തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ (Muallaperiyar Dam) ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് വീണ്ടും ചർച്ചകളും വിമർശനങ്ങളും സജീവമാകുമ്പോൾ വിഷയത്തെ കുറിച്ചുള്ള 2006ലെ തന്റെ നിലപാട് കുറിച്ചുകൊണ്ടുള്ള കുറിപ്പുമായി വിഎസ് അച്യുതാനന്ദൻ (VS Achuthanandan). മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് 2006 ഫെബ്രുവരിയിൽ പ്രതിപക്ഷ നേതാവായിരിക്കെ നൽകിയ പത്രക്കുറിപ്പും, അതേ വർഷം സെപ്തംബറിൽ മുഖ്യമന്ത്രിയായിരിക്കെ ദേശാഭിമാനിയിൽ എഴുതിയ ലേഖനവുമാണ് അച്യുതാനന്ദൻ ഫേസ്ബുക്കിലൂടെ (Facebook) പങ്കുവച്ചിരിക്കുന്നത്.
മുല്ലപ്പെരിയാറിൽ കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെയുള്ള സുപ്രിംകോടതി വിധി ഏകപക്ഷീയവും ആത്മഹഹത്യാപരവുമാണെന്നായിരുന്നു വിഎസ് പത്രക്കുറിപ്പിലും ലേഖനത്തിലും വ്യക്തമാക്കിയത്. 'മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം തളളിക്കൊണ്ട് അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണം എന്നും തുടര്‍ന്ന് 152 അടയില്‍ എത്തിക്കുന്നതിനുവേണ്ട നടപടികള്‍ എടുക്കണമെന്നും പ്രഖ്യാപിച്ച സുപ്രീംകോടതിയുടെ ഉത്തരവ് ഏകപക്ഷീയവും ആത്മഹത്യാപരവുമാണ്'- എന്നാണ് അന്ന് അദ്ദേഹം കുറിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തേണ്ടത് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു. അതിന്റെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു വിഎസിന്റെ വാർത്താക്കുറിപ്പ്. ഏകദേശം 110 കൊല്ലം മുമ്പ് കുമ്മായവും സുര്‍ക്കിയും കല്ലും ഉപയോഗിച്ച് പടുത്തുയര്‍ത്തിയ ഈ മേജര്‍ അണക്കെട്ടിന്റെ സുരക്ഷിത ആയുസ്സ് തീര്‍ന്നിട്ട് തന്നെ നാല് പതിറ്റാണ്ടിലേറെയായി. തമിഴ്‌നാട് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയെന്ന് അവകാശപ്പെടുന്ന ബലപ്പെടുത്തല്‍ സംവിധാനങ്ങള്‍ താല്‍ക്കാലികമായേ പ്രയോജനം ചെയ്തിട്ടുളളു. ഭൂമികുലുക്കം ഉള്‍പ്പെടെയുളള അത്യാഹിതങ്ങളാല്‍ അണക്കെട്ട് തകര്‍ന്ന് വീഴാനുളള സാധ്യത വളരെ കൂടുതലാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ അതിന്റെ പ്രഹരം താങ്ങാന്‍ കഴിയാതെ കീഴ് നദീതട പ്രാന്തത്തില്‍ നിലനില്‍ക്കുന്ന മൂന്ന് കൂറ്റന്‍ അണക്കെട്ടുകളായ ഇടുക്കി, ചെറുതോണി, കുളമാവ് എന്നിവ അപകടത്തിലാകും. അത്യന്തം ഭയാനകമായിരിക്കും ഇതിന്റെയൊക്കെ പരിസമാപ്തി. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തുക്കളും എല്ലാം തന്നെ ഭീഷണി നേരിടും. ഇതിനു പുറമെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ വന്യജീവികളുടെ സുരക്ഷിതത്വവും അപകടത്തിലാകുമെന്നും വിഎസ് അന്ന് വ്യക്തമാക്കിയിരുന്നു.
Also Read: Mullaperiyar Decommissioning| എന്താണ് ഡാമുകളുടെ ഡീ കമ്മീഷനിങ്ങ്? മുല്ലപ്പെരിയാറിൽ ഇതെന്തിനാണ്?
അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് സുപ്രീംകോടതിയുടെ വിമർശനം. ജലനിരപ്പ് താഴ്ത്തേണ്ടതുണ്ടോ എന്ന് കോടതി ചോദിച്ചു. ജലനിരപ്പ് 139 അടിയാക്കി നിലനിർത്തണം എന്നാണ് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ജയദീപ് ഗുപ്ത ഇന്ന് കോടതിയിൽ അറിയിച്ചത്. 2019-ലെ പോലെ ജലനിരപ്പ് നിലർത്താൻ ഉത്തരവുണ്ടാകണമെന്നും സർക്കാർ കോടതിയോട് അപേക്ഷിച്ചു. എന്നാൽ ജലനിരപ്പ് 139 അടിയാക്കാനുള്ള അടിയന്തിര സാഹചര്യം ഇല്ലെന്ന് തമിഴ്നാട് സുപ്രീംകോടതിയെ അറിയിച്ചു.
മുല്ലപ്പെരിയാർ (Mullaperiyar) മേൽനോട്ട സമിതിയോട് കോടതി (Supreme Court) നിലവിലെ സ്ഥിതിഗതികളുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് മനസ്സിലാക്കിയ ശേഷമായിരിക്കും കോടതി വിഷയത്തിൽ തീരുമാനമെടുക്കുക. കേസ് മറ്റനാൾ വീണ്ടും പരിഗണിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...