കൊച്ചി: നെടുമ്പാശ്ശേരി സ്വർണക്കടത്ത് കേസിൽ ഹൈകോടതി ജഡ്ജിക്ക് കോഴ വാഗ്ദാനം. കൊഫെപോസ നിയമത്തിൽ നിന്ന് ഒഴിവാക്കുകയാണെങ്കിൽ 25 ലക്ഷം രൂപ നൽകാമെന്ന് പ്രതിക്ക് വേണ്ടി വാഗ്ദാനം ചെയ്തതായി ജസ്റ്റിസ് കെ.ടി ശങ്കരനാണ് വെളിപ്പെടുത്തിയത്.
മുവാറ്റുപുഴ സ്വദേശി നൗഷാദ്, ജാബിൻ കെ. ബഷീർ തുടങ്ങിയവർ കൊഫേപോസ തടങ്കൽ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി പരിഗണിക്കവെയാണു സംഭവം. കൊഫെപോസ ചുമത്തപ്പെട്ടവരുടെ കരുതൽ തടങ്കൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയെ സമീപിച്ചിരുന്നു. നൗഷാദ് അടക്കമുള്ളവരെ ഒഴിവാക്കിയാൽ 25 ലക്ഷം രൂപ നൽകാമെന്ന് ഫോൺ വഴി അറിയിച്ചതായി ജസ്റ്റിസ് കെ.ടി.ശങ്കരൻ കോടതിയിൽ വെളിപ്പെടുത്തി. തുടർന്ന് തുറന്ന കോടതിയിൽ അദ്ദേഹം ഇക്കാര്യങ്ങൾ അറിയിക്കുകയായിരുന്നു. തടങ്കൽ ഒഴിവാക്കിയാൽ തനിക്ക് 25 ലക്ഷം രൂപ നൽകാമെന്ന് അറിയിച്ചു. ഇതൊരു ശരിയായ കീഴ്‌വഴക്കമല്ല.താന്‍ കേസില്‍നിന്ന് പിന്‍മാറുന്നതിന് സ്വീകരിച്ച തന്ത്രമാണോ ഇതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു
2013 മുതല്‍ 2015 മെയ്‌വരെ നെടുമ്പാശേരി വിമാനത്താവളം വഴി എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്‌ഥനായിരുന്ന ജാബിന്‍ കെ. ബഷീറിന്റെയും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനി ജീവനക്കാരുടെയും സഹായത്തോടെ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം സ്വര്‍ണം കടത്തിയെന്നാണ് കസ്‌റ്റംസ് കേസ്. 600 കോടിയോളം രൂപ വിലവരുന്ന 2000 കിലോയിലേറെ സ്വര്‍ണം കടത്തിയതായി കണ്ടെത്തിയിരുന്നു. കേസില്‍ ഒളിവില്‍ കഴിയുന്ന നാലുപേരുള്‍പ്പെടെ ഒമ്പതു പ്രതികള്‍ക്കെതിരേയാണ് കൊഫെപോസ ചുമത്തിയിട്ടുള്ളത്..