തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന നിയമം കേരളത്തിൽ കൊണ്ടുവരുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി വി. ശിവൻകുട്ടി. നിലവിൽ 1979 ലെ അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമത്തെയാണ് ഇക്കാര്യത്തിൽ ആശ്രയിക്കുന്നത്. അതിഥി തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാകുമോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെത്തുന്ന ഏതൊരു അതിഥി തൊഴിലാളിയും രജിസ്റ്റർ ചെയ്യപ്പെടണം. ഇതിന് ആവശ്യമായ സംവിധാനം തൊഴിൽ വകുപ്പ് ഒരുക്കും. ആവാസ് ഇൻഷൂറൻസ് കാർഡ് അതിഥി തൊഴിലാളികൾക്കായി ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ALSO READ: ഹിന്ദിക്കാരിയുടെ കുട്ടിയല്ലേയെന്നാണ് പലരും ചോദിച്ചത്, ഒടുവിൽ ഞാൻ ചെയ്തു ആ കർമ്മം
നിലവിൽ അഞ്ച് ലക്ഷത്തിലധികം അതിഥി തൊഴിലാളികൾ ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ രജിസ്റ്റർ ചെയ്യാത്ത തൊഴിലാളികളെ കണ്ടെത്തി രജിസ്റ്റർ ചെയ്യിക്കാനുള്ള നടപടികൾ തൊഴിൽ വകുപ്പ് കൈക്കൊള്ളും. നിലവിലെ നിയമപ്രകാരം കോൺട്രാക്ടർ മുഖേന അഞ്ചോ അതിലധികമോ അതിഥി തൊഴിലാളികളെ ജോലി ചെയ്യിക്കാൻ മാത്രമേ ലേബർ ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യത്തിൽ മാറ്റം വരുത്തി ഓരോ തൊഴിലാളിയും രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമുണ്ടാക്കണം. സംസ്ഥാനങ്ങളിലെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാകുമോ എന്ന കാര്യം പരിശോധിക്കും. - മന്ത്രി വ്യക്തമാക്കി.
അതിഥി തൊഴിലാളികളെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ അടങ്ങിയ, തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അതിഥി ആപ്പ് അടുത്ത മാസം പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട് വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തും. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ലേബർ ക്യാമ്പുകളിലും തൊഴിൽ പരിസരങ്ങളിലും നേരിട്ട് എത്തി അതിഥി ആപ്പിൽ ഓരോ തൊഴിലാളിയെ കൊണ്ടും രജിസ്റ്റർ ചെയ്യിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...