വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോ​ഗം തടയാൻ 'യോദ്ധാവ് പദ്ധതി'; സ്കൂളുകൾക്ക് സമീപം വ്യാപക പരിശോധന

വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ സന്നദ്ധ സംഘടനകളെയും സാമൂഹ്യ പ്രവര്‍ത്തകരെയും ഭാഗമാക്കിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 20, 2022, 08:38 AM IST
  • എല്ലാ സ്‌കൂളിലും പ്രത്യേക ചുമതലയുള്ള അധ്യാപകര്‍ കുട്ടികളില്‍ ലഹരി എത്തുന്നുണ്ടോ എന്ന് വീക്ഷിക്കും
  • ഇതിന്റെ ഭാഗമായാണ് കുമളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് സമീപമുള്ള കടകളില്‍ പ്രത്യേക പരിശോധന നടത്തിയത്
  • വരും ദിവസങ്ങളില്‍ അതിര്‍ത്തി വഴി കടന്നുപോകുന്ന എല്ലാ വാഹനങ്ങളും ഡോഗ് സ്‌ക്വാഡിന്റെ സഹകരണത്തോടെ പരിശോധിക്കും
വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോ​ഗം തടയാൻ 'യോദ്ധാവ് പദ്ധതി'; സ്കൂളുകൾക്ക് സമീപം വ്യാപക പരിശോധന

ഇടുക്കി: യോദ്ധാവ് പദ്ധതിയുടെ ഭാഗമായി കുമളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളുകളുടെ പരിസരത്തുള്ള കടകളില്‍ പോലീസ് പരിശോധന നടത്തി. നിരോധിച്ച പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കു മരുന്നിന്റെ ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന പോലീസ് വകുപ്പ് ‘യോദ്ധാവ്’ പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ സന്നദ്ധ സംഘടനകളെയും സാമൂഹ്യ പ്രവര്‍ത്തകരെയും ഭാഗമാക്കിയിട്ടുണ്ട്.

എല്ലാ സ്‌കൂളിലും പ്രത്യേക ചുമതലയുള്ള അധ്യാപകര്‍ കുട്ടികളില്‍ ലഹരി എത്തുന്നുണ്ടോ എന്ന് വീക്ഷിക്കും. ഇതിന്റെ ഭാഗമായാണ് കുമളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് സമീപമുള്ള കടകളില്‍ പ്രത്യേക പരിശോധന നടത്തിയത്. കുമളി ബസ് സ്റ്റാന്‍ഡ്, കൊളുത്തുപാലം, ആനവിലാസം, കൊല്ലംപട്ടട എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ അതിര്‍ത്തി വഴി കടന്നുപോകുന്ന എല്ലാ വാഹനങ്ങളും ഡോഗ് സ്‌ക്വാഡിന്റെ സഹകരണത്തോടെ പരിശോധിക്കും.

ALSO READ: സ്ഥിരം മയക്ക് മരുന്ന് കുറ്റവാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സ്‌കൂളുകളില്‍ അധ്യാപകരുടെ സഹായത്തോടെ കുട്ടികളുടെ ബാഗ് ഉള്‍പ്പെടെ പരിശോധിക്കുകയും സംശായാസ്പദമായി കാണുന്നവരെ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്ന് പീരുമേട് ഡിവൈഎസ്പി ജെ. കുര്യാക്കോസ് അറിയിച്ചു. പരിശോധനയ്ക്ക് കുമളി എസ്എച്ച്ഒ ജോബിന്‍ ആന്റണി, സബ് ഇന്‍സ്പെക്ടര്‍ നിഖില്‍ കെ.കെ, ബിജു മാത്യു, സലില്‍ രവി, രമേശ് പി, ഹരീഷ്, എഎസ്ഐ സുരേഷ്, മെര്‍ലിന്‍, സിബി, സലിം രാജ്, അങ്കു കൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിസരങ്ങളില്‍ നടക്കുന്ന മയക്കു മരുന്ന് കച്ചവടങ്ങളോ ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ആന്റി നാര്‍ക്കോട്ടിക് ആര്‍മി നമ്പറിലേക്ക് വാട്‌സാപ്പ് സന്ദേശം അയക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. 9995966666 എന്ന നമ്പറില്‍ വിവരം അറിയിക്കാം. ഇത്തരത്തില്‍ അറിയിക്കുന്നവരുടെ വിവരങ്ങള്‍ പുറത്ത് വിടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

