മുക്കം: ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്ന മുത്തലാഖ് ബിൽ യഥാർത്ഥത്തിൽ സ്ത്രീയുടെ സുരക്ഷ ഇല്ലാതാക്കുകയാണ് ചെയ്തതെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
യഥാർത്ഥത്തിൽ പാർലമെന്റിൽ ഇത്തരമൊരു ബില്ല് അവതരിപ്പിക്കേണ്ട ആവശ്യമില്ല. ബില്ലിനെ ദുർവ്യാഖ്യാനം ചെയ്യാനും സാധ്യത ഏറെയാണ്. നേരത്തെ തന്നെ സുപ്രീം കോടതി മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുക്കം മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ സന്ദർശനത്തിനെത്തിയതായിരുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
തലാഖിനെ മുത്തലാഖ് എന്ന് ആരങ്കിലും പരാതിപ്പെട്ടാൽ ഭർത്താവ് ജയിലിലാവാൻ സാധ്യത ഏറെയാണ്. അതോടെ ഭാര്യ പെരുവഴിയിലുമാവും. അത് കൊണ്ടാണ് ഇതിനെ എതിർത്തത്. ലോക്സഭയിൽ വലിയ ഭൂരിപക്ഷമുള്ള ബി.ജെ.പിക്ക് അത് പാസാക്കാൻ കഴിഞ്ഞങ്കിലും രാജ്യസഭയിൽ കഴിഞ്ഞില്ലന്നും സാദിഖലി തങ്ങൾ പറഞ്ഞു.
മുത്തലാഖ് ബിൽ മുസ്ലിം സ്ത്രീകളുടെ മാത്രമല്ല സ്ത്രീ സമൂഹത്തോട് തന്നെയുള്ള വെല്ലുവിളിയായിട്ടാണ് കാണാൻ കഴിയൂ എന്നും സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേര്‍ത്തു.