ഇടുക്കി: കാഞ്ചിയാർ കോവിൽ മലയിൽ കൗതുക കാഴ്ച സമ്മാനിച്ച് രണ്ട് നിലകളുള്ള ഏറുമാടം. പികെ ബിജു എന്ന കർഷകൻ ആറ് മാസത്തോളം സമയമെടുത്താണ് ഈ ഏറുമാടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. പുരാതന രീതിയിൽ നിർമാണം പൂർത്തികരിച്ച ഏറുമാടം കാണാനായി നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.
കാഞ്ചിയാർ കോവിൽമല അംഗനവാടിക്ക് സമീപമാണ് കൗതുകമുണർത്തുന്ന ഏറുമാടം. വാകമരത്തിന് മുകളിൽ മൂന്ന് തട്ടുകളിലായി രണ്ട് നിലകളാണ് ഏറുമാടത്തിനുള്ളത്. കുടിയേറ്റ കാലത്തെ അനുസ്മരിപ്പിക്കും വിധമാണ് ഈ ഏറുമാടത്തിന്റെ നിർമാണം. കുടിയേറ്റ കാലത്ത് ആന അടക്കമുള്ള വന്യജീവികളുടെ ആക്രമണം ഉള്ളതിനാൽ കർഷകർ അന്തിയുറങ്ങാൻ ഇത്തരത്തിലുള്ള ഏറുമാടങ്ങൾ നിർമിച്ചിരുന്നു.
പുതിയ കാലത്ത് ഏറുമാടങ്ങൾ അപ്രത്യക്ഷമായി. ഒരു കൗതുകത്തിനായാണ് പികെ ബിജു സുഹൃത്തിന്റെ പുരയിടത്തിൽ നിന്നിരുന്ന മരത്തിൽ ഏറുമടം നിർമിച്ചത് . വീട് നിർമാണവുമായി ബന്ധപ്പെട്ട് സുഹൃത്ത് മരം മുറിക്കാൻ ഒരുങ്ങിയപ്പോഴാണ് ആ മരത്തിൽ ഒരു ഏറുമാടം നിർമ്മിക്കാം എന്ന ആശയം ബിജു മുന്നോട്ട് വച്ചത്. ആറ് മാസത്തോളം സമയമെടുത്ത് രണ്ട് നിലകളിലായി ബിജു ഏറുമാടത്തിന്റെ നിർമാണം പൂർത്തിയാക്കി.
നിരവധി ആളുകളാണ് ഏറുമാടം കാണാൻ ഇവിടെ എത്തുന്നത്. ശക്തമായ കാറ്റിൽ ഒരൽപം പോലും ആടി ഉലയില്ല എന്നതാണ് ഈ ഏറുമാടത്തിന്റെ സവിശേഷത. ഒരേസമയം ഇരുപതോളം ആളുകൾക്ക് ഏറുമാടത്തിൽ ഇരിക്കാം. ഒപ്പം ഇതിൻ്റെ കിളിവാതിലിൽ കൂടിയുള്ള ഏറെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളും ആസ്വദിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...