തിരുവല്ല: കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരായുള്ള ആരോപണം സ്ഥിരീകരിച്ച് സഭാ നേതൃത്വം.
ആരോപണവിധേയരായ വൈദികരുമായി ബന്ധപ്പെട്ട ടെലിഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇത് സഭയ്ക്ക് മുന്നിലെത്തിയതോടെയാണ് ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സഭ തയ്യാറായത്.
എന്നാല്‍ സഭയെ ഒന്നടങ്കം നാണക്കേടാക്കിയ സംഭവത്തില്‍ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വിശ്വാസികള്‍ക്കിടയിലും ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വൈദികര്‍ക്കെതിരായുള്ള പരാതി സ്ഥിരീകരിച്ചത്.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികരുമാണ് ആരോപണ വിധേയര്‍. ഇവരെ കഴിഞ്ഞ ദിവസം വികാരി എന്ന നിലയിലുള്ള ചുമതലകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.