കോവിഡിനെ തുടർന്നുള്ള വിലക്കുകൾ എല്ലാം നീങ്ങി സിനിമ മേഖല വീണ്ടും സജീവമായ ഒരു വർഷമായിരുന്നു 2022. നിരവധി നല്ല സിനിമകൾ ഈ വർഷം പ്രേക്ഷകർക്ക് ലഭിച്ചു. തെന്നിന്ത്യൻ,സിനിമകളുടെ ഒരു ഗംഭീര ഉയർച്ചയ്ക്ക് ഈ വർഷം സാക്ഷ്യം വഹിച്ചു. എന്നാൽ ബോളിവുഡിന് 2022 അത്ര നല്ല കാലം ആയിരുന്നില്ല എന്ന് തന്നെ പറയാം. റിലീസ് ചെയ്ത റീമേക്ക് ചിത്രങ്ങളിൽ വിജയിച്ചത് അജയ് ദേവ്ഗണിന്റെ ദൃശ്യം 2 മാത്രമായിരുന്നു. ബ്രഹ്മാസ്ത്രയും തരക്കേടില്ലാത്ത കളക്ഷൻ നേടിയെങ്കിലും ബോളിവുഡിനെ കരകയറ്റാൻ സാധിച്ചിട്ടില്ല. തമിഴിൽ പൊന്നിയിൻ സെൽവൻ, തെലുങ്കിൽ ആർആർആർ, സീതാരാമം, കന്നഡയിൽ കാന്താര, മലയാളത്തിൽ ഭീഷ്മപർവം, തല്ലുമാല തുടങ്ങിയ ചിത്രങ്ങളെല്ലാം ഗംഭീര വിജയം നേടിയ ചിത്രങ്ങളാണ്.
2022ൽ ഏറ്റവും ജനപ്രീതി നേടിയ ഇന്ത്യൻ സിനിമകൾ ഏതൊക്കെയാണെന്ന് അറിയുമോ? ഐഎംഡിബിയുടെ റിപ്പോർട്ട് പ്രകാരം 2022ലെ 10 ജനപ്രിയ ഇന്ത്യൻ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം...
RRR - എസ്. എസ് രാജമൗലിയുടെ സംവിധാനത്തിൽ എത്തിയ ആർആർആർ ആണ് 2022ലെ ജനപ്രിയ ഇന്ത്യൻ സിനിമകളിൽ ഒന്നാമതായി നിൽക്കുന്നത്. 450 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളായ ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സീ 5ലും നെറ്റ്ഫ്ലിക്സിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്. ആഗോളതലത്തിൽ ശ്രദ്ധ നേടിയ ചിത്രമാണിത്.
ദി കശ്മീർ ഫയൽസ് - രാജ്യമൊട്ടാകെ ചർച്ചയായ ബോളിവുഡ് ചിത്രമാണ് 'ദി കശ്മീർ ഫയൽസ്'. ചിത്രത്തിന്റെ പ്രമേയം ഏറെ ചര്‍ച്ചയും വിവാദവും സൃഷ്ടിച്ചിരുന്നു. മാർച്ച് 11നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിൽ മുസ്ലിം വിരുദ്ധത അടങ്ങിയിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് വൻവിവാദമായത്. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ സീ 5ൽ ലഭ്യമാണ്.
കെജിഎഫ്; ചാപ്റ്റർ 2 - വമ്പൻ സിനിമകളുടെ റെക്കോർഡുകളെല്ലാം ഭേദിച്ച ചിത്രമാണ് യഷ് നായകനായ കെജിഎഫ് ചാപ്റ്റർ 2. ഏപ്രിൽ 14ന് റിലീസ് ചെയ്ത ചിത്രം ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ അത്ഭുതമായിരുന്നു. പ്രശാന്ത് നീൽ ആയിരുന്നു സംവിധായകൻ. 2018ൽ ഇറങ്ങിയ ഒന്നാം ഭാഗത്തിന് ശേഷം വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ. സഞ്ജയ് ദത്തും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
വിക്രം - കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമായിരുന്നു വിക്രം. തമിഴിലും മലയാളത്തിലുമടക്കം ഗംഭീര കളക്ഷൻ നേടിയ ചിത്രമാണിത്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ, നരേയ്ൻ കാളിദാസ് ജയറാം തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ച ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.
