ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തിരുവനന്തപുരത്ത് എത്തിയ ദിവസം ജില്ലയിലെ പ്രധാന നേതാക്കൾക്കെതിരെ വിമത വിഭാഗത്തിൻ്റെ പോസ്റ്ററുകൾ. കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ മലയാളത്തിലും ഇംഗ്ലീഷിലുമാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പാർട്ടിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ രാവിലെയോടെ പ്രവർത്തകരെത്തി നീക്കം ചെയ്തു. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട നിർമ്മാണത്തിന്റെ പേരിൽ വീട് നിർമിച്ച നേതാവിനെതിരെ നടപടി വേണമെന്നതാണ് ആവശ്യം.
സേവ് ബിജെപി ഫോറം എന്ന പേരിലാണ് ബിജെപി സംസ്ഥാന - ജില്ലാ കമ്മിറ്റി ഓഫീസുകൾ സ്ഥിതി ചെയ്യുന്ന തൈക്കാട് ഭാഗത്ത് കഴിഞ്ഞദിവസം അർദ്ധരാത്രിയോടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സി ശിവൻകുട്ടി, എം ഗണേശൻ, വി വി രാജേഷ്, കരമന ജയൻ, പി.സുധീർ എന്നിവർക്കെതിരെയാണ് പോസ്റ്ററുകൾ. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട നിർമ്മാണത്തിൻ്റെ മറവിൽ വീട് നിർമ്മിച്ച പാർട്ടിയിലെ നേതാവിനെതിരെ നടപടി വേണമെന്നതാണ് ഉയരുന്ന ആവശ്യം. ഇക്കാര്യമാണ് വിമത വിഭാഗം പോസ്റ്ററുകളിൽ വ്യക്തമാക്കിയിരിക്കുന്നത്.
വി.വി. രാജേഷ്, സി.ശിവൻകുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ അനധികൃത സ്വത്ത്സമ്പാദനം നടത്തിയെന്നും പോസ്റ്റുകളിൽ വ്യക്തമാക്കുന്നുണ്ട്. ഇവർക്കെതിരെ പാർട്ടി തലത്തിലുള്ള അച്ചടക്കനടപടി സ്വീകരിക്കണം. സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ മറവിൽ നടത്തിയിരിക്കുന്ന അഴിമതി വെച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും പോസ്റ്റുകളിലുണ്ട്. അടുത്തിടെ ബിജെപി ജില്ലാ സംസ്ഥാന നേതാക്കൾക്കിടയിൽ ഉണ്ടായിരിക്കുന്ന തർക്കവിതർക്കങ്ങൾ ഇതിലൂടെ മറ നീക്കി പുറത്തുവരികയാണ്. ദേശീയ അധ്യക്ഷൻ നഗരത്തിൽ എത്തിയ ദിവസം തന്നെ പാർട്ടി നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെ ബിജെപി ഞെട്ടലോടെയാണ് നോക്കി കാണുന്നത്.
അതേസമയം, തിരുവനന്തപുരത്തുള്ള ജെ.പി.നദ്ദക്ക് പാർട്ടിയുടെ രണ്ട് പ്രധാനപ്പെട്ട പരിപാടികളിലാണുള്ളത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ബിജെപി പ്രവർത്തക സമിതിയിലും വൈകിട്ട് നാല് മണിക്ക് ബിജെപി ജില്ല കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിലും അദ്ദേഹം പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...