തിരുവനന്തപുരം: സ്കൂളുകൾ തുറക്കുന്നതിന് ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് വിപുലമായ പദ്ധതി തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകസംഘടനകളുമായി ആലോചിച്ച് ക്ലാസുകളുടെയും ടൈംടേബിൾ എപ്രകാരം വേണമെന്നതും സംബന്ധിച്ച് തീരുമാനം കൈക്കൊള്ളും.
നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാലയങ്ങൾ തുറക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളെ സംബന്ധിച്ചും അദ്ദേഹം സൂചനകൾ നൽകിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചിടത്തോളം പ്ലസ് വൺ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്ന അവസരമായിരുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലെയല്ല, 7000 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങളുണ്ട്. മുഖ്യമന്ത്രിയുമായി ഇന്നലെ സംസാരിച്ചിരുന്നു. ആരോഗ്യവകുപ്പുമായി ചർച്ച നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ആരോഗ്യവകുപ്പ് മന്ത്രിയുമായി ഇന്ന് രാവിലെ സംസാരിച്ചിരുന്നു. രണ്ട് ദിവസത്തിനകം ആരോഗ്യവകുപ്പിലെയും പൊതു വിദ്യാഭ്യാസ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം വളരെ വിലുപലമായ പദ്ധതി തയ്യാറാക്കും.
എല്ലാ നിലയിലും കുട്ടികളെ സംരക്ഷിച്ചുകൊണ്ടും രോഗം വരാതിരിക്കാനുള്ള എല്ലാ മാർഗങ്ങളും സ്വീകരിച്ചുമുള്ള ഒരു പദ്ധതി തയ്യറാക്കുന്നതാണ്. ഇതിനായി ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് പദ്ധതി തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിക്കും. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ പദ്ധതി നടപ്പിലാക്കും. സംസ്ഥാനത്താകെ ഈ പദ്ധതി നടപ്പിലാക്കുമ്പോൾ പ്ലസ് വൺ പരീക്ഷാ സമയത്ത് ശുചീകരണ പ്രവർത്തനങ്ങളും അണുനശീകരണ പ്രവർത്തനങ്ങളും നടത്തുന്നതിന് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പോലെ മികച്ച സഹകരണം ആവശ്യമാണ്.
ALSO READ: Plus One Exam Time Table : ടൈംടേബിൾ ഉടനെന്ന് മന്ത്രി വി.ശിവൻകുട്ടി,മറ്റ് വകുപ്പുകളുമായി ആലോചിച്ച് തീരുമാനം
എല്ലാ ക്ലാസ് മുറികളും സാനിറ്റൈസ് ചെയ്യേണ്ടതായുണ്ട്. എല്ലാ വിദ്യാർഥികൾക്കും മാസ്ക് നൽകണമെന്നത് നിർബന്ധമാണെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. വിദ്യാർഥികൾ യാത്ര ചെയ്യുന്ന ബസും അണുവിമുക്തമാക്കണം. ക്ലാസുകൾ എങ്ങനെ വേണമെന്നും ടൈംടേബിൾ എപ്രകാരം തയ്യാറാക്കണമെന്നും അധ്യാപക സംഘടനകളുമായി ചർച്ച നടത്തി തീരുമാനിക്കും. ജില്ലാ അടിസ്ഥാനത്തിൽ കലക്ടർമാരുടെ യോഗം വിളിച്ചുചേർക്കാൻ ആലോചിക്കുന്നു. പരീക്ഷ നടത്തിപ്പുമായി ഡിഡിഇമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അടുത്ത മാസം 15ന് മുൻപ് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...