കൊച്ചി: സ്വപ്ന സുരേഷ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവുണ്ടെങ്കിൽ പുറത്തുവിടട്ടെയെന്ന് വിജേഷ് പിള്ള. കോടതിയെ സമീപിച്ചാൽ തെളിവ് നൽകാമെന്ന സ്വപ്നയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. സുരക്ഷാ പ്രശ്നം മൂലം വെബ് സീരീസ് ഷൂട്ട് ഹരിയാനയിലോ മറ്റോ നടത്താമെന്ന് സ്വപ്നയാണ് പറഞ്ഞത്. സ്വപ്ന സുരേഷിന്റെ പുസ്തകത്തിലെ കാര്യങ്ങളായിരുന്നു വെബ് സീരീസിന് ആധാരമെന്നും വിജേഷ് പിള്ള പറഞ്ഞു.
അതേസമയം, ‘കെഞ്ചിര’ എന്ന സിനിമയുടെ സംവിധായകൻ മനോജ് കാനയുടെ ആരോപണങ്ങളും വിജേഷ് പിള്ള നിഷേധിച്ചു. വളരെ കുറച്ച് ആളുകൾ മാത്രമാണ് ആ സിനിമ കാണാൻ എത്തിയതെന്നും സിനിമ കാണാൻ പ്രേക്ഷകർ വരാതിരുന്നത് തന്റെ കുഴപ്പം കൊണ്ടല്ലെന്നും വിജേഷ് പറഞ്ഞു. വിജേഷിന്റെ ഒടിടിയിൽ പ്രദർശനം സുഗമമായിരുന്നില്ല. വക്കീൽ നോട്ടീസ് അയച്ചിട്ട് മറുപടി നൽകിയില്ലെന്നുമായിരുന്നു മനോജ് കാന ആരോപിച്ചത്.
സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി നേരത്തെ വിജേഷ് പിള്ള രംഗത്തെത്തിയിരുന്നു. ബിസിനസ് ആവശ്യത്തിനായാണ് സ്വപ്ന സുരേഷുമായി കൂടിക്കാഴ്ച നടത്തിയത്. പുറത്ത് വന്നത് രണ്ട് ദിവസം മുൻപുള്ള ചർച്ചയുടെ ദൃശ്യങ്ങൾ. ഒരേ നാട്ടുകാരാണെങ്കിലും എംവി ഗോവിന്ദനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും വിജേഷ് പിള്ള.
വെബ് സീരീസുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. ഭീഷണിപ്പെടുത്തിയെന്ന വാദം തെറ്റ്. താൻ ഭീഷണിപ്പെടുത്തിയെന്ന വാദം സ്വപ്ന തെളിയിക്കട്ടെ. ഇത് സംബന്ധിച്ച തെളിവുകൾ സ്വപ്ന പുറത്ത് വിടട്ടെയെന്നും വിജേഷ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയുമായി ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ലെന്നും വിജേഷ് പിള്ള വ്യക്തമാക്കി.
സ്വർണ്ണക്കടത്ത് കേസ് സെറ്റിൽ ചെയ്യാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തതായി സ്വപ്ന സുരേഷ് ഇന്നലെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ഇതുവരെ താൻ പറഞ്ഞതൊക്കെ കള്ളമാണെന്ന് പറയണമെന്നായിരുന്നു ആവശ്യം. ഗോവിന്ദൻമാഷ് തന്നെ തീർത്ത് കളയുമെന്ന് പറഞ്ഞുവെന്ന് തന്നെ കാണാൻ വന്നയാൾ പറഞ്ഞതായും സ്വപ്ന വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...