തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 33,115 അങ്കണവാടികളില്‍ 24,360 അങ്കണവാടികള്‍ സ്വന്തം കെട്ടിടത്തിലും 6498 അങ്കണവാടികള്‍ വാടക കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷത്തോടെ തന്നെ എല്ലാ അങ്കണവാടികളും വൈദ്യുതിവത്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൂജപ്പുരയില്‍ സംസ്ഥാനത്തെ ആദ്യത്തെ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതു വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങളാണ് നടത്തിയത്. അക്കാഡമിക് സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചു. ഒന്നാം ക്ലാസിന് മുമ്പ് കുട്ടികള്‍ എത്തുന്ന ഇടമാണ് അങ്കണവാടികള്‍. അതനുസരിച്ച് അങ്കണവാടികളുടെ അടിസ്ഥാന സൗകര്യത്തിലും കരിക്കുലത്തിലും വലിയ മാറ്റങ്ങള്‍ വരുത്തി. 155 സ്മാര്‍ട്ട് അങ്കണവാടി കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണാനുമതി നല്‍കിയിട്ടുണ്ട്. അവയുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചു വരുന്നു. സ്ഥല പരിമിതി അനുസരിച്ച് 10, 7, 5 സെന്റുകള്‍ വീതമനുസരിച്ചാണ് മോഡല്‍ അങ്കണവാടികള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. അങ്കണവാടി കരിക്കുലം ജെന്‍ഡര്‍ ഓഡിറ്റിംഗ് നടത്തി പരിഷ്ക്കരിച്ച് ലിംഗ സമത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
കുഞ്ഞുങ്ങളുടെ ഭാവിയുടെ സമഗ്ര വികാസം ഉറപ്പാക്കിയാണ് സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള, സ്റ്റോര്‍ റൂം, ഇന്‍ഡോര്‍ ഔട്ട്ഡോര്‍ പ്ലേ ഏരിയ, ഹാള്‍, പൂന്തോട്ടം തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ടാകും. 6 മാസത്തിനുള്ളില്‍ സമയ ബന്ധിതമായി ഈ സ്മാര്‍ട്ട് അങ്കണവാടികള്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികള്‍ക്ക് മെച്ചപ്പെട്ട പഠനാനുഭവം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന് കുട്ടി പറഞ്ഞു. 10 ലക്ഷം വിദ്യാര്‍ത്ഥികള്‍ പൊതു വിദ്യാഭ്യാസ രംഗത്ത് എത്തിയത് വലിയ കാര്യമാണ്. കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വികാസത്തിന് സ്മാര്‍ട്ട് അങ്കണവാടികള്‍ സഹായിക്കും. ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും സ്മാര്‍ട്ട് അങ്കണവാടികള്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗം എസ് സലീം, വനിത ശിശുവികസന വകുപ്പ് ഡോറക്ടര്‍ ജി പ്രിയങ്ക എന്നിവര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...