Onam 2022: ഗൃഹാതുര സ്മരണകളുയർത്തി മലയാളികൾക്ക് ഇന്ന് തിരുവോണം. പ്രത്യാശയുടെ വസന്തം വിരിയുന്ന നിറവിന്‍റെ പ്രതീകം പോലെ പ്രതീക്ഷയുടെ ചിറകു വിടർത്തികൊണ്ട് എത്തിയിരിക്കുകയാണ് ചിങ്ങമാസത്തിലെ തിരുവോണം, വറുതിയുടെ കര്‍ക്കിടത്തിന് ശേഷം സമൃദ്ധിയുടെ പൊന്നോണം വരുന്ന മാസമാണ് ചിങ്ങമാസം. രണ്ട് വര്‍ഷം മഹാമാരി കാർന്നു തിന്ന ഓണം ഇത്തവണ മഴയുണ്ടെങ്കിലും ആഘോഷമാക്കുകയാണ് മലയാളികൾ. ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്.
ഓണക്കോടിയും, പൂക്കളവും, സദ്യയുമൊക്കെ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുന്നു. രണ്ടുവർഷം കോവിഡ് ഭീതിയിൽ മുങ്ങിപ്പോയ ഓണം ഇത്തവണ പലിശ സഹിതം മലയാളികൾ തീർത്തുവെന്നുവേണം പറയാൻ. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ സർക്കാർ സ്വകാര്യ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തവണ ഓണം പൊടിപൊടിച്ചു. പൂക്കള മത്സരങ്ങൾ ഉൾപ്പടെ കിടിലം ആഘോഷങ്ങളായിരുന്നു എല്ലായിടത്തും. മലയാളികൾക്ക് എന്നും കൂട്ടായ്മയുടെ ഉത്സവമാണ് ഓണം എന്നത് സംശയമില്ലാത്ത കാര്യമാണ്. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പമാണ് മലയാളികൾ ആഘോഷിക്കാറ്.
ഓണം ശരിക്കും വ്യത്യസ്തമായ ഒരാഘോഷമാണ്. ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ ജാതിമതഭേദമില്ലാതെ മുഴുവൻ മലയാളികളും ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഒരു ആഘോഷം. മലയാളികളുടെ പുതുവർഷ മാസമായ പൊന്നിൻ ചിങ്ങത്തിലാണ് ഓണം വരുന്നത്. ഓണം കേരളത്തിന്റെ കാർഷികോത്സവം കൂടിയാണ്. അത്തം നാളിൽ തുടങ്ങുന്ന മലയാളികളുടെ കാത്തിരിപ്പ് പത്താം നാൾ തിരുവോണത്തോടെയാണ് അവസാനിക്കുന്നത്.
Also Read: Viral Video: സ്‌കൂളിൽ പെൺകുട്ടികൾ തമ്മിൽ മുട്ടനടി..! വീഡിയോ വൈറൽ
ഓണക്കാലത്തോടനുബന്ധിച്ച് പലതരത്തിലുള്ള വിനോദങ്ങളിലും കേരളീയർ ഏര്‍പ്പെടാറുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അത്തം, വള്ളം കളി, പുലിക്കളി, തിരുവാതിരക്കളി, കൈകൊട്ടികളി ഇവയൊക്കെ അതിൽ ഉൾപ്പെടും. വഞ്ചിയില്‍ പാട്ടും പാടി തുഴഞ്ഞുകൊണ്ട് മത്സരത്തില്‍ ഒന്നാമതെത്താന്‍ ശ്രമിക്കുന്നതാണ് വള്ളം കളി. കേരളത്തിലെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഈ വിനോദത്തിനു പ്രാധാന്യം. പുലിയുടെ വേഷം കെട്ടിയുള്ള കളിയാണ് 'പുലിക്കളി'. നല്ല മെയ്‌വഴക്കവും ബലവുമുള്ള പുരുഷന്മാരാണ് പുലിവേഷം കെട്ടുന്നത്. ഇതിനെ കടുവകളി എന്നും ഇതിനു പറയാറുണ്ട്.
ഏറ്റവും പ്രധാന ആകര്‍ഷണം എന്നുപറയുന്നത് മറ്റൊന്നുമല്ല കേട്ടോ ഓണസദ്യ തന്നെയാണ്. നാക്കിലയിലാണ് പൊതുവെ ഓണസദ്യ വിളമ്പാറ്. അച്ചാറുകൾ, തോരൻ അവിയൽ, കാളൻ, ഓലൻ, എരിശ്ശേരി, പപ്പടം, പായസം എന്നിങ്ങനെ വിവിധ തരം വിഭവങ്ങൾ അടങ്ങിയതാണ് ഓണസദ്യ. എന്തായാലും മഴ മലയാളികളെ ഭയപ്പെടുത്തിയെങ്കിലും വലിയ പ്രശ്ങ്ങളൊന്നും ഇല്ലാതെ കടന്നു പോകുകയാണ്. അതുകൊണ്ടുതന്നെ രണ്ടുവർഷത്തിനു ശേഷം മലയാളികൾ മനസുതുറന്ന് ഓണം ആഘോഷിക്കുകയാണ്.
എല്ലാ മലയാളികൾക്കും സീ മലയാളം ന്യൂസിന്റെ സന്തോഷം നിറഞ്ഞ തിരുവോണാശംസകൾ .....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...