സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരം; എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

സേതു എന്ന എഴുത്തുകാരന്റെ ജീവിതാനുഭവങ്ങള്‍ പുതുതലമുറയെ പ്രചോദിപ്പിക്കുന്ന ഒരു പാഠപുസ്തകമാണ്

Written by - Zee Malayalam News Desk | Last Updated : Nov 1, 2022, 03:52 PM IST
  • അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ബഹുമതി
  • എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ സേതുവിന്
  • അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ബഹുമതി
സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരം; എഴുത്തച്ഛന്‍ പുരസ്‌കാരം സേതുവിന്

 ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ സേതുവിന്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ബഹുമതി. കഥ, നോവല്‍ വിഭാഗങ്ങളില്‍ ഒട്ടേറെ രചനകള്‍ നടത്തിയിട്ടുള്ള സേതു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാനായി വിരമിച്ച സേതു പിന്നീട് നാഷനല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. 

പാണ്ഡവപുരം, മറുപിറവി, വനവാസം, കൈയൊപ്പുകളും കൈവഴികളും, തിങ്കളാഴ്ചളിലെ ആകാശം, പാമ്പും കോണിയും തുടങ്ങിയവയാണ് സേതുവിന്റെ പ്രമുഖ രചനകള്‍. ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്. പാണ്ഡവപുരം, ഏഴാം പക്കം, കൈമുദ്രകൾ, നവഗ്രഹങ്ങളുടെ തടവറ (പുനത്തിൽ കുഞ്ഞബ്ദുള്ളയുമൊത്ത്), അടയാളങ്ങൾ (നോവലുകൾ), തിങ്കളാഴ്ചകളിലെ ആകാശം, വെളുത്ത കൂടാരങ്ങൾ, ആശ്വിനത്തിലെ പൂക്കൾ, പ്രകാശത്തിന്റെ ഉറവിടം,  പേടിസ്വപ്നങ്ങൾ, അരുന്ധതിയുടെ വിരുന്നുകാരൻ, ദൂത്, ഗുരു (കഥ), അപ്പുവും അച്ചുവും, ചേക്കുട്ടി (ബാലസാഹിത്യം) തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ.

സേതു എന്ന എഴുത്തുകാരന്റെ ജീവിതാനുഭവങ്ങള്‍ പുതുതലമുറയെ പ്രചോദിപ്പിക്കുന്ന ഒരു പാഠപുസ്തകമാണെന്ന്  വിധിനിര്‍ണ്ണയസമിതി വിലയിരുത്തുകയുണ്ടായി. ജീവിതാനുഭവങ്ങളുടെ ഒരു വലിയ ബാങ്ക് നിക്ഷേപമുള്ള വലിയ എഴുത്തുകാരനാണ് അദ്ദേഹം. പ്രസ്ഥാനങ്ങളുടെയും പ്രവണതകളുടെയും നിര്‍വ്വചനങ്ങള്‍ക്ക് അപ്പുറം നിന്നുകൊണ്ട് എഴുത്തിനെ നവീകരിക്കാനും സമകാലികമാക്കാനും ശ്രദ്ധവെയ്ക്കുന്ന എഴുത്തുകാരനാണ് സേതു. പ്രമേയത്തിലും രചനാശൈലിയിലും പുതുമ കൊണ്ടുവരാന്‍ കാണിച്ച സൂക്ഷ്മജാഗ്രത സേതുവിനെ വ്യത്യസ്തനാക്കുന്നു. 

ഏറ്റവും ആധുനികമായ കാലത്തെ അഭിസംബോധന ചെയ്യുമ്പോഴും ഒരു ഗ്രാമീണനായ നാട്ടിന്‍പുറത്തുകാരന്റെ മനസ്സ് സേതു നിലനിര്‍ത്തുന്നു. കഥകളിലും നോവലിലും പുതിയ അഭിരുചിയും സംവേദനവും കൊണ്ടുവന്ന സേതു എല്ലാ തലമുറയിലുംപെട്ട വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ്. പാരമ്പര്യത്തെയും ആധുനികതയെയും സമന്വയിപ്പിക്കാന്‍ ശ്രമിച്ച സേതുവിന്റെ ആഖ്യാനഭാഷ ഹൃദ്യവും ലളിതവുമാണ്.  നാട്ടുഭാഷണത്തിന്റെ മൊഴിവഴക്കങ്ങള്‍ അദ്ദേഹം അതിമനോഹരമായി പ്രയോജനപ്പെടുത്തുന്നു. തികച്ചും നൈസര്‍ഗ്ഗികമായ ഒരു ഭാഷാന്തരീക്ഷമാണ് സേതുവിന്റെ ആഖ്യാനകലയില്‍ നിറഞ്ഞുനില്‍ക്കുന്നത്. 

