ഫ്രാൻസിൽ സംസാര വിഷയമായ കേരളത്തിലെ കടുവ; ജോർജിൻറെ കഥ അറിയുമോ?

ഓടി ഇരയെ പിടിക്കാൻ കഴിയാതെ വന്നതോടെയാണ് ഉള്‍ക്കാടുകളിൽ നിന്നും ഇര തേടി നാട്ടിലെക്ക് ജോർജ് ഇറങ്ങുന്നത്. പിന്നീട് വീടുകളിൽ കെട്ടിയിടുന്ന മൃഗങ്ങളെ ഭക്ഷണമാക്കാൻ തുടങ്ങി

Written by - രജീഷ് നരിക്കുനി | Edited by - M Arun | Last Updated : Jul 30, 2022, 01:54 PM IST
  • കാലക്രമേണ പ്രായം വർദ്ധിച്ചതും അസുഖം ബാധിച്ചതും തിരിച്ചടിയായി.
  • ഇരയെ പിടിക്കാൻ കഴിയാതെ വന്നതോടെയാണ് ഉള്‍ക്കാടുകളിൽ നിന്നും ഇര തേടി നാട്ടിലെക്ക് ജോർജ് ഇറങ്ങുന്നത്.
  • മൃഗശാലയിലെ ഡോക്ടർ ജേക്കബ് അലക്ശാണ്ടറിന്റെ നേതൃത്വത്തിൽ കൃത്യമായ പരിചരണം
ഫ്രാൻസിൽ സംസാര വിഷയമായ കേരളത്തിലെ കടുവ;  ജോർജിൻറെ കഥ അറിയുമോ?

തിരുവനന്തപുരം:  വയനാടൻ കാടുകളിലും കബനിയുടെ തീരങ്ങളിലും ആർത്തു നടന്നിരുന്ന ഒരു സാധാരണ കടുവ. ഉൾക്കാടുകളിൽ വേട്ടയാടി സുഖ ജീവിതവും ഭക്ഷണവും. മൃഗശാലയിൽ എത്തുന്നതിന് മുമ്പ് ജോർജ് എന്ന കടുവ അത്തരത്തിലായിരുന്നു. എന്നാൽ കാലക്രമേണ പ്രായം വർദ്ധിച്ചതും അസുഖം ബാധിച്ചതും തിരിച്ചടിയായി.

ഓടി ഇരയെ പിടിക്കാൻ കഴിയാതെ വന്നതോടെയാണ് ഉള്‍ക്കാടുകളിൽ നിന്നും ഇര തേടി നാട്ടിലേക്ക് ജോർജ് ഇറങ്ങുന്നത്. പിന്നീട് വീടുകളിൽ കെട്ടിയിടുന്ന മൃഗങ്ങളെ ഭക്ഷണമാക്കാൻ തുടങ്ങി. പൊറുതി മുട്ടിയ ജനങ്ങള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൂടുവെച്ച് അവനെ പിടികൂടി.  പിന്നീട് സംസരക്ഷണത്തിനായി തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചു.

Tiger24

എത്തുമ്പോൾ തീരെ അവശ നിലയിലായിരുന്ന ജോർജ്.  മൂക്ക് മറ്റൊരു കടുവ കടിച്ചെടുത്ത നിലയിൽ, ഒപ്പം ശരീരം മുഴുവൻ മുറിവുകളും. മുറിവുകൾ തുന്നിച്ചേർക്കുന്നതിനായി അനസ്തേഷ്യ പോലും നൽകാൻ പറ്റാത്ത അവസ്ഥയിൽ. മൃഗശാലയിലെ ഡോക്ടർ ജേക്കബ് അലക്സാണ്ടറിന്റെ നേതൃത്വത്തിൽ കൃത്യമായ പരിചരണം നൽകിയതോടെ പതുകെ പതുകെ അവൻ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി.

ജോർജ് എന്ന് പേര് ഇവന് നൽകിയതും ഡോക്ടര്‍ ആണ്. ആദ്യം ഇൻഫക്ഷനുള്ള മരുന്നാണ് നൽകിയത്. അപകടനില തരണം ചെയ്തതോടെ മുറിവകൾ തുന്നിചേർക്കുകയും ചെയ്തു.  ഇരുമ്പഴികൾക്കുള്ളിലേക്ക് മാറിയതോടെ ജോർജ് കലിയിലായി. അമർഷം കാണിക്കുന്നതിനിടെ പല തവണ തൂന്നിച്ചേർത്തവ പൊട്ടി.

എത്രകാലം ജീവിക്കും എന്ന് പോലും ചോദിച്ച ജോർജ് മൃഗശാലയില്‍ ജീവിച്ചത് ഏഴ് വര്‍ഷമാണ്. ആദ്യം ഇണങ്ങാൻ പാടുപെട്ടെങ്കിലും പിന്നീട് ആഹാരം കൊടുക്കുന്നവരുമായി ഇണങ്ങാൻ തുടങ്ങി. 2021 ഡിസംബർ 26-ന് ജോർജ് ഈ ലോകത്തോട് വിടപറഞ്ഞു. പിന്നെയാണ് കഥ തുടങ്ങുന്നത്. പലരും മരിച്ചതിന് ശേഷമാണ് ലോകപ്രശസ്തരാവുക. അക്കൂട്ടത്തിൽ ഒരാളാണ് ജോർജും.

2019-ൽ ക്ലയർ ലേ മിഷേൽ എന്ന ഫ്രഞ്ച് വനിത തിരുവനന്തപുരം മൃഗശാല സന്ദർശിക്കാൻ എത്തി. ഇതാണ്  ജോർജിൻറെ കഥയുടെ വഴിത്തിരിവ്. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്ഥമായി വന്യജീവികളെ പരിപാലിക്കുന്ന രീതി അവർക്ക് ഇഷ്ടപ്പെട്ടു. ഒപ്പം ജോർജിന്റെ  കഥയും. ഇക്കാര്യം ഫ്രാൻസിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞ് കൊടുത്തുന്നതോടെയാണ് ജോർജിന്റെ പ്രശസ്തിക്ക് തുടക്കം ആകുന്നത്. 

tiger25

ക്ലയർ ലേ മിഷേലിന്റെ ബ്ലോഗ് വായിക്കാൻ തുടങ്ങിയവര്‍ ജോർജിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചു. ഇതോടെ 38 എപ്പിസോഡുകളാണ് ജോർജിനെ കുറിച്ച് അവർ എഴുതിയത്. പിന്നീട് ഇത് ഒരു പുസ്കമായി ഇറക്കുകയും ചെയ്തു.  ഫ്രാൻസിലെ പാഠ പുസ്തകത്തിലും ജോർജിൻറെ കഥ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ജോർജിനെ കുറിച്ചുള്ള ഗെയിമും കുട്ടികള്‍ക്കിടയിൽ ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്. ഇത് കേരളത്തിലും എത്തിക്കണമെന്നാണ് അവരുടെ ആഗ്രഹം. ഇന്ന് ഫ്രാൻസിലെ വന്യജീവി സങ്കേതങ്ങളിൽ പലതിലും ജോർജിൻറെ ചിത്രമുണ്ട്. വായനാടൻ കാടുകളിൽ ജീവിച്ച് അവസാനിക്കുമായിരുന്ന ജോർജ് ഇന്ന് ലോകം അറിയപ്പെടുന്ന ഒരു കടുവയാണ്.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News