കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ ഉമ തോമസ് വിജയം ഉറപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. സെഞ്ച്വറി അടിക്കാനായി വന്ന പിണറായി വിജയൻ ക്ലീൻ ബൗൾഡ് ആയിയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജനാധിപത്യ ശൈലി പുനസ്ഥാപിക്കാൻ പിണറായി വിജയൻ തയ്യാറാകണമെന്ന് ഉമ്മൻചാണ്ടിയും പറഞ്ഞു.
ശക്തമായ ജനവിധിയാണ് തൃക്കാക്കരയിൽ കണ്ടതെന്നും യുഡിഎഫിന്റെ അതിശക്തമായ മുന്നേറ്റത്തിന് ഈ വിജയം തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിണറായി വിജയൻറെ കൗണ്ട് ഡൗൺ തുടങ്ങി കഴിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ ഇടത് ദുർഭരണത്തിനെതിരെയുള്ള പ്രതികരണമാണ് തൃക്കാക്കരയിൽ കാണാൻ കഴിഞ്ഞതെന്നും രമേഷ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി തൃക്കാക്കരയിൽ പ്രവർത്തിച്ചുവെന്നും, അതിന്റെ ഫലമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മേൽ കുതിരകയറുന്ന പിണറായിക്കുള്ള താക്കീത് കൂടിയാണിത്. സിപിഎം ജില്ലാ സെക്രട്ടറി നടത്തിയത് മുൻകൂർ ജാമ്യമെടുക്കലാണെന്നും ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തൃക്കാക്കരയിൽ യുഡിഎഫും കോൺഗ്രസും ഒറ്റക്കെട്ടായി പ്രവർത്തിച്ചുവെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻചാണ്ടി പറഞ്ഞു. സിൽവർ ലൈനും വികസനവും പറഞ്ഞാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചത്. വികസനം പറയാൻ ഒരു അർഹതയും പിണറായി വിജയനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യ ശൈലി പുനസ്ഥാപിക്കാൻ പിണറായി വിജയൻ തയ്യാറാകണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
ഇടത് ദുർഭരണത്തിനുള്ള ശക്തമായ താക്കീതാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് എംഎം ഹസ്സനും പ്രതികരിച്ചു. കെ റെയിലിനെതിരെ തൃക്കാക്കരയിലെ ജനകീയ കോടതിയിൽ നിന്നുള്ള വിധിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് എംഎം ഹസ്സൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിൽ പങ്ക് ചേരാൻ ചെന്നിത്തല , വിഡി സതീശൻ, കെ സുധാകരൻ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം അണിനിരന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...