Sabarimala : മണ്ഡലകാലത്തെ ദുരവസ്ഥ മകരവിളക്കിന് ഉണ്ടാകരുത്; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Sabarimala Issue : ശബരിമലയില്‍ സര്‍ക്കാരും ദേവസ്വവും പരാജയപ്പെട്ടുയെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Dec 30, 2023, 07:37 PM IST
  • 41 ദിവസം വ്രതമെടുത്ത് അയ്യപ്പനെ കാണാനെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെയും ദേവസ്വത്തിന്റെയും കടമയാണ്.
  • എന്നാല്‍ ആ കടമയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്ന ദയനീയമായ കാഴ്ചയാണ് ശബരിമലയില്‍ കണ്ടതെന്ന് വിഡി സതീശൻ
Sabarimala : മണ്ഡലകാലത്തെ ദുരവസ്ഥ മകരവിളക്കിന് ഉണ്ടാകരുത്; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

തിരുവനന്തപുരം  :  മകരവിളക്ക് തീര്‍ത്ഥാടനത്തിന് എല്ലാ ഭക്തര്‍ക്കും സുഗമായ ദര്‍ശനം നടത്തുവാനും അഭിഷേകം നടത്തുവാനുമുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. ശബരിമലയില്‍ മണ്ഡലകാലത്ത്  സര്‍ക്കാരിനും ദേവസ്വത്തിനും ഉണ്ടായ വീഴ്ചകള്‍ പരിഹരിച്ച്, മകരവിളക്ക് തീര്‍ത്ഥാടനത്തിന് എല്ലാ ഭക്തര്‍ക്കും സുഗമായ ദര്‍ശനം നടത്തുവാനും അഭിഷേകം നടത്തുവാനുമുള്ള കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ അയ്യപ്പഭക്തന്മാര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ പന്തളത്തും ചെങ്ങന്നൂരും വടശ്ശേരിക്കരയിലും ളാഹയിലും എരുമേലിയിലും മണിക്കൂറുകളോളം റോഡില്‍ തടഞ്ഞ് ഭക്തജനങ്ങളെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുന്ന പോലീസ് രാജിന് അടിയന്തരമായി അറുതി വരുത്തണമെന്നും പ്രതിപക്ഷ നേതാവ്. 41 ദിവസം വ്രതമെടുത്ത് അയ്യപ്പനെ കാണാനെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെയും ദേവസ്വത്തിന്റെയും കടമയാണ്. എന്നാല്‍ ആ കടമയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്ന ദയനീയമായ കാഴ്ചയാണ് ശബരിമലയില്‍ കണ്ടതെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി.

ALSO READ : Makaravillakku: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ന‌ട ഇന്ന് തുറക്കും

തിരക്ക് നിയന്ത്രിക്കുന്നതില്‍ കടുത്ത അലംഭാവമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. നിരവധി ദിവസങ്ങളില്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് 15 മുതല്‍ 20 മണിക്കൂര്‍ വരെ ക്യൂവാണ് ഉണ്ടായത്. വെള്ളവും ഭക്ഷണവും ഇല്ലാതെ മണിക്കൂറുകളോളം കുഞ്ഞുങ്ങളും സ്ത്രീകളും പ്രായമായവരും ക്യൂ നില്‍ക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് കുടിവെള്ളം പോലും നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല. അപ്പാച്ചിമേട്ടില്‍ 12 വയസുകാരി കുഴഞ്ഞുവീണു മരിച്ച ദാരുണ സംഭവം വരെ ഉണ്ടായി. മണ്ഡലകാലത്തിനു മുന്നോടിയായി മുന്നൊരുക്കങ്ങളോ, അവലോകനമോ നടത്താത്തതാണ് ഇതിന്റെ പ്രധാന കാരണമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന്റെയും ദേവസ്വം മന്ത്രിയുടെയും പ്രവര്‍ത്തനങ്ങള്‍ പരിതാപകരമായിരുന്നു. അവധി ദിവസങ്ങളില്‍ സ്ത്രീകളും കുഞ്ഞുങ്ങളും ശബരിമലയില്‍ പോകരുതെന്ന വിചിത്രമായ പ്രസ്താവനയാണ് ദേവസ്വം പ്രസിഡന്റ് നടത്തിയത്. ശബരിമലയില്‍ പരാജയം ഭക്തരുടെ തലയില്‍ കെട്ടിവെക്കാനുള്ള വിചിത്രമായ നടപടിയാണ് ദേവസ്വം മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് വിഡി സതീശൻ കത്തിലൂടെ പറഞ്ഞു.

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News