തൃശൂർ: തൃശൂരിലെ പുലിക്കളി ഇന്ന് നടക്കും. എലിസബത്ത് രാജ്ഞി അന്തരിച്ചതിനെ തുടർന്ന് ദുഃഖാചരണം പ്രഖ്യാപിച്ചുവെങ്കിലും പുലിക്കളി മാറ്റിവെയ്ക്കേണ്ടതില്ലെന്നാണ് സംഘങ്ങളുടെ തീരുമാനം. ദുഃഖാചരണമായതിനാൽ സർക്കാരിന്‍റെ ഔദ്യോഗിക പങ്കാളിത്തം ഇത്തവണ ഉണ്ടായിരിക്കില്ല. ഇന്ന് തന്നെ പുലിക്കളി നടത്തുകയാണെങ്കിൽ ഔദ്യോഗിക പങ്കാളിത്തം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ സംഘങ്ങളെ നേരിട്ട് അറിയിച്ചിരുന്നു. തീരുമാനമെടുക്കാൻ സംഘങ്ങളോട് ജില്ലാ ഭരണകൂടം നിർദേശിക്കുകയും തുടർന്ന് പുലിക്കളിയുമായി മുന്നോട്ട് പോകാൻ അവർ തീരുമാനിക്കുകയുമായിരുന്നു. കലാപരിപാടികൾക്ക് മാറ്റമുണ്ടാകില്ല. പുലിക്കളി മാറ്റിവെച്ചാൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നതിനെ തുടർന്നാണ് പുലിക്കളി നടത്താൻ തീരുമാനമായത്.
പുലിവേഷം കെട്ടുന്നതിനുള്ള ചായം അരയ്ക്കുന്ന ജോലി മിക്ക പുലിക്കളി സംഘങ്ങളും തുടങ്ങിയിരുന്നു. പുലിവേഷം കെട്ടുന്നതിന് വേണ്ടി ലഭിച്ച മുൻകൂർ തുക അടക്കം വലിയ സംഖ്യ ഇപ്പോൾ തന്നെ മുടക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ പുലിക്കളി മാറ്റിവയ്ക്കുന്നത് ഭീമമായ നഷ്ടമുണ്ടാക്കുമെന്നാണ് സംഘങ്ങളുടെ വിലയിരുത്തൽ. അഞ്ച് സംഘങ്ങളിലായി ഇരുന്നൂറ്റി അമ്പതിലധികം കലാകാരന്മാരാണ് പുലിക്കളിയിൽ പങ്കെടുക്കുന്നത്. അകമ്പടിയായി 35 വാദ്യകലാകാരന്മാർ വീതമുളള മേളവും ടാബ്ലോയും ഉണ്ടാകും.
Also Read: എലിസബത്ത് രാജ്ഞിക്ക് ആദരം; രാജ്യത്ത് ഇന്ന് ദുഃഖാചരണം, ദേശീയ പതാക താഴ്ത്തിക്കെട്ടും
കഴിഞ്ഞ രണ്ട് വർഷം കൊവിഡിൽ മുങ്ങിയ പുലിക്കളി ഇത്തവണ വിപുലമായി നടത്താനാണ് സംഘാടകർ തീരുമാനിച്ചിരുന്നത്. ഇതിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായ ഘട്ടത്തിലാണ് എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചത്. തുടർന്ന് പുലിക്കളി മാറ്റി വയ്ക്കേണ്ടി വരുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഞായറാഴ്ച ഔദ്യോഗിക പരിപാടികൾ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഇന്ന് വൈകീട്ടാണ് സ്വരാജ് റൗണ്ടിൽ പുലികൾ ഇറങ്ങുക.
അതേസമയം അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി രാജ്യത്ത് ഇന്ന് ദുഃഖാചരണം പ്രഖ്യപിച്ചിട്ടുണ്ട്. ഔദ്യോഗിക പരിപാടികൾ ഒന്നും തന്നെ ഇന്ന് ഉണ്ടായിരിക്കില്ല. ദുഃഖാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയര്‍ത്തുന്ന സ്ഥലങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും. ഇതിനുള്ള നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന പൊതുഭരണ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...