തൃശ്ശൂർ: വിവിധ കൊലക്കേസുകളിൽ പ്രതിയായ റിപ്പർ ജയാനന്ദൻ പരോളിൽ പുറത്തിറങ്ങി. രണ്ട് ദിവസത്തെ പരോളിലാണ് ജയാനന്ദൻ പുറത്തിറങ്ങിയത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ജയാനന്ദന് ഹൈക്കോടതി പരോൾ അനുവദിച്ചത്.
രണ്ട് ദിവസത്തെ പോലീസ് സാന്നിദ്ധ്യത്തിലാണ് ജയാനന്ദന് പരോൾ അനുദിച്ചിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകയാണ് മകൾ. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ജയാനന്ദന് പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയാണ് കോടതിയിൽ ഹർജി നൽകിയത്. എന്നാൽ, സംസ്ഥാന സർക്കാർ ജയാനന്ദൻ്റെ പരോളിനെ എതിർത്തിരുന്നു. അമ്മയ്ക്ക് വേണ്ടി മകൾ തന്നെയാണ് കോടതിയിൽ ഹാജരായത്. അവസാനം കോടതി ജയാനന്ദന് പരോൾ അനുവദിക്കുകയായിരുന്നു.
ALSO READ: അങ്കമാലിയിൽ കെട്ടിടത്തിന്റെ സ്ലാബുകൾ ഇടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു
നാളെ (മാർച്ച് 22 ബുധനാഴ്ച) വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ചാണ് മകളുടെ വിവാഹം നടക്കുക. ഇന്ന് പകൽ വീട്ടിൽ കഴിയുന്ന ജയാനന്ദൻ നാളെ പോലീസിനൊപ്പമാകും ക്ഷേത്രത്തിലെത്തുക. ജയാനന്ദന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്.
17 വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് റിപ്പർ ജയാനന്ദൻ ആദ്യമായി പരോളിലിറങ്ങിയത്. പുത്തൻവേലിക്കര കൊലക്കേസ്, പെരിഞ്ഞനം കേസ്, മാള ഇരട്ടക്കൊലക്കേസ് ഉൾപ്പടെ 24 കേസുകളിൽ പ്രതിയാണ് ജയാനന്ദൻ. റിപ്പർ ജയാനന്ദനെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലായിരുന്നു തടവിൽ പാർപ്പിച്ചിരുന്നത്. സ്ത്രീകളെ തലയ്ക്ക് അടിച്ചു വീഴ്ത്തി ആഭരണം തട്ടിയെടുക്കലായിരുന്നു ജയാനന്ദൻറെ രീതി.
ജയാനന്ദൻ്റെ കുറ്റസമ്മതങ്ങളെ കുറിച്ച് പോലീസ് പുറത്തുവിട്ട കാര്യങ്ങൾ മാത്രമാണ് പൊതുസമൂഹത്തിന് ആകെയുള്ള വിവരം. എന്നാൽ, മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴെല്ലാം ജയാനന്ദൻ തൻ്റെ മൊഴികൾ പിൻവലിക്കുകയാണ് ഉണ്ടായത്. പോലീസിൻ്റെ പീഡനം സഹിക്കാനാകാതെയാണ് കുറ്റസമ്മതം നടത്തിയതെന്നാണ് ഈ 17 വർഷക്കാലവും ജയാനന്ദൻ പറഞ്ഞത്. അതേസമയം, ജയാനന്ദനെതിരെ ചുമത്തിയിരുന്ന അഞ്ച് കൊലപാതക കേസുകളിൽ മൂന്നെണ്ണത്തിലും ഇയാൾ കുറ്റവിമുക്തനാക്കപ്പെട്ടിരുന്നു. അഞ്ച് കൊലപാതക കേസുകളിൽ രണ്ടെണ്ണത്തിലാണ് ജയാനന്ദൻ ശിക്ഷിക്കപ്പെട്ടത്. ഒന്നിൽ വധശിക്ഷ ലഭിച്ചു. പിന്നീട് അത് ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു.
എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ജയാനന്ദന് ഉണ്ടായിരുന്നത്. സിനിമകളിലെ അക്രമ രംഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ കൊലപാതകങ്ങൾ നടത്തിയിരുന്നതെന്ന് ജയാനന്ദൻ കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചിരുന്നു. വിരലടയാളം പതിയാതിരിക്കാൻ കയ്യിൽ സോക്സ് ധരിക്കും. മണ്ണെണ്ണ സ്പ്രേ ചെയ്തും ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടും തെളിവ് നശിപ്പിക്കുന്ന രീതിയായിരുന്നു ജയാനന്ദൻ്റേത് എന്നാണ് പോലീസിൻ്റെ വിശദീകരണം. 17 വർഷത്തെ ജയിൽ വാസത്തിനിടെ ഇയാൾ രണ്ട് തവണ ജയിൽ ചാടുകയും ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...