Mullaperiyar | മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ്

മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയില്‍ ഡാമിലെ ജലനിരപ്പ് 139.5 അടിയാക്കണമെന്ന തമിഴ്‌നാടിന്റെ അഭിപ്രായം കേരളത്തിന്റെ പ്രതിനിധി അംഗീകരിച്ചത് സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Nov 1, 2021, 04:18 PM IST
  • 2011-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റ് നാലുമാസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഡാം മുതല്‍ കടല്‍ വരെ സി.പി.എം മനുഷ്യച്ചങ്ങല തീര്‍ത്തു
  • അന്ന് 136 അടിയുണ്ടായിരുന്ന ജലനിരപ്പ് 120 ആക്കണമെന്നതായിരുന്നു ആവശ്യം
  • ചങ്ങലയുടെ ഒരറ്റത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും മറ്റൊരു അറ്റത്ത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനുമാണ് അണി ചേര്‍ന്നത്
  • 2011 ലെ മനുഷ്യച്ചങ്ങലയ്ക്കു ശേഷം പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ ഡാം സുരക്ഷിതമായെന്ന നിലപാടാണോ സര്‍ക്കാരിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു
Mullaperiyar | മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ (Mullaperiyar dam issue) പ്രശ്‌നപരിഹാരത്തിന് ഹ്രസ്വകാലത്തേക്കും  ദീര്‍ഘകാലത്തേക്കുമുള്ള പദ്ധതികള്‍ തയാറാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയില്‍ ഡാമിലെ ജലനിരപ്പ് 139.5 അടിയാക്കണമെന്ന തമിഴ്‌നാടിന്റെ അഭിപ്രായം കേരളത്തിന്റെ പ്രതിനിധി അംഗീകരിച്ചത് സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് (Opposition leader) പറഞ്ഞു.

2011-ല്‍ 136 അടി 120 അടിയാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യച്ചങ്ങല തീര്‍ത്തവരാണ് ഇപ്പോള്‍ തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ചിരിക്കുന്നത്. 2018 ന് ശേഷം പ്രളയവും മണ്ണിടിച്ചിലും തുടര്‍ച്ചയായി ഉണ്ടായതിന്റെ പശ്ചത്തലത്തില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം സുപ്രീം കോടതിയില്‍ വീണ്ടും ഉന്നയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ALSO READ: Fishermen Warning | ശക്തമായ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ അഞ്ച് വരെ മത്സ്യബന്ധനം നിരോധിച്ചു

തീവ്രമഴയുടെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് പരമാവധി താഴെയാക്കി നിലനിര്‍ത്തുന്നതിനും പുതിയ ഡാം എന്ന ആവശ്യം ശക്തമാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല നല്‍കിയ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. 

2011-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റ് നാലുമാസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഡാം മുതല്‍ കടല്‍ വരെ സി.പി.എം മനുഷ്യച്ചങ്ങല തീര്‍ത്തു. അന്ന് 136 അടിയുണ്ടായിരുന്ന ജലനിരപ്പ് 120 ആക്കണമെന്നതായിരുന്നു ആവശ്യം. ചങ്ങലയുടെ ഒരറ്റത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും മറ്റൊരു അറ്റത്ത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനുമാണ് അണി ചേര്‍ന്നത്. അണക്കെട്ട് തകര്‍ന്ന് 40 ലക്ഷം പേര്‍ അറബിക്കടലില്‍ ഒഴുകി നടക്കുമെന്നാണ് വി.എസ് പ്രസംഗിച്ചത്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ജനങ്ങളില്‍ ഭീതി വളര്‍ത്താനാണ് അന്നത്തെ പ്രതിപക്ഷം ശ്രമിച്ചത്. ജലനിരപ്പ് 120 അടിയാക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങല തീര്‍ത്തവര്‍ ഭരണത്തിലിരിക്കുമ്പോഴാണ് നവംബര്‍ 30 വരെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് എങ്ങനെയായിരിക്കണമെന്ന തമിഴ്‌നാടിന്റെ നിര്‍ദ്ദേശം അംഗീകരിച്ചത്. 2011 ലെ മനുഷ്യച്ചങ്ങലയ്ക്കു ശേഷം പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ ഡാം സുരക്ഷിതമായെന്ന നിലപാടാണോ സര്‍ക്കാരിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. 

ALSO READ: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

ഒക്ടോബര്‍ പത്തിനു ചേര്‍ന്ന മേല്‍നോട്ട സമതി യോഗത്തില്‍ ഡാം സുരക്ഷിതമാണെന്നും 142 അടി വരെ ജലനിരപ്പ് ഉയര്‍ത്താമെന്നുമുള്ള തമിഴ്‌നാട് മുന്നോട്ടുവച്ച നിര്‍ദ്ദേശമാണ് കേരളത്തിന്റെ പ്രതിനിധി അംഗീകരച്ചത്. ഇക്കാര്യം യോഗത്തിന്റെ മിനിട്‌സിലുണ്ട്. എന്നിട്ടാണ് തമിഴ്‌നാടിന്റെ തീരുമാനത്തില്‍ സന്തുഷ്ടിയുണ്ടെന്ന് ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറയുന്നത്. 

2012 ലാണ് സുപ്രീംകോടതി കേരളത്തിനു കൂടി പ്രതിനിധ്യമുള്ള മേല്‍നോട്ട സമിതിയെ നിയോഗിച്ചത്. കേരളത്തിനു ലഭിച്ച പരിമിതമായ ഈ അവകാശം ഫലപ്രദമായി വിനിയോഗിക്കുന്നതിനു പകരം മേല്‍നോട്ട സമിതിയെന്നത് കടലാസില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. മേല്‍നോട്ട സമിതിയുടെ ഓഫീസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്? തമിഴ്‌നാട് നല്‍കുന്ന വിരവരങ്ങളെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതില്‍ മാറ്റമുണ്ടാകണം.

ALSO READ: Rain alert | സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

2018 ന് ശേഷം മണ്ണിടിച്ചിലും പ്രളയവും വ്യാപമായതിനാല്‍ സുരക്ഷിതമല്ലാത്ത സാഹചര്യമാണ് കേരളത്തിലേതെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തണം. പ്രളയസാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ സുരക്ഷിതമല്ലെന്ന് ഡല്‍ഹി ഐ.ഐ.ടി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഭൂകമ്പസാധ്യതയുണ്ടെന്ന റൂര്‍ക്കി ഐ.ഐ.ടിയുടെ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഈ രണ്ടു റിപ്പോര്‍ട്ടുകളും ഫലപ്രദമായി ഉപയോഗിച്ച് പുതുയ ഡാം എന്ന കേരളത്തിന്റെ ആവശ്യം ശക്തമാക്കണം. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ജലവും എന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നയമാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 

തമിഴ്‌നാട് ജലമന്ത്രിയെ പോലെയാണ് റോഷി അഗസ്റ്റിന്‍ സംസാരിക്കുന്നതെന്ന് പ്രമേയത്തിന് അവതരണാനുമതി തേടിയ രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ എന്തു താല്‍പര്യമാണ് സര്‍ക്കാര്‍ സംരക്ഷിച്ചത്?  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന് നിലപാടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News