Contagious diseases: പകര്‍ച്ചവ്യാധി പ്രതിരോധം: പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

Kerala Health Department: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോ​ഗ്യ വകുപ്പ് നിർദേശം നൽകി.

Written by - Zee Malayalam News Desk | Last Updated : Jun 27, 2024, 11:59 PM IST
  • കുട്ടികളിലെ പനി ശ്രദ്ധിക്കുകയും അസുഖമുള്ള കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാതിരിക്കുകയും വേണം
  • കൃത്യമായ ചികിത്സയും വിശ്രമവും ഉറപ്പാക്കണമെന്നും സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി നിർദേശിച്ചു
Contagious diseases: പകര്‍ച്ചവ്യാധി പ്രതിരോധം: പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിനും മികച്ച ചികിത്സ ഉറപ്പ് വരുത്തുന്നതിനുമാണ് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുന്നത്. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.

ജലദോഷം, വൈറല്‍ പനികള്‍, ഡെങ്കിപ്പനി, എലിപ്പനി, ഇന്‍ഫ്ലുവൻസ- എച്ച്.1 എന്‍.1, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് മഴക്കാലത്ത് കൂടുതലായും കാണുന്നത്. കുട്ടികളിലെ പനി ശ്രദ്ധിക്കുകയും അസുഖമുള്ള കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാതിരിക്കുകയും വേണം. കൃത്യമായ ചികിത്സയും വിശ്രമവും ഉറപ്പാക്കണമെന്നും സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി വീണാ ജോർജ് നിർദേശിച്ചു.

നീണ്ട് നില്‍ക്കുന്ന പനിയോ അപായ സൂചനകളായ പനിയോട് കൂടിയുള്ള ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തില്‍ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം എന്നിവ ഉണ്ടെങ്കില്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പകർച്ചാവ്യാധിയുടെ പൊതു സാഹചര്യം വിലയിരുത്തി. പക്ഷിപ്പക്കെതിരെ ജാഗ്രത പാലിക്കണമെന്നും ചത്ത മൃഗങ്ങളേയും പക്ഷികളേയും സുരക്ഷാ മുന്‍കരുതലുകളില്ലാതെ കൈ കൊണ്ടെടുക്കരുതെന്നും നിർദേശം നൽകി. ആരോഗ്യ വകുപ്പ് മൃഗസംരക്ഷണ വകുപ്പുമായി യോഗം ചേര്‍ന്നിരുന്നുവെന്നും രണ്ടര ലക്ഷത്തോളം വണ്‍ ഹെല്‍ത്ത് കമ്മ്യൂണിറ്റി വോളന്റിയന്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മൃഗങ്ങളേയും പക്ഷികളേയും വളര്‍ത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചത്ത പക്ഷികളേയോ മൃഗങ്ങളേയോ കൈകാര്യം ചെയ്തവര്‍ക്ക് എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണം. മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളിലൂടെ ഇൻഫ്ലുവൻസ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാൻ സാധിക്കും.

എച്ച്.1 എന്‍.1 കേസുകള്‍ കൂടുന്നതിനാല്‍ വ്യക്തിശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ആശുപത്രി സന്ദര്‍ശകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. രോഗികളല്ലാത്തവര്‍ പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുകയും ജലദോഷമുള്ളവര്‍ മാസ്‌ക് ധരിക്കുകയും ഗര്‍ഭിണികള്‍, രോഗികൾ, പ്രായമായവര്‍ എന്നിവര്‍ മാസ്‌ക് ഉപയോഗിക്കുകയും വേണം.

എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തികയും മലിനജലവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുകയും വേണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കണം. വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. മണ്ണ്, ജലം എന്നിവയുമായി ബന്ധപ്പെച്ച തൊഴിലെടുക്കുന്നവര്‍ ബൂട്ട്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകൾ നിർബന്ധമായും ഉപയോ​ഗിക്കണം. മലിന ജലത്തിൽ ഇറങ്ങിയവർ എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നിര്‍ബന്ധമായും കഴിക്കണം.

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിനെതിരെ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ഈ രോ​ഗം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും നീന്തുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News