കാർത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിരുമൻ. മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കേരളത്തിലെ പ്രമോഷനിടെ കാർത്തി മോഹൻലാലിനെയും സ്ഫടികം എന്ന ചിത്രത്തെയും കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വിരുമൻ എന്ന ചിത്രത്തിൽ താൻ റെയ്ബാൻ ഗ്ലാസ് വെയ്ക്കുന്നുണ്ടെന്നും സ്ഫടികത്തിൽ മോഹൻലാൽ ചെയ്തതാണ് അതിന് തനിക്ക് പ്രചോദനമായതെന്നുമാണ് കാർത്തി പറഞ്ഞത്. സ്ഫടികത്തിലെ ആടുതോമ എന്ന കഥാപാത്രവും, തിലകൻ - മോഹൻലാൽ കോമ്പിനേഷനും വളരെ ഇഷ്ടമാണെന്നും താരം പറഞ്ഞു. സ്ഫടികം റീമേയ്ക്ക് ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നും കാർത്തി കൂട്ടിച്ചേർത്തു.
സംവിധായകൻ മുത്തയ്യ തന്നെയാണ് വിരുമൻ എന്ന ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിട്ടുള്ളത്. 2 ഡി എന്റര്ടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യയും ജ്യോതികയും ആണ് ചിത്രം നിര്‍മിക്കുന്നത്. രാജശേഖര്‍ കര്‍പ്പൂരയാണ് സഹനിർമ്മാതാവ്. പ്രകാശ് രാജ്, സൂരി എന്നിവരടക്കമുള്ള താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. കാർത്തിയുടെ അച്ഛനായാണ് പ്രകാശ് രാജ് വേഷമിടുന്നതെന്നാണ് സൂചന. ഓഗസ്റ്റ് 12ന് വിരുമൻ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് എസ് കെ സെല്‍വകുമാറാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Also Read: "അമ്മ അമ്പത് വയസുള്ളപ്പോഴും ആ കടം വീട്ടാനായി ഓടി നടന്ന് അഭിനയിക്കുകയായിരുന്നു" : സിദ്ധാർഥ് ഭരതൻ
അതിഥി ഷങ്കറാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സംവിധായകൻ ഷങ്കറിന്റെ ഇളയ മകളാണ് അതിഥി ഷങ്കര്‍. 'കൊമ്പൻ' എന്ന വൻ ഹിറ്റിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'വിരുമൻ'. ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പിഎസ് മിത്രൻ സംവിധാനം ചെയ്യുന്ന സർദാർ എന്ന ചിത്രമാണ് റിലീസിന് തയാറായിരിക്കുന്ന അടുത്ത കാർത്തി ചിത്രം. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ് 'സര്‍ദാറി'ന്റെ തിയറ്റര്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...