തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാത്രി 8.40നു തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ വിമാനത്താവളത്തിലെ എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ്, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി. ജോയി, സതേൺ എയർ കമാൻഡ് എ.ഒ. കമാൻഡിങ് ഇൻ ചീഫ് എയർ മാർഷൽ ജെ. ചലപതി, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജൻ കുമാർ, ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ, എന്നിവർ ചേർന്നു സ്വീകരിച്ചു.
പത്നി സവിത കോവിന്ദ്, മകൾ സ്വാതി എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ട്. രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി നാളെ മെയ് 26ന് രാവിലെ 11.30നു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്നു രാജ്ഭവനിലേക്കു മടങ്ങുന്ന അദ്ദേഹം വൈകിട്ട് 5.20നു തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു പുനെയിലേക്കു തിരിക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.