കാന്താരാ - കന്നഡയിൽ മാത്രമല്ല മറിച്ച് ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയെ മുഴുവൻ കോരിത്തരിപ്പിച്ച ചിത്രമാണ് താന്താരാ. മലയാളമടക്കം വിവിധ ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. റിഷഭ് ഷെട്ടി നായകനായും സംവിധായകനായും എഴുത്തുകാരനായും എത്തിയ ചിത്രമാണിത്. സെപ്റ്റംബർ 30നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം ഇറങ്ങിയ ശേഷം 60 വയസ്സിന് മുകളിലുള്ള ദൈവ നർത്തകർക്ക് കർണാടക സർക്കാർ പ്രതിമാസ അലവൻസ് പ്രഖ്യാപിച്ചു.
റോക്കട്രി ദി നമ്പി ഇഫക്ട് - ആർ മാധവന്‍റെ സംവിധാനത്തിൽ മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്‍ഞൻ നമ്പി നാരായണന്‍റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമാണ് റോക്കട്രി: ദി നമ്പി എഫക്ട്. മാധവൻ തന്നെയാണ് പ്രധാന കഥാപാത്രമായ നമ്പി നാരായണനെ അവതരിപ്പിച്ചത്. മാധവന് പുറമേ സിമ്രാൻ, രജിത് കപൂർ, ദിനേഷ് പ്രഭാകർ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒരേ സമയം തമിഴിലും ഹിന്ദിയിലും പുറത്തിറങ്ങിയ ഈ ചിത്രം മലയാളം, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ മൊഴിമാറ്റം ചെയ്തും പുറത്തിറങ്ങിയിട്ടുണ്ട്.
മേജർ - മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണൻറെ കഥ പറഞ്ഞ ചിത്രമാണ് മേജർ. ആദി വിശേഷാണ് ചിത്രത്തിൽ മേജർ സന്ദീപ് ഉണ്ണികൃഷ്ണനെ അവതരിപ്പിച്ചത്. മേജർ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതവും ഒപ്പം മുംബൈ ഭീകരാക്രമണത്തിലെ ഓപ്പറേഷനുകളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രം സംവിധാനം ചെയ്തത് ശശി കിരൺ ടിക്കയാണ്.
സീതാരാമം - ദുൽഖർ സൽമാൻ, മൃണാൽ താക്കൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് സീതാരാമം. തെലുങ്ക് ചിത്രമായ സീതാരം മലയാളത്തിലടക്കം വിവിധ ഭാഷകളിൽ വൻ വിജയമായിരുന്നു. ചിത്രം ഒടിടിയിലും സ്ട്രീം ചെയ്യുന്നുണ്ട്. ലോകത്താകമാനം 82 കോടിയിൽ അധികമാണ് ചിത്രം നേടിയത്. ഹനു രാഘവപ്പുഡി ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.
പൊന്നിയിൻ സെൽവൻ 1 - മണിരത്നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയൻ സെൽവൻ. ഒന്നാം ഭാഗം വൻ വിജയമായതോടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. കാർത്തി, വിക്രം, ജയം രവി, ഐശ്വര്യ റായ്, തൃഷ എന്നിവരടക്കം വലിയ താരനിര അണിനിരന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. സെപ്റ്റംബർ 30നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രം ഒടിടിയിലും സ്ച്രീം ചെയ്യുന്നുണ്ട്.
777 ചാർളി - രക്ഷിത് ഷെട്ടി ചിത്രം 777 ചാർളി 2022ൽ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രങ്ങളിലൊന്നാണ്. മലയാളിയായ കിരൺരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചാർളി എന്ന നായ ധർമയുടെ ജീവതത്തിലേക്ക് എത്തിചേരുന്നതും അതിലൂടെ ധർമ്മയുടെ ജീവതത്തിൽ ഉണ്ടാകുന്ന മാറ്റവുമൊക്കെയാണ് ചിത്രത്തിൻറെ പ്രമേയം. ജൂൺ 10 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളിൽ ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...