വിഴിഞ്ഞം സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും റോഡിലെ തടസങ്ങൾ ഉടൻ നീക്കണമെന്നും ഹൈക്കോടതി. കൂടാതെ കർശന നടപടികളിലേക്ക് കടക്കാൻ നിർബന്ധിതമാക്കരുതെന്നും ഹൈക്കോടതി സമരക്കാരോട് പറഞ്ഞു. അദാനി നൽകിയ കോടതിയലക്ഷ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചിരുന്നു. ഇതിനിടയിലാണ് കോടതി റോഡിലെ തടസങ്ങൾ ഉടൻ നീക്കണമെന്ന് നിർദ്ദേശം നൽകിയത്. സമരം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചത്
ഇതിനെ തുടർന്നാണ് റോഡിലെ തടസങ്ങൾ നീക്കണമെന്നും ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചത്. നീയമത്തിന് ഭീഷണിയായി മാറരുതെന്നും കോടതി സമരക്കാരോട് പറഞ്ഞു. കോടതിയുടെ ഇടക്കാല ഉത്തരവുകൾ നടപ്പിലാക്കണമെന്നും കോടതി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണത്തിൽ തടസം നേരിടുന്നനതിനെ തുടർന്ന് സർക്കാരിനെ ആശങ്ക അറിയിച്ച് അദാനി ഗ്രൂപ്പ് മുമ്പ് സർക്കാരിനും കത്ത് നൽകിയിരുന്നു.
ALSO READ: വിഴിഞ്ഞത്ത് മാധ്യമസംഘത്തിന് നേരെ വ്യാപക കയ്യേറ്റം; ക്യാമറ തല്ലിത്തകർത്തു,കല്ലേറ്
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിട്ട് 53 ദിവസമായെന്നും നൂറുകോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് സർക്കാറിന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. ഇങ്ങനെ സമരം തുടരുന്ന സാഹചര്യത്തല്‍ അടുത്ത വർഷവും നിർമ്മാണം പൂർത്തിയാകില്ലെന്ന് ആശങ്ക ഉണ്ടെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
2019 ൽ തുറമുഖം കമ്മീഷൻ ചെയ്യാനായിരുന്നു അദാനി ഗ്രൂപ്പിന് നൽകിയിട്ടുള്ള കരാറിൽ പറഞ്ഞിട്ടുള്ളത്. എന്നാൽ മോശം കാലാവസ്ഥയും പാറയുടെ ലഭ്യതക്കുറവും തുറമുഖ നിർമ്മാണം പൂർത്തിയാക്കുന്നതിൽ കാലതാമസം നേരിടെണ്ടി വന്നു. ഈ പ്രതിസന്ധിക്കിടയിലാണ് തുറമുഖ കവാടത്തിൽ ലത്തീൻ സഭ മത്സ്യതൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് സമരം ആരംഭിച്ചത്.
അതേസമയം വിഴിഞ്ഞം തുറമുഖ സമരം ഒക്ടോബർ 27 ന് നൂറാം ദിനത്തിലേക്ക് കടന്നു. സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് നൂറാം ദിനത്തിൽ സമര സമിതി അറിയിച്ചിരുന്നു. ഏഴു ആവശ്യങ്ങളാണ് സമര സമിതി മുന്നോട്ട് വച്ചത്. എന്നാൽ ഇതിൽ ഒന്ന് പോലും സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നാണ് സമര നേതാക്കൾ പറയുന്നത്. ലത്തീൻ അതിരൂപത പ്രതിനിധികളും, സമരസമിതി നേതാക്കളും നാല് തവണ മന്ത്രിസഭാ ഉപസമിതിയുമായും ഒരു വട്ടം മുഖ്യമന്ത്രിയുമായും ചർച്ച ചെയ്തിട്ടും ഫലമൊന്നും ഉണ്ടായില്ല.
മുതലപ്പൊഴിയിൽ നിന്ന് കടൽ വഴി പോർട്ടിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നൽകാനാണ് സമരസമിതിയുടെ നീക്കം. പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ഫെറാനകളുടെ നേതൃത്തിലാണ് കടൽ വഴിയുള്ള സമരം നടത്തുന്നത്. അതിനിടെ വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമം പ്രവർത്തകർക്ക് നേരെ വ്യാപക കയ്യേറ്റശ്രമം ഉണ്ടായി.
മീഡിയവൺ ക്യാമറ തല്ലിത്തകർത്തു. 24 ചാനലിൻ്റെ തിരുവനന്തപുരം ബ്യൂറോയിലെ ഡ്രൈവർ രാഹുലിനെ നേരെ കല്ലെറിഞ്ഞു. കൈരളി ന്യൂസിന്റെയും റിപ്പബ്ലിക് ചാനലിന്റെയും റിപ്പോർട്ടർമാരെ സമരസമിതി പ്രവർത്തകർ ഭീഷണിപ്പെടുത്തി. ഏറെനേരം നീണ്ടു നിന്ന സംഘർഷത്തിന് കൂടുതൽ പോലീസ് എത്തിയതോടെയാണ് അയവുവന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...