തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ മരണത്തിൽ അനുശോചന കുറിപ്പ് പങ്കുവച്ച് സിപിഎം നേതാവ് വിഎസ് അച്ചുതാനന്ദന്റെ മകൻ വിഎ അരുൺ കുമാർ. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും രാഷ്ട്രീയ നേതാവായും വേറിട്ടു നിന്ന വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടേതെന്ന് അരുൺ കുമാർ അനുസ്മരിച്ചു.
അപൂർവമായി മാത്രമേ ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളൂവെന്നും എന്നാൽ നിയമസഭയിലും കോടതിയിലുമെല്ലാം എന്റെ അച്‌ഛൻ അദ്ദേഹവുമായി കൊമ്പുകോർക്കുന്നത് കണ്ടിട്ടുണ്ടെന്നും അരുൺ കുമാർ അനുശോചന കുറിപ്പിൽ പറയുന്നു. രാഷ്ട്രീയമായി വിയോജിക്കുമ്പോഴും വ്യക്തിപരമായി അച്‌ഛൻ ഉമ്മൻ ചാണ്ടിയെ അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ നേരിട്ട് അനുശോചനം അറിയിക്കാൻ സാധിക്കാത്തതിൽ അച്ഛന് വിഷമം ഉള്ളതായി ഞാൻ മനസ്സിലാക്കുന്നുവെന്നും അരുൺകുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
' മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എൽ .എയുമായ ശ്രീ.ഉമ്മൻ ചാണ്ടി നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും രാഷ്ട്രീയ നേതാവായും വേറിട്ടു നിന്ന വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. അപൂർവമായി മാത്രമേ ഞാനദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുള്ളു. എന്നാൽ നിയമസഭയിലും കോടതിയിലുമെല്ലാം എന്റെ അച്‌ഛൻ അദ്ദേഹവുമായി കൊമ്പുകോർക്കുന്നത് കണ്ടിട്ടുണ്ട്. രാഷ്ട്രീയമായി വിയോജിക്കുമ്പോഴും വ്യക്തിപരമായി അച്‌ഛൻ ഉമ്മൻ ചാണ്ടിയെ അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ നേരിട്ട് അനുശോചിക്കാനാവാത്തതിന്റെ വിഷമം അച്‌ഛനുള്ളതായി ഞാൻ മനസ്സിലാക്കുന്നു. ആദരാഞ്‌ജലികൾ.' അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം പ്രത്യേക വിമാനത്തിൽ ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. പുതുപ്പള്ളി വീട്ടിലേക്ക് എത്തിച്ചതിന് ശേഷം ദർബാർ ഹാൾ, തിരുവനന്തപുരത്ത് അദ്ദേഹം സ്ഥിരമായി പോകുന്ന പള്ളി, കെപിസിസി എന്നിവിടങ്ങളിൽ പെതുദർശനം ഉണ്ടായിരിക്കും. പിന്നീട് വീണ്ടും പുതുപ്പള്ളി വീട്ടിലേക്ക് കൊണ്ടുപോകും.ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് കോട്ടയത്തേക്ക് കൊണ്ടുപോകും. എംസി റോഡ് വഴിയാണ് കോട്ടയത്തേക്ക് വിലാപയാത്രയായി ഭൗതിക ശരീരം കൊണ്ടുപോകുന്നത്. തിരുനക്കര മൈതാനത്ത് പൊതു ദർശനം ഉണ്ടാകും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും നഗരം ചുറ്റി വിലാപ യാത്ര ഉണ്ടാകും. മറ്റന്നാൾ, ജൂലൈ 20ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിൽ സംസ്കാരം നടക്കും.
ബെംഗളൂരുവിലെ ആശുപത്രിയിൽ അർബുദത്തിന് ചികിത്സയിലിരിക്കെ പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മരണം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മൻ മരണ വാർത്ത സ്ഥിരീകരിച്ച് സമൂഹമാധ്യമങ്ങളിൽ വിവരം പങ്കുവച്ചു. ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് അവധിയും രണ്ട് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചു. ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ് ഉമ്മൻചാണ്ടിയുടെ പേരിലാണ്. അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു അദ്ദേഹം. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭയിലെത്തി. രണ്ടു ടേമുകളിലായി ഏഴ് വർഷം മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...