ഇടതുമുന്നണിയിൽ അടിതെറ്റി എംവി ശ്രേയാംസ് കുമാർ; എൽജെഡിയുടെ ഭാവിയെന്ത്?

വിലപേശിയാണ്  സിപിഐ രാജ്യസഭാ സീറ്റ് കൈക്കലാക്കിയത്  എന്നാണ് ശ്രേയാംസ് കുമാറിന്റെ പ്രധാന ആരോപണം.

Written by - ടി.പി പ്രശാന്ത് | Edited by - Zee Malayalam News Desk | Last Updated : Mar 19, 2022, 05:29 PM IST
  • കൈവശമുള്ള രാജ്യസഭാ സീറ്റ് സിപിഐയ്ക്ക് നൽകുന്നതിൽ കടുത്ത പ്രതിഷേധമാണ് എൽജെഡിയ്ക്കുള്ളത്
  • പാർട്ടിയ്ക്കുള്ളിലെ പ്രശ്നങ്ങൾ രൂക്ഷമായി തുടരവേ, എങ്ങനെ മുന്നോട്ടുപോകും എന്ന ആശങ്കയും ഉണ്ട്
  • നിലവിലെ സാഹചര്യത്തിൽ ജെഡിഎസ്സുമായുള്ള ലയന സാധ്യതകളാണ് എൽജെഡിയ്ക്ക് മുന്നിലുള്ളത്
ഇടതുമുന്നണിയിൽ അടിതെറ്റി എംവി ശ്രേയാംസ് കുമാർ; എൽജെഡിയുടെ ഭാവിയെന്ത്?

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സിപിഎമ്മും സിപിഐയും വീതിച്ചെടുത്തതോടെ എംവി  ശ്രേയാംസ് കുമാർ  കടുത്ത അതൃപ്തിയിൽ. മുന്നണി തങ്ങളോട് അനീതി കാട്ടിയെന്നാണ് പാർട്ടി നിലപാട്.  വിലപേശിയാണ്  സിപിഐ രാഡ്യസഭാ സീറ്റ് കൈക്കലാക്കിയെന്നാണ് ശ്രേയാംസ് കുമാറിന്റെ പ്രധാന ആരോപണം.

എല്ലാ വിഷയങ്ങളിലും എൽജെഡി സർക്കാരിനൊപ്പം നിന്നപ്പോൾ സിൽവർ ലൈൻ, ലോകായുക്ത, മദ്യനയം തുടങ്ങി വിഷയങ്ങളിൽ പരസ്യമായി പ്രതികരിച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ പാർട്ടിയാണ് സിപിഐ. ഇനിയും മുന്നോട്ട് പോകുമ്പോൾ ഇക്കാര്യത്തിൽ എന്താണ് സിപിഐ നിലപാടെന്ന് അറിയാൻ താതപര്യമുണ്ടെന്നും ശ്രേയാംസ് കുമാർ പ്രതികരിച്ചു.  പാർട്ടിക്ക് അവകാശപ്പെട്ട സീറ്റാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്. ഇതേക്കുറിച്ച്  ഉടൻ ചേരുന്ന സംസ്ഥാനകമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്ന് എൽജെഡി വൃത്തങ്ങൾ സീ മലയാളം ന്യൂസിനോട് വെളിപ്പെടുത്തി. 

നിലവിലെ ദേശീയ സാഹചര്യത്തിൽ കൂടുതൽ ഇടതുപക്ഷ സ്വഭാവമുള്ള പാർട്ടികൾ പാർലമെന്റിലേക്ക് പോകട്ടെയെന്നാണ് സിപിഎം അടക്കമുള്ള പാർട്ടികളുടെ നിലപാട്. ഇടതുമുന്നണിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയതോടെയാണ്  സിപിഐക്ക് നറുക്ക് വീണത്.  ഇത് എൽജെഡിയുടെ നില പരുങ്ങലിലാക്കുകയായിരുന്നു.  രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ട ശ്രേയാംസ് കുമാർ സിപിഐക്കെതിരെ  രംഗത്തെത്തിയത് ഇടതുമുന്നണി നേതൃത്വത്തിനുള്ളിൽ അമർഷം സൃഷ്ടിച്ചിട്ടുണ്ട്. ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തിന് വടിയെറിഞ്ഞ് കൊടുക്കുന്നതാണ് ശ്രേയാംസിന്റെ സമീപനമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. അതേസമയം, ശ്രേയാംസ് കുമാറിന്റെ വിമർശനങ്ങളോട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ  പ്രതികരിക്കാൻ വിസമ്മതിച്ചു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എൽജെഡി വലിയ പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പാർട്ടിയിലെ പിളർപ്പിനൊപ്പം, ശ്രേയാംസ് കുമാറിന്റെ രാജ്യസഭ എംപി സ്ഥാനവും നഷ്ടമാവുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരൊറ്റ സീറ്റിൽ മാത്രമാണ് എൽജെഡിയ്ക്ക് വിജയിക്കാനായത്. കൽപറ്റ സീറ്റിൽ ശ്രേയാംസ് കുമാർ പരാജയപ്പെട്ടില്ലായിരുന്നെങ്കിൽ ഒരു മന്ത്രിസ്ഥാനം ഉറപ്പായിരുന്നു. ഒറ്റ എംഎൽഎ മാത്രമുള്ള പല പാർട്ടികൾക്കും മന്ത്രിസ്ഥാനം നൽകുന്നതിൽ എൽഡിഎഫ് അയഞ്ഞ സമീപനം സ്വീകരിച്ചപ്പോൾ എൽജെഡിയെ മാറ്റി നിർത്തുകയായിരുന്നു. ജെഡിഎസ്സുമായുള്ള ലയനവും അന്തിമ തീരുമാനത്തിലേക്ക് എത്താത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News