ഷെയ്നിനെ വിലക്കാനുള്ള അധികാരം ആര്‍ക്കുമില്ല -AMMA

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് താര സംഘടനയായ AMMA. 

Last Updated : Nov 30, 2019, 01:07 PM IST
ഷെയ്നിനെ വിലക്കാനുള്ള അധികാരം ആര്‍ക്കുമില്ല -AMMA

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് താര സംഘടനയായ AMMA. 

ഷെയ്നിനെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അതൊന്നിനും പരിഹാരമല്ലെന്നും AMMAയുടെ സെക്രട്ടറി ഇടവേള ബാബു മാധ്യമങ്ങളോട് പറഞ്ഞു. 

ഷെയ്നിന് ഏര്‍പ്പെടുത്തിയ വിലക്ക് നിര്‍മ്മാതാക്കളുടെ വികാരമായി മാത്രമേ കാണാനാകൂവെന്നും ഷെയ്നുമായി സംസാരിച്ച ശേഷം ചര്‍ച്ചയ്ക്ക് വേദിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വിലക്ക് കാലഹരണപ്പെട്ട വാക്കാണെന്നും ഷെയിന്‍ നിഗത്തിന്റെ കത്ത് ലഭിച്ചതിനാല്‍ വിഷയം ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഇടവേള ബാബു പറഞ്ഞു.

അതേസമയം, പരാതി AMMAയ്ക്ക് നല്‍കിയിട്ടുണ്ടെന്നും സംഘടന കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും ഷെയ്നിന്‍റെ അമ്മ പ്രതികരിച്ചു. 

ഷെയിന്‍ നിഗത്തിന്‍റെ അമ്മ, AMMA ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്ത് കൈമാറിയത്. പരാതി എന്നതിന് അപ്പുറം സംഭവത്തെ കുറിച്ചുള്ള വിശദീകരണമാണ് 8 പേജിലുള്ള കത്തിലുള്ളത്. 

ഷെയിൻ ചെയ്ത തെറ്റുകൾ ന്യായീകരിക്കില്ലെന്നും ഗണേശ്കുമാറിന്‍റെ അഭിപ്രായം വ്യക്തിപരമാണ് എന്നും ഇടവേള ബാബു പറഞ്ഞു. 

തുടര്‍ന്നുള്ള ചർച്ചകളിൽ മറ്റു സിനിമാ സംഘടനകളെയും ഉൾപ്പെടുത്തുമെന്നും ഇടവേള ബാബു അറിയിച്ചു. ഷെയ്ന്‍ നിഗത്തെ വിലക്കിയതിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കി സിനിമാ മന്ത്രി എകെ ബാലനും രംഗത്തെത്തിയിരുന്നു. 

ഗുരുതര ആരോപണങ്ങളാണ് ഷെയ്ന്‍ നിഗത്തിനെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത് പറഞ്ഞ മന്ത്രി ഒരാളെ ജോലിയില്‍ നിന്നും വിലക്കുന്നതിനോട് യോജിക്കുന്നില്ലെന്നും വ്യക്തമാക്കി. 

മലയാള ചലച്ചിത്ര മേഖലയില്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി അറിയിച്ചു, ഒരു മേശക്ക് ചുറ്റുമിരുന്ന് തീര്‍ക്കേണ്ട പ്രശ്നത്തെ സിനിമാ മേഖലയെ മോശമാക്കുന്ന രീതിയിലേക്കെത്തിച്ചുവെന്നും മന്ത്രി കുറ്റപ്പെടുത്തി. 

ഷെയ്നിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ പരാതിയും തെളിവുകളും നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നിർമാതാക്കളുടെയും നടന്റെ‌യും ഭാഗം കേട്ട ശേഷം തീരുമാനമെടുക്കണം. ഇതിന് ഇരുസംഘടനകളും തയാറാകണമെന്നും മന്ത്രി പറഞ്ഞു. 

സിനിമാ മേഖലയില്‍ കൃത്യമായ പെരുമാറ്റചട്ടം വേണമെന്നും അതിനായി നിയമനിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സിനിമാസെറ്റിലെ ലഹരി ഉപയോഗം ഗൗരവകരമായി പരിശോധിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. 

അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര നിർമാണ, പ്രദർശന രംഗത്ത് സമഗ്രമായ നിയമം കൊണ്ടുവരും. 

ഇതോടെ സിനിമാ റജിസ്ട്രേഷൻ, പബ്ലിസിറ്റി, ടൈറ്റിൽ, വിതരണം തുടങ്ങിയവ സർക്കാർ സംവിധാനത്തിനു കീഴിലാകും. പ്രശ്നങ്ങളും പരാതികളും പരിശോധിക്കാൻ റഗുലേറ്ററി കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

സെറ്റില്‍ ഇത്തരമൊരു പ്രവണതയുണ്ടെന്ന് എന്തുകൊണ്ട് നേരത്തെ  അറിയിച്ചില്ലെന്ന് ചോദിച്ച മന്ത്രി സിനിമാമേഖല എത്രമാത്രം അധഃപതിച്ചുവെന്നതിന്റെ സൂചനയാണിതെന്നും ചൂണ്ടിക്കാട്ടി. 

കഞ്ചാവിന്‍റെയും മയക്കുമരുന്നിന്‍റെയും മേഖലയാണ് സിനിമാമേഖലയെന്ന് നിര്‍മാതാക്കളുടെ ഒരു വക്താവ് പറഞ്ഞ സാഹചര്യത്തില്‍ എല്ലാ യൂണിറ്റുകളിലും പോലീസ് പരിശോധന ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

Trending News