An Action Hero: റീൽ ലൈഫിലും റിയൽ ലൈഫിലും ആക്ഷൻ ഹീറോ | Review

സെലിബ്രിറ്റികളുടെ ഭാഗത്ത് നിന്നും അറിയാതെയാണെങ്കിലും ഒരു തെറ്റ് സംഭവിച്ചാലോ ? അയാളെ വളർത്തിയ മാധ്യമങ്ങളും ജനങ്ങളും ഒറ്റ നിമിഷം കൊണ്ട് അയാൾക്കെതിരെ തിരിയും. 

Written by - Ajay Sudha Biju | Edited by - M.Arun | Last Updated : Jan 29, 2023, 11:37 AM IST
  • സെലിബ്രിറ്റികളുടെ ഭാഗത്ത് നിന്നും അറിയാതെയാണെങ്കിലും ഒരു തെറ്റ് സംഭവിച്ചാലോ
  • മാധ്യമങ്ങളും ജനങ്ങളും ഒറ്റ നിമിഷം കൊണ്ട് അയാൾക്കെതിരെ തിരിയും
  • ഒരു ചലച്ചിത്രതാരത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ആൻ ആക്ഷൻ ഹീറോ
An Action Hero: റീൽ ലൈഫിലും റിയൽ ലൈഫിലും ആക്ഷൻ ഹീറോ | Review

ഒരു ശരാശരി സെലിബ്രിറ്റിക്ക് വ്യക്തി ജീവിതം എന്നത് പലപ്പോഴും സാധ്യമാകാറില്ല. എവിടെ തിരിഞ്ഞാലും പിൻതുടരുന്ന ക്യാമറാക്കണ്ണുകളും ആരാധകരും അവരെ ശ്വാസം മുട്ടിച്ചുകൊണ്ടേ ഇരിക്കും. അവരെ പ്രശംസിക്കുന്നവരേക്കാൾ കൂടുതൽ പേർ ഒരു തെറ്റ് കണ്ടാൽ വിമർശിക്കാൻ ഉണ്ടാകും. സമൂഹത്തിൽ തന്‍റെ വ്യക്തിത്വത്തിന് കോട്ടം സംഭവിക്കാതിരിക്കാൻ ഒരു ശരാശരി സെലിബ്രിറ്റി ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി ഉണ്ട്. 

അപ്പോൾ സെലിബ്രിറ്റികളുടെ ഭാഗത്ത് നിന്നും അറിയാതെയാണെങ്കിലും ഒരു തെറ്റ് സംഭവിച്ചാലോ ? അയാളെ വളർത്തിയ മാധ്യമങ്ങളും ജനങ്ങളും ഒറ്റ നിമിഷം കൊണ്ട് അയാൾക്കെതിരെ തിരിയും.  അത്തരത്തിൽ ഒറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെടേണ്ടി വന്ന ഒരു ചലച്ചിത്രതാരത്തിന്‍റെ കഥ പറയുന്ന ചിത്രമാണ് ആൻ ആക്ഷൻ ഹീറോ. ആയുഷ്മാൻ ഖുറാന, ജയ്ദീപ് അഹ്ലാവത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്  അനിരുധ് അയ്യരാണ്. 

ALSO READ : Chaaver Movie : ടിനു പാപ്പച്ചന്റെ ചാവേർ എത്തുന്നു; താരങ്ങളായി ചാക്കോച്ചനും പെപ്പെയും; മോഷൻ ടീസർ

മാനവ് ഖുറാന എന്ന ചലച്ചിത്ര താരമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. അയാൾ ഷൂട്ടിങ്ങിന് വന്ന സ്ഥലത്ത് വച്ച് തീർത്തും അപ്രതീക്ഷിതമായി ഒരു കുഴപ്പത്തിൽ ചെന്ന് ചാടുന്നു. ഇതിനെത്തുടർന്ന് അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ മാനവ് നടത്തുന്ന പോരാട്ടങ്ങളുമാണ് ആൻ ആക്ഷൻ ഹീറോയുടെ പ്രമേയം. ആയുഷ്മാൻ ഖുറാനയാണ് മാനവ് ഖുറാന എന്ന ചലച്ചിത്ര താരത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പക്കാ ബോളിവുഡ് ചിത്രത്തിന് വേണ്ട എല്ലാ ചേരുവകകളും ഉൾപ്പെടുത്തി നിർമ്മിച്ച സിനിമയാണ് ആൻ ആക്ഷൻ ഹീറോ. 

