ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച റീൽ (വീഡിയോ) ലോക കാഴ്ചക്കാരുടെ റെക്കോർഡ് മറികടന്നതിന്റെ സന്തോഷത്തിലാണ് ഫ്രീ സ്റ്റൈൽ ഫുട്ബോൾ താരം മുഹമ്മദ് റിസ്വാൻ. അരീക്കോട് മാങ്കടവ് സ്വദേശിയായ മുഹമ്മദ് റിസ്വാൻ ആണ് ഈ പട്ടികയിൽ ഒന്നാമനായി ഇടം നേടിയത്. നിലവിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാർ വീക്ഷിച്ച വീഡിയോ ഇറ്റലിക്കാരൻ കാബിയുടേതാണെന്നാണ് ഗൂഗിൾ പറയുന്നത്.
അദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ പേർ വീക്ഷിച്ച വീഡിയോ ഇതിനകം 280 മില്യൺ കാഴ്ചക്കാരിലേക്കാണ് എത്തിയിരിക്കുന്നത്. മുഹമ്മദ് റിസ്വാൻ 10 ദിവസം മുമ്പ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വെള്ളച്ചാട്ടത്തിലേക്ക് ഫുട്ബാൾ തട്ടുന്ന 30 സെക്കൻഡ് റീലിന് ഇതിനെ മറികടക്കുന്ന പ്രതികരണമാണ് ലഭിച്ചത്. വീഡിയോ പത്ത് ദിവസം കൊണ്ട് 353 മില്യൺ അതായത് ഏകദേശം മുപ്പത് ലക്ഷം കോടി കാഴ്ചക്കാരാണ് കണ്ടു കഴിഞ്ഞത്.
ഇത്തരത്തിൽ ഒരു അപൂർവ നേട്ടം സമൂഹമാധ്യമങ്ങളിലൂടെ നേടാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് മുഹമ്മദ് റിസ്വാൻ പറഞ്ഞു. മൂന്ന് വർഷം മുമ്പാണ് വിദേശരാജ്യങ്ങളിൽ പ്രധാനമായി കണ്ടുവരുന്ന ഫ്രീ സ്റ്റൈൽ ഫുട്ബോളിലേക്ക് മുഹമ്മദ് റിസ്വാൻ എത്തുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വിദേശരാജ്യങ്ങളിലെ ഫ്രീസ്റ്റൈൽ താരങ്ങളുടെ വീഡിയോകൾ പ്രചോദനമായാണ് ഈ രംഗത്തേക്ക് ഇദ്ദേഹം പ്രവേശിച്ചത്. തുടർന്ന് മികച്ച രീതിയിലുള്ള കഠിന പരിശ്രമമാണ് റിസ്വാൻ എന്ന ഈ 21 വയസ്സുകാരനെ ഫ്രീസ്റ്റൈൽ ഫുട്ബോൾ താരമാക്കി മാറ്റിയത്.
ആരെയും വിസ്മയിപ്പിക്കുകയും അമ്പരിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ അതിമനോഹരമായ രീതിയിലാണ് റിസ്വാൻ ഫുട്ബോൾ കൊണ്ട് അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്. ഇത്തരം വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ റീൽസായി പങ്കുവക്കാറുണ്ട്. ഇത്തരത്തിൽ പങ്കുവെച്ച പുതിയ വീഡിയോക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ ലോക റെക്കോർഡ് ലഭിച്ചത്.
നിലവിൽ ഗൂഗിളിന്റെ കണക്ക് പ്രകാരം 280 മില്യൺ കാഴ്ചക്കാരുള്ള കാബിയുടെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോ എന്ന് പറയുന്നത്. അതിനെ മറികടന്നാണ് 353 മില്യണിലേക്ക് റിസ്വാൻ പങ്കുവച്ച വീഡിയോ എത്തിയത്. വൈകാതെ തന്നെ ഗൂഗിളിൽ ഇറ്റാലിക്കാരൻ കാബിയുടെ പേരിന് പകരം ലോകത്ത് ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം കാഴ്ചക്കാരെ നേടിയതിന്റെ റെക്കോർഡ് തന്റെ പേരിൽ ഗൂഗിൾ മാറ്റി എഴുതുമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ് റിസ്വാൻ. മാങ്കടവ് സ്വദേശി അബ്ദുൽ മജീദ്-മൈമൂന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ മുഹ്സിൻ, റിഫാൻ, ഇർഫാന തസ്നി എന്നിവരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.