Bheeshma Parvam:4 ദിവസം 8 കോടി ഷെയർ; ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ട്, ഭീഷ്‌മ ആറാടുകയാണ്

ആദ്യ നാല് ദിവസം കൊണ്ട് മോഹൻലാലിന്റെ ലൂസിഫറിനെ ഭീഷ്മപർവം മറികടന്നെന്ന് തിയറ്റർ സംഘടന ഫിയോക് വ്യക്തമാക്കുന്നു

Written by - Zee Malayalam News Desk | Last Updated : Mar 8, 2022, 12:08 PM IST
  • ബോക്‌സ് ഓഫിസിൽ ഇപ്പൊൾ ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഭീഷ്‌മ
  • ചിത്രത്തിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിന് ഫലം ഉണ്ടായെന്നാണ് ഫാൻസിൻറെ നിലപാട്
  • ആദ്യ നാല് ദിവസങ്ങൾ കൊണ്ട് എട്ട് കോടിക്ക് മുകളിൽ ഷെയർ നേടിയെന്ന് സംഘടന വ്യക്തമാക്കി
Bheeshma Parvam:4 ദിവസം 8 കോടി ഷെയർ; ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ട്, ഭീഷ്‌മ ആറാടുകയാണ്

ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അമൽ നീരദ് കോമ്പിനേഷനിൽ ഒരു ചിത്രം എത്തുമ്പോൾ സ്വാഭാവികമായി പ്രേക്ഷകർക്ക് ഉണ്ടാകുന്ന ഒരു വലിയ പ്രതീക്ഷയുണ്ട്. ആ  പ്രതീക്ഷ തെറ്റിയില്ല എന്ന് നിസ്സംശയം പറയാം. മൈക്കിളപ്പന്റെ ഭാഷയിൽ പറഞ്ഞാൽ ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിട്ടുകൊണ്ടാണ് ആർക്കും പിടിച്ചുകെട്ടാനാവാത്ത മുന്നേറ്റവുമായി ഭീഷ്‌മ മുന്നോട്ട് പോകുന്നത്. 

ബോക്‌സ് ഓഫിസിൽ ഇപ്പൊൾ ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഭീഷ്‌മ .ആദ്യ നാല് ദിവസം കൊണ്ട് മോഹൻലാലിന്റെ ലൂസിഫറിനെ ഭീഷ്മപർവം മറികടന്നെന്ന് തിയറ്റർ സംഘടന ഫിയോക് വ്യക്തമാക്കുന്നു. ആദ്യ നാല് ദിവസങ്ങൾ കൊണ്ട് എട്ട് കോടിക്ക് മുകളിൽ ഷെയർ നേടിയെന്ന് സംഘടനയുടെ പ്രസിഡന്റ് വിജയകുമാർ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിക്കു ശേഷം കേരളത്തിലെ തിയറ്ററുകളിൽ ഇത്രയധികം ആവേശം കൊണ്ടുവന്ന സിനിമ വേറെ ഇല്ലെന്നും അദ്ദേഹം പറയുന്നു.

 ഇപ്പോഴും എല്ലാ തിയറ്ററിലും ഹൗസ് ഫുൾ ആയി തുടരുകയാണ്. ആദ്യ നാല് ദിവസം കൊണ്ടുള്ള കളക്ഷനാണ് ലൂസിഫറിനെ മറികടന്നിരിക്കുന്നത്. 4 ദിവസം കൊണ്ട് 53 കോടി കലക്ഷന്‍ നേടിയതായാണ് ട്രാക്കര്‍മാരെ ഉദ്ധരിച്ചുള്ള അനൗദ്യോഗിക കണക്ക്. ആദ്യ ദിനം മൂന്ന് കോടിക്ക് മുകളിൽ ഭീഷ്മപർവം നേടിയിരുന്നു. 406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്.  

ചിത്രത്തിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പിന് ഫലം ഉണ്ടായെന്നാണ് ഫാന്സിന്റെയും നിലപാട്. റിലീസിന് തലേ ദിവസം വലിയ  ആഘോഷപരിപാടികളാണ് മമ്മൂട്ടി ഫാൻസ്‌ സംഘടിപ്പിച്ചിരുന്നത്. പാട്ടും മേളവും ഡിജെയും വെച്ച് ഭീഷ്‌മയെ വരവേറ്റത് ഇപ്പോൾ ഫലം കണ്ടിരിക്കുന്നു. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിൽ തന്നെ വലിയൊരു ബോക്‌സ് ഓഫീസ് റെക്കോർഡ് സൃഷ്ടിക്കാൻ ഭീഷ്‌മയ്‌ക്ക് സാധിക്കും എന്നാണ് വിലയിരുത്തൽ. വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം സിബിഐ 5 - ദി ബ്രെയിൻ  ഉൾപ്പെടെ വലിയ പ്രതീക്ഷയോടെയാണ് ആരാധകരും നോക്കികാണുന്നത്. 

സിനിമയുടെ ഓസ്ട്രേലിയ–ന്യൂസീലൻഡ് രാജ്യങ്ങളിലെ റിലീസിന്റെ അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റുപോയിരുന്നു. ഇതുവരെ ഇല്ലാത്ത തുകയ്ക്കാണ് സിനിമയുടെ ഓവർസീസ് അവകാശം വിട്ടുപോയെന്നാണ് കണക്കുകൾ. 100% സിറ്റിങ് ചിത്രത്തെ പൂർണമായും ഗുണം ചെയ്‌തിട്ടുണ്ട്‌ എന്നാണ് കണക്കുകൾ കൊണ്ട് സൂചിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News