ഗുരുവായൂർ: 'പഞ്ചരത്ന'ങ്ങളിൽ മൂന്നു പേർ ഇന്ന് കണ്ണന് മുന്നിൽ വിവാഹിതരായി. ഇന്ന് രാവിലെ 7.45 നും 8.30 നും ഇടയ്ക്കാണ് ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹം നടന്നത്. ഉത്രജയുടെ വരന് വിദേശത്തുനിന്നും എത്താൻ കഴിയാത്തതിനാൽ അത് മാറ്റിവയ്ക്കുകയായിരുന്നു.
ചടങ്ങുകൾ എല്ലാം ഏക സഹോദരൻ ഉത്രജനാണ് നടത്തിയത്. ഒറ്റ പ്രസവത്തിൽ ജനിച്ചവരാണ് ഈ അഞ്ചുപേരും. മക്കളോടൊ പ്പം അമ്മ രാമദേവിയും ഗുരുവായൂരിലെത്തിയിരുന്നു. മക്കളുടെ വിവാഹം നല്ല രീതിയിൽ നടത്താൻ കഴിഞ്ഞതിനാൽ രമാദേവി കണ്ണന് സ്വർണ്ണത്തള കാണിക്കയായി നൽകുകയും ചെയ്തു.
Also read: Financial fraud case: കുമ്മനത്തിനെതിരായ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു
കണ്ണന് എന്തുകൊടുത്താലും മതിയാകില്ലയെന്നും കണ്ണൻ തന്ന സമ്മാനമാണ് തന്റെ ഈ അഞ്ചുമക്കളെന്നും ഇവരെ പോറ്റാനുള്ള കരുത്ത് തന്നതും കാണാനാണെന്നും മക്കളെ ചേർത്ത് പിടിച്ച് രമാദേവി പറഞ്ഞു.
അഞ്ചുമക്കളിൽ ഫാഷൻ ഡിസൈനറായ ഉത്രയെ മസ്ക്കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി അജിത് കുമാറാണ് മിന്നുകെട്ടിയത്. മീഡിയ രംഗത്തുള്ള ഉത്തരയെ മാധ്യമ പ്രവർത്തകൻ കെ. ബി. മഹേഷ് കുമാറാണ് വിവാഹം ചെയ്തത്. അനസ്തീഷ്യ ടെക്നീഷ്യൻ ഉത്തമയെ മസ്ക്കറ്റിൽ അക്കൗണ്ടന്റായ ജി. വിനീതാണ് താലികെട്ടിയത്.
Also read: Alert: എസ്ബിഐയുടെ ATM cash withdrawal നിയമത്തിൽ മാറ്റങ്ങൾ, അറിയുക!
കൊച്ചിയിലെ അമൃത മെഡിക്കൽ കോളേജിലെ അനസ്തീഷ്യ ടെക്നീഷ്യൻ ഉത്രജയുടെ വരൻ പത്തനംതിട്ട സ്വദേശിയായ ആകാശ് കുവൈറ്റിൽ അനസ്തീഷ്യ ടെക്നീഷ്യനാണ്. പെണ്മക്കളുടെ നാലുപേരുടേയും വിവാഹം ഒരുമിച്ച് നടത്താനാണ് ആഗ്രഹിച്ചിരുന്നതെങ്കിലും ആകാശിന് നാട്ടിലെത്താൻ കഴിയാത്തത് കാരണം ബാക്കിയുള്ള മൂന്നു പേരുടേയും വിവാഹം ഇന്ന് നടത്തുകയായിരുന്നു.
1995 നവംബർ 18 നാണ് തിരുവനന്തപുരം പോത്തൻകോഡ് സ്വദേശികളായ പ്രേംകുമാർ-രമാ ദേവി ദമ്പതികൾക്ക് അഞ്ചു മക്കള് ജനിച്ചത്. ഉത്രം നാളിലായിരുന്നു അഞ്ചുപേരുടേയും ജനനം അതുകൊണ്ടുതന്നെ അതിനോട് സാമ്യമുള്ള പേരുകളാണ് അവര് കുട്ടികൾക്ക് ഇട്ടത്. ഇവർ കുഞ്ഞായിരിക്കുമ്പോൾ തന്നെ അച്ഛൻ പ്രേംകുമാർ മരിച്ചു. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് രമാദേവി അഞ്ചുപേരെയും ഈ നിലയിൽ എത്തിച്ചത്.