മയക്കു മരുന്ന് കേസുകളിലെ സ്ഥിരം കുറ്റവാളികളെക്കുറിച്ചുള്ള വിവരശേഖരണം നടത്തി ഡാറ്റാബാങ്ക് എക്സൈസും പോലീസും തയ്യാറാക്കി  സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മയക്ക് മരുന്ന് കേസുകളിൽ ആവർത്തിച്ച് പ്രതികളാവുന്നവരുടെ കേസ് ഹിസ്റ്ററി കോടതിയിൽ നൽകി ജാമ്യം കിട്ടാത്ത സ്ഥിതിയുണ്ടാക്കും. മയക്കു മരുന്ന് മുക്തമായ ഒരു തലമുറയെ വാർത്തെടുക്കാനുള്ള പ്രവർത്തനത്തിൽ നാട് ഒന്നാകെ അണിനിരക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മയക്കു മരുന്ന് മാഫിയ ചെറിയ കുട്ടികളെ അടക്കം ഉപഭോക്താക്കളും വാഹകരുമാക്കി മാറ്റുന്നു. സ്കൂളിനകത്ത് മയക്കു മരുന്ന് വ്യാപനം നടക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഒരു സ്കൂളിൽ പരിശോധന നടത്തിയപ്പോൾ ഒരു കുട്ടിയുടെ ബാഗിൽ പത്ത് സ്കൂളുകളുടെ യൂണിഫോമുകളാണ് കണ്ടത്. ഈ കുട്ടിയെ കരിയറായി ഉപയോഗിക്കുകയായിരുന്നു.

ALSO READ: വീട്ടിൽ കട്ടിലിനടിയിൽ ഒളിപ്പിച്ച കഞ്ചാവ് മണത്തുകണ്ടുപിടിച്ച് പോലീസ് നായ; 800 ​ഗ്രാം കഞ്ചാവ് പിടികൂടി

മയക്കു മരുന്ന് ഉപയോഗിക്കുന്നതിൽ ആൺ പെൺ വ്യത്യാസമില്ല എന്നതാണ് വാസ്തവം. ചെറിയ കുട്ടികൾ പഠിക്കുന്ന സ്കൂൾ എന്നൊന്നും കരുതി ആശ്വസിക്കാനാവില്ല. എന്തെങ്കിലും വ്യത്യാസം കുട്ടികളിൽ വരുന്നുണ്ടോ എന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കണം. ചിലയിടങ്ങളിൽ മയക്കു മരുന്ന് കച്ചവടക്കാർ സ്കൂളിന് അകത്തേക്ക് എത്തുന്നു. സ്കൂൾ സമയത്ത് സ്കൂളിലും സ്കൂൾ പരിസരത്തും ആവശ്യമില്ലാത്ത ആരും കടന്ന് വരരുത്. ഇത്തരക്കാരെ അധ്യാപകർക്ക് വേഗം തിരിച്ചറിയാനാകണം. ഒറ്റപ്പെട്ട ചില കുട്ടികൾ മയക്കു മരുന്ന് ഉപയോഗിക്കുന്നത് കണ്ടാൽ സ്കൂളിൻ്റെ സൽപ്പേരിന് മോശമെന്ന് കരുതി മിണ്ടാതിരിക്കരുത്. അത് കൂടുതൽ കുട്ടികളെ അപകടത്തിലാക്കും. അത് തിരുത്തിക്കണം. മറ്റ് കുട്ടികൾ അതിലേക്ക് വീഴാതെ നോക്കണമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News