ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധം; 7 പേർക്ക് സസ്പെൻഷൻ, നാല് പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം കോർപ്പറേഷനിലെ ചാലാ സർക്കിളിലെ ശുചീകരണ തൊഴിലാളികൾ കുറ്റക്കാരാണെന്ന് ചാല സര്‍ക്കിള്‍ ഹെൽത്ത് ഇൻസ്പെക്ടർ റിപ്പോർട്ട് സമർപ്പിച്ചിരിന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 5, 2022, 03:32 PM IST
  • 11 പേരാണ് ഈ പ്രവർത്തിയിൽ ഏർപ്പെട്ടതെന്ന് മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.
  • സ്ഥിരം ജീവനക്കാരായ ഏഴ് പേരെ സസ്പെൻഡ് ചെയ്യുകയും നാല് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തുവെന്ന് മേയർ അറിയിച്ചു.
  • ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്.
ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധം; 7 പേർക്ക് സസ്പെൻഷൻ, നാല് പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: ജോലി സമയത്ത് ഓണം ആഘോഷിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ച സംഭവത്തിൽ നടപടി. 11 പേരാണ് ഈ പ്രവർത്തിയിൽ ഏർപ്പെട്ടതെന്ന് മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. സ്ഥിരം ജീവനക്കാരായ ഏഴ് പേരെ സസ്പെൻഡ് ചെയ്യുകയും നാല് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തുവെന്ന് മേയർ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ചാലാ സർക്കിളിലെ ശുചീകരണ തൊഴിലാളികൾ കുറ്റക്കാരാണെന്ന് ചാല സര്‍ക്കിള്‍ ഹെൽത്ത് ഇൻസ്പെക്ടർ റിപ്പോർട്ട് സമർപ്പിച്ചിരിന്നു. ഇതിന് പിന്നാലെയാണ് മേയറുടെ നടപടി. 

മേയറുടെ ഫേസ്ബുക്ക് പോസ്റ്റ്: 

ഭക്ഷണം മാലിന്യത്തിൽ വലിച്ചെറിഞ്ഞ ജീവനക്കാർക്ക് എതിരെ കർശന നടപടി. 
ചാല സർക്കിളിൽ ആണ് ഓണാഘോഷവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് തയ്യാറാക്കിയ ഓണസദ്യ ഒരു വിഭാഗം ജീവനക്കാർ സമരം എന്ന പേരിൽ മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത്. ആഹാരത്തിനോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവർത്തിയെ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നു. സമരങ്ങളും പ്രക്ഷോഭങ്ങളും എല്ലാം ജനാധിപത്യ സംവിധാനത്തിൽ അനുവദനീയമാണ്, അത് ആവശ്യവുമാണ്. എന്നാൽ ഭക്ഷണം മാലിന്യത്തിൽ വലിച്ചെറിഞ്ഞുകൊണ്ടുള്ള ഏത് സമരവും, പ്രതിഷേധവും പൊതുസമൂഹത്തോടും ഒരു നേരത്തെ ഭക്ഷണമില്ലാതെ,ഒരു തുള്ളി കുടിവെള്ളം പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ലോകത്താകെയുളള സാധാരണ ജനങ്ങൾക്ക് നേരെ നടത്തുന്ന വെല്ലുവിളിയായി മാത്രമേ കാണാൻ സാധിക്കു. ഓണാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഓണസദ്യ വലിച്ചെറിയുന്ന നിമിഷത്തിൽ ആ ജീവനക്കാർ  ഒരു നേരത്തെ ആഹാരത്തിനും ഒരുതുള്ളി വെള്ളത്തിനും വേണ്ടി കേഴുന്ന പാവപ്പെട്ട സാധാരണക്കാരായ മനുഷ്യരുടെയും നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെയും മുഖം ഒന്ന് ഓർത്തിരുന്നുവെങ്കിൽ ക്രൂരവും നിന്ദ്യവുമായ ഈ പ്രവർത്തി ചെയ്യാൻ നിശ്ചയമായും അറയ്ക്കുമായിരുന്നു. യാതൊരുവിധ മനുഷ്യത്വവും ഇല്ലാതെ പെരുമാറിയ ജീവനക്കാരെ ഒരു കാരണവശാലും നഗരസഭയുടെ ഭാഗമായി തുടരാൻ അനുവദിക്കാൻ സാധിക്കില്ല എന്ന് തന്നെയാണ് കണ്ടത്. 
11 പേരാണ് ഈ പ്രവർത്തിയിൽ ഏർപ്പെട്ടത്. അവരിൽ 7 പേർ സ്ഥിരം ജീവനക്കാരാണ്. അവരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകി. ബാക്കി നാലുപേർ താൽക്കാലിക ജീവനക്കാരാണ്, അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തന്നെ തീരുമാനിക്കുകയും ചെയ്തു. 
ഓരോ അരിയിലും വിശക്കുന്ന മനുഷ്യന്റെ പ്രതിക്ഷ മാത്രമല്ല, അത് ഉണ്ടാക്കിയെടുത്ത മനുഷ്യരുടെ അധ്വാനവുമുണ്ട്. അത് മറന്ന് പോകരുത് ഇനി ആരും .

ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. തയാറാക്കിയ ചോറും കറികളും എയറോബിക് ബിന്നിൽ ഉപേക്ഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഹെൽത്ത് സൂപ്പർവൈസറോട് ആവശ്യപ്പെടുകയായിരുന്നു. കഴിക്കാനായി തയാറാക്കിയ ചോറും കറികളും ഇലയുമടക്കം മാലിന്യം ശേഖരിക്കുന്ന എയറോബിക് ബിന്നിലെറിയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ സർക്കിൾ ഓഫീസുകളിൽ ശനിയാഴ്ചയാണ് ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. ഓഫീസ് പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ ആഘോഷം സംഘടിപ്പിക്കണമെന്ന് സെക്രട്ടറിയുടെ നിർദേശമുണ്ടായിരുന്നു. 

Also Read: Onam celebration: ജോലി ഒഴിവാക്കി ഓണാഘോഷം സമ്മതിച്ചില്ല; സദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധം

 

അതിനാൽ തൊഴിലാളികൾ രാവിലെ ആഘോഷം തുടങ്ങാൻ ശ്രമിച്ചപ്പോൾ ജോലി കഴിഞ്ഞ് മതിയെന്ന് ഹെൽത്ത് ഇൻസ്പെക്ടർ നിർദേം നൽകി. ഇതേ തുടർന്നാണ് ജീവനക്കാർ പ്രതിഷേധിച്ചത്. ശുചീകരണ ജോലി കഴിഞ്ഞെത്തിയ സിഐടിയു പ്രവർത്തകരുടെ നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണ് മുപ്പതോളം പേർക്ക് കഴിക്കാനുള്ള ആഹാരം നശിപ്പിച്ചത്. ഓണാഘോഷം തടയാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതിനെതിരെയുള്ള പ്രതിഷേധമെന്നായിരുന്നു സംഭവത്തെക്കുറിച്ച് യൂണിയന്റെ ന്യായീകരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News