്രം ആരാണെന്നത് വ്യക്തമല്ല. ഈ കഥാപാത്രമായി ദീപിക പദുക്കോൺ അതിഥി വേഷത്തിൽ ബ്രഹ്മാസ്ത്രയിലെത്തുമെന്ന തരത്തിലെ അഭ്യുഹങ്ങൾ നിലനിൽക്കുന്നുണ്ട്. 

5. പവനാസ്ത്രം

കാറ്റിന്‍റെ ശക്തിയുള്ള അസ്ത്രമാണ് പവനാസ്ത്രം. എക്സ്. മെൻ ചിത്രങ്ങളിലെ സ്റ്റോം എന്ന കഥാപാത്രത്തിന് സമാനമായി ശക്തമായ കാറ്റ് സൃഷ്ടിച്ച് ശത്രുക്കളെ നേരിടാൻ ഈ  അസ്ത്രത്തിന്‍റെ ശക്തിയുള്ളവർക്ക് സാധിക്കും. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരാണെന്നത് വ്യക്തമല്ല. 

6. അഗ്നി അസ്ത്രം

ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിൽ രൺബീർ കപൂർ അവതരിപ്പിക്കുന്ന കഥാപാത്രമാണ് അഗ്നി അസ്ത്രം. ഈ അസ്ത്രത്തിന്‍റെ ശക്തിയുള്ളവർക്ക് പഞ്ചഭൂതങ്ങളിലൊന്നായ അഗ്നിയെ നിയന്ത്രിക്കാൻ സാധിക്കും. ഈ കഥാപാത്രങ്ങളെ അഗ്നി നശിപ്പിക്കില്ല എന്ന പ്രത്യേകതയും ഉണ്ട്.

7. ബ്രഹ്മാസ്ത്രം

ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്‍റെ പേരിൽ തന്നെ സൂചിപ്പിക്കുന്ന അസ്ത്രമാണ് ബ്രഹ്മാസ്ത്രം. അനിയന്ത്രിതമായ ശക്തിയുള്ള അസ്ത്രമാണ് ഇത്. ഈ അസ്ത്രം കയ്യിലുള്ളവർക്ക് ലോകം മുഴുവൻ ഒറ്റ നിമിഷം കൊണ്ട് നശിപ്പിക്കാൻ സാധിക്കും. ബ്രഹ്മാസ്ത്രം കൈക്കലാക്കാനാണ് ചിത്രത്തിൽ മൗനി റോയിയുടെ നേതൃത്വത്തിലുള്ള ശക്തികൾ ശ്രമിക്കുന്നത്. ബ്രഹ്മാസ്ത്രയിൽ 3 ഭാഗങ്ങളുള്ള ഒരു ചക്രത്തിന്‍റെ രൂപത്തിലാണ് ബ്രഹ്മാസ്ത്രം കാണിച്ചിരിക്കുന്നത്. ഈ മൂന്ന് ഭാഗങ്ങളും കയ്യിലുണ്ടെങ്കിൽ മാത്രമേ ബ്രഹ്മാസ്ത്രത്തെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. 

നിലവിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ നിർമ്മാണച്ചെലവുള്ള ചിത്രങ്ങളിലൊന്നാണ് ബ്രഹ്മാസ്ത്ര. 400 കോടിയാണ് ചിത്രത്തിന്‍റെ നിർമ്മാണ ചെലവായി കണക്കാക്കുന്നത്. സെപ്റ്റംബർ 9 ന് പുറത്തിറങ്ങുന്ന ഈ ചിത്രത്തിന് റെക്കോർഡ് ബുക്കിങ്ങാണ് അനുഭവപ്പെടുന്നത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രം കരസ്ഥമാക്കുന്നതെങ്കിൽ ഇന്ത്യൻ സിനിമയിലെ പല കളക്ഷൻ റെക്കോർഡുകളും ബ്രഹ്മാസ്ത്ര തകർക്കാൻ സാധ്യതയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News