കുടുംബബന്ധങ്ങളെക്കുറിച്ച് എഴുതുമ്പോഴാണ് സേതുവിലെ എഴുത്തുകാരന്റെ പ്രതിഭ നിറഞ്ഞുകത്തുന്നത്. ആധുനികകാലഘട്ടത്തിലെ ജീവിക്കാനുള്ള നെട്ടോട്ടത്തില്‍ മനുഷ്യര്‍ക്ക് നഷ്ടപ്പെടുന്ന പാരസ്പര്യവും നൈര്‍മ്മല്യവും സേതു ഒപ്പുകടലാസിലെന്നതുപോലെ ഒപ്പിയെടുക്കുന്നു. ഹൃദയബന്ധങ്ങള്‍ക്ക് തകര്‍ച്ച സംഭവിക്കുമ്പോഴും കുടുംബം നിലനിര്‍ത്താന്‍ എല്ലാം സഹിക്കുന്ന സ്ത്രീകള്‍ സേതുവിന്റെ മികച്ച കഥാപാത്രങ്ങളാണ്.  ആഗോളവല്‍ക്കരണകാലത്തെ സാമ്പത്തികപ്രക്രിയകളും മനുഷ്യജീവിതവും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധങ്ങളുടെ ആര്‍ദ്രമോഹനമായ ആവിഷ്‌കാരമാണ് അടയാളങ്ങള്‍. പാണ്ഡവപുരം എന്ന സേതുവിന്റെ മാസ്റ്റര്‍പീസായ നോവല്‍ മലയാളനോവല്‍ചരിത്രത്തില്‍ ഒരു വിച്ഛേദംതന്നെ കൊണ്ടുവന്നു. ഇതിവൃത്തത്തിന്റെയും ഭാവഭദ്രതയുടെയും സമന്വയമായി വാര്‍ന്നുവീണ അതുല്യമായ നോവലാണ് പാണ്ഡവപുരം. മലയാളികളുടെ സദാചാരസങ്കല്പങ്ങളെയും മൂല്യവിചാരങ്ങളെയും നിര്‍ഭയം അഭിമുഖീകരിക്കാനും ആഴത്തില്‍ പുതുക്കിപ്പണിയാനും ആര്‍ജ്ജവം കാണിച്ച പാണ്ഡവപുരം എന്ന ഒരൊറ്റ നോവല്‍ മതി സേതുവിന് മലയാളസാഹിത്യത്തില്‍ അനശ്വരത നേടാന്‍. 

കേരളീയമായ സാമൂഹ്യപരിസരങ്ങളെ ആവിഷ്‌കരിക്കുമ്പോള്‍ ഭ്രമാത്മകതയുടെയും പേടിസ്വപ്നങ്ങളുടെയും അനുഭവലോകത്തെ കൂടി സേതു സൃഷ്ടിക്കുന്നു. അബോധമനസ്സിന്റെ ആഴങ്ങളില്‍ മറഞ്ഞുകിടക്കുന്ന ആദിമചോദനകളെ സേതു സാക്ഷ്യപ്പെടുത്തുന്നു. ഫാന്റസി മലയാളത്തില്‍ ഏറ്റവും ഉചിതവും അര്‍ത്ഥപൂര്‍ണ്ണവുമായി പ്രയോഗിച്ചത് സേതുവാണ്. മലയാളികള്‍ അവയില്‍ സ്വന്തം മുഖവും മനസ്സുമാണ് കണ്ടുനിന്നത്.

ഏതെങ്കിലും സിദ്ധാന്തത്തെ സാക്ഷാത്കരിക്കാനുള്ള ശ്രമമില്ല സേതുവിന്. അദ്ദേഹത്തിന്റെ വിഷയം മനുഷ്യജീവിതമാണ്. അതിലെ ആന്തരികവൈരുദ്ധ്യങ്ങളാണ്. വൈകാരികബന്ധങ്ങളിലെ ലയഭംഗങ്ങളാണ്. വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാവുന്ന കഥകളാണ് സേതു പറഞ്ഞുകൊണ്ടിരിക്കുന്നത്. അവയില്‍ നന്മ നിറഞ്ഞ മനസ്സിന് ഉടമകളായ സാധാരണമനുഷ്യരെയാണ് നമ്മള്‍ കണ്ടെത്തുന്നത്.  സേതുവിന്റെ ഔദ്യോഗികജീവിതം അക്കങ്ങളുടെ നടുവിലായിരുന്നു. എന്നാല്‍, അക്ഷരത്തിന്റെ വിശാലലോകത്തേയ്ക്കാണ് അദ്ദേഹം തന്റെ മഹാപ്രതിഭയെ വ്യാപരിപ്പിച്ചത്. 
മലയാളികളുടെ ആത്മാവിന്റെ മുറിച്ചുമാറ്റാനാവാത്ത ഭാഗമാണ് സേതു സൃഷ്ടിച്ച കഥാപ്രപഞ്ചം. അവയെപ്പറ്റി അക്കാദമിക്കായ പുതിയ പഠനങ്ങള്‍ കാലം ആവശ്യപ്പെടുന്നുണ്ട്. സാഹിത്യ അക്കാദമി പ്രസിഡൻറ് കെ. സച്ചിദാനന്ദൻ, സെക്രട്ടറി സി.പി. അബുബക്കർ, സംഗീത നാടക അക്കാദമി സെക്രട്ടറി ജനാർദ്ദനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News