അപ്രതീക്ഷിതമായ കഥാഗതികളിലൂടെ മുന്നോട്ട് നീങ്ങുന്ന ചിത്രം വളരെയധികം എൻഗേജിങ്ങ് ആയ ഒരു തിരക്കഥയുടെ സഹായത്തോടെ സംവിധായകൻ സ്ക്രീനിലെത്തിച്ചിട്ടുണ്ട്.  ബോയ്ക്കോട്ട് ബോളിവുഡ് ഹാഷ്ടാഗ് ഉൾപ്പെടെ റിയൽ ലൈഫിലുള്ള പല സംഭവങ്ങളെയും കഥാപാത്രങ്ങളെയും ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിച്ചിരിക്കുന്നത് സിനിമയിൽ ഏറ്റവും ആകർഷിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്.    

റീൽ ലൈഫിൽ ആക്ഷൻ ഹീറോയായ മാനവ് ഖുറാന ഒറ്റ ദിവസം കൊണ്ട് റിയൽ ലൈഫിലും ആക്ഷൻ ഹീറോയായി മാറുന്നത് വിശ്വസനീയമായ രീതിയില്‍ത്തന്നെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ ജയ്ദീപ് അഹ്ലാവത്ത് അവതരിപ്പിച്ച ഭൂരാ സോലങ്കി എന്ന കഥാപാത്രവും എടുത്ത് പറയേണ്ടതാണ്. ഭോജ്പുരി സ്ലാങ്ങിൽ ഹിന്ദി സംസാരിക്കുന്ന ഈ കഥാപാത്രം പല സ്ഥലങ്ങളിലും നായകനേക്കാൾ മുകളിൽ സ്കോർ ചെയ്യുന്നുണ്ട്.

ALSO READ : Jawan Movie: പഠാൻ വൻ വിജയം; പഠാനെ തകർക്കുമോ 'ജവാൻ'! ഷാരൂഖ് - ആറ്റ്ലി ചിത്രത്തിന്റെ അപ്ഡേറ്റ്

അപ്രതീക്ഷിതമായി ഓരോന്ന് ചെയ്ത് കൂട്ടുന്ന ഈ കഥാപാത്രത്തിന്‍റെ ചെയ്തികൾക്ക് ചിത്രത്തിൽ വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്. ആക്ഷനും കോമഡിക്കും ഒരേപോലെ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. ആൻ ആക്ഷൻ ഹീറോയിൽ ഉപയോഗിച്ചിരിക്കുന്ന പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തില്‍ ഏറ്റവുമധിം ആകർഷിക്കുന്ന ഘടകങ്ങളാണ്. 

റാപ്പ് മ്യൂസിക്കിന്‍റെ ശൈലിയിലുള്ള ചിത്രത്തിലെ ഗാനങ്ങൾ സിനിമയുടെ ചടുലമായ കഥാഗതിക്ക് നൽകുന്ന ഊർജം ചെറുതല്ല. മലയാളി താരം നീരജ് മാധവ് ചെറുതാണെങ്കിലും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചുരുക്കത്തിൽ എല്ലാ തരം പ്രേക്ഷകർക്കും ആസ്വദിക്കാനാകുന്ന മികച്ചൊരു ആക്ഷൻ കോമഡി ചിത്രമാണ് ആൻ ആക്ഷൻ ഹീറോ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News