ആബെയുടെ ഇന്ത്യ സ്നേഹത്തിന്റെ പ്രതീകമായ ജാക്കറ്റ്:ഓർമ്മകൾ പങ്കുവച്ച് ഡോ. ഷംഷീർ വയലിൽ

ഇന്ത്യാ സന്ദർശന വേളയിൽ സമ്മാനിച്ച സുവർണ്ണ നിറമുള്ള ജാക്കറ്റാണ് ഷിൻസോ ആബെയുമായി ബന്ധപ്പെട്ട്  മനസ്സിലേക്ക് ആദ്യം എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 8, 2022, 08:21 PM IST
  • കറുപ്പ് ഷർട്ടിനുമുകളിൽ സുവർണ്ണ നിറമുള്ള ജാക്കറ്റ് ധരിച്ച് ആബേയും
  • അക്രമിയുടെ വെടിയേറ്റുള്ള ആബെയുടെ വിയോഗത്തിന്റെ നടുക്കത്തിലാണ് ഡോ. ഷംഷീർ
  • പ്രതീക്ഷ പങ്കുവച്ചിറങ്ങുമ്പോഴും ജാക്കറ്റ് അദ്ദേഹം അഴിച്ചുമാറ്റിയില്ല
ആബെയുടെ ഇന്ത്യ സ്നേഹത്തിന്റെ പ്രതീകമായ ജാക്കറ്റ്:ഓർമ്മകൾ പങ്കുവച്ച് ഡോ. ഷംഷീർ വയലിൽ

ദുബായ്: ഇന്ത്യയെയും ഇന്ത്യക്കാരെയും എന്നും സ്നേഹിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ദാരുണാന്ത്യത്തിന്റെ നടുക്കത്തിലാണ് പ്രവാസ ലോകം. പ്രവാസ സംരംഭകർക്കും നിക്ഷേപകർക്കും ജപ്പാനുമായി മികച്ച ബന്ധമുണ്ടാക്കാൻ അവസരം നൽകിയ ആബെയുമായി അടുത്തിടപഴകിയ  ഒരനുഭവം ഓർത്തെടുക്കുകയാണ് പ്രവാസി സംരംഭകനായ ഡോ. ഷംഷീർ വയലിൽ. 

ഇന്ത്യാ സന്ദർശന വേളയിൽ സമ്മാനിച്ച സുവർണ്ണ നിറമുള്ള ജാക്കറ്റാണ് ഷിൻസോ ആബെയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻറെ മനസ്സിലേക്ക് ആദ്യം എത്തുന്നത്.2015 ഡിസംബറിലായിരുന്നു ഇന്ത്യ ജപ്പാൻ ഉഭയകക്ഷി ബന്ധം ശക്തമാക്കി ആബെയുടെ ത്രിദിന സന്ദർശനം.അദ്ദേഹവുമായി ആദ്യ ദിനം തന്നെ കൂടിക്കാഴ്ച നടത്താൻ ഡോ. ഷംഷീറിന്‌ വഴിയൊരുക്കി. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ അദ്ദേഹത്തിന് ആശംസകൾ നേർന്ന് എന്ത് സമ്മാനിക്കുമെന്നായിരുന്നു സമയം ഉറപ്പായ ശേഷമുള്ള ഡോ. ഷംഷീറിന്റെ ആലോചന. 

ആബെയുടെ പിതാമഹന്മാർക്ക് ഇന്ത്യയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചു വായിച്ച ഓർമയിൽ നിന്നാണ് സുവർണ്ണ നിറമുള്ള ഒരു നെഹ്‌റു ജാക്കറ്റ് സമ്മാനമായി തിരഞ്ഞെടുക്കാൻ ഡോ. ഷംഷീർ തീരുമാനിച്ചത്. സുവർണ്ണ നിറമുള്ള ജാക്കറ്റുമായി ഷിൻസോ ആബെയെ സന്ദർശിച്ച ഡോ. ഷംഷീർ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്ക്  ശേഷമാണ് സമ്മാനപ്പൊതി കയ്യിൽ എടുത്തത്. 

"സുവർണ്ണ നിറമുള്ള ജാക്കറ്റ് കണ്ടപ്പോഴേ അദ്ദേഹത്തിന് കൗതുകമായി. ഇപ്പോൾ തന്നെ ധരിച്ചു നോക്കാം എന്ന് അദ്ദേഹം പറഞ്ഞു. ധരിച്ചിരുന്ന വെള്ള ഷർട്ടിനു മുകളിൽ ജാക്കറ്റ് ധരിക്കാനായി അദ്ദേഹം എന്റെ സഹായം തേടി. ജാക്കറ്റ് ധരിച്ച് ഏറെ സന്തോഷത്തോടെ ഫോട്ടോയെടുക്കാനായി അദ്ദേഹം പോസ് ചെയ്തു.  വീണ്ടും കാണാനുള്ള പ്രതീക്ഷ പങ്കുവച്ചിറങ്ങുമ്പോഴും ജാക്കറ്റ് അദ്ദേഹം അഴിച്ചുമാറ്റിയില്ല.

അടുത്ത ദിവസം വീണ്ടും സർപ്രൈസ്

ഡിസംബർ 11 ലെ ആ കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദർശനത്തിന്റെ രണ്ടാം ദിവസം ഷിൻസോ ആബെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരുമിച്ചുള്ള വാരണാസി സന്ദർശനമായിരുന്നു. ഏഷ്യയിലെ പ്രബല ശക്തികൾ തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും തുടർച്ചയിലെ ഊഷ്‌മള അധ്യായമെന്ന് മാധ്യമങ്ങളും നയതന്ത്രജ്ഞരും. ദശാശ്വമേധ് ഘട്ടിലെ ഗംഗാ ആരതിയിൽ ഇരു നേതാക്കളും ഒരുമിച്ചു പങ്കെടുക്കുന്നു. ചടങ്ങിനായി ഗംഗാ തീരത്തേക്ക് ആബെ എത്തുന്ന ദൃശ്യങ്ങൾ ടിവിയിൽ കണ്ടപ്പോഴാണ് ഡോ. ഷംഷീറിന് തന്റെ സമ്മാനം ആബെ ഹൃദയത്തിലേറ്റിയതായി മനസിലായത്.

വെള്ള കുർത്തയ്ക്ക് മുകളിൽ ചാര നിറമുള്ള ജാക്കറ്റ് അണിഞ്ഞു പ്രധാനമന്ത്രി നരേന്ദ്രമോദി. ഒപ്പം കറുപ്പ് ഷർട്ടിനുമുകളിൽ സുവർണ്ണ നിറമുള്ള ജാക്കറ്റ് ധരിച്ച് ആബേയും. ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിവസം ചേർച്ചയുള്ള വസ്ത്രങ്ങൾ ധരിച്ച് ഇരു നേതാക്കളും എത്തിയത് ശ്രദ്ധേയമായി. 

ഞെട്ടിക്കുന്ന വിയോഗം 

അക്രമിയുടെ വെടിയേറ്റുള്ള ആബെയുടെ വിയോഗത്തിന്റെ നടുക്കത്തിലാണ് ഏഴുവർഷം മുൻപുള്ള ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ ഡോ. ഷംഷീർ. "സംരംഭകർക്കും നിക്ഷേപകർക്കും എന്നും അവസരങ്ങൾ നൽകിയ മഹാനായ നേതാവായിരുന്നു അദ്ദേഹം. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം സുദൃഢമാക്കിയതിലെ നിർണ്ണായക കണ്ണി. അദ്ദേഹത്തിനെതിരായ ആക്രമണം അപലപനീയമാണ്. ആബെയുടെ അകാല വിയോഗം ലോകത്തിനാകെ തീരാനഷ്ടമാണ്."

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News