തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ കൈയ്യടക്കിയെന്ന പരാമർശത്തിൽ ഇന്ദു മൽഹോത്രയ്ക്ക് എതിരെ വിമർശനവുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഇന്ദു മൽഹോത്രയുടെ പരാമർശം അറിഞ്ഞ് കൊണ്ടുള്ളതാണ്. കലാപം ഉണ്ടാക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കുന്നു. ഒരു അമ്പലവും പിടിച്ചെടുക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിസന്ധി ഘട്ടത്തിൽ ക്ഷേത്രങ്ങളെ സഹായിക്കാനാണ് സർക്കാർ ശ്രമിച്ചിട്ടുള്ളത്. വിശ്വാസികളുടെ വിശ്വാസിത തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്ദു മൽഹോത്രയുടെ പ്രസ്താവന. കമ്യൂണിസ്റ്റ് ആശയങ്ങളെ തകർക്കുന്നതിന്റെ ഭാഗമാണിത്. കൃത്യമായ അജണ്ട മുൻ നിർത്തിയാണ് ഇന്ദു മൽഹോത്ര ഈ പ്രസ്താവന നടത്തിയിട്ടുള്ളത്. തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രസ്താവന. ഒരു നീതി പീഠത്തിലിരുന്നപ്പോൾ എങ്ങനെയാണോ അവരുടെ മനസ്സ് എന്നതിന്റെ തെളിവാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.
വിശ്വാസികളെ തമ്മിലടിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന സുപ്രീം കോടതി ജഡ്ജി ആയിരുന്നവർ നടത്തുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. കലാപം ഉണ്ടാക്കാനുള്ള ആഹ്വാനത്തിന് തുല്യമാണിത്. എല്ലാ മേഖലയും അനുകൂലമാക്കുകയാണ് ആർഎസ്എസിന്റെയും ബിജെപിയുടെയും ലക്ഷ്യം. അതിന് പറ്റുന്ന രീതിയിൽ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഉപയോഗിക്കുകയാണ് അവരെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
ALSO READ: ജസ്റ്റിസ് ഇന്ദു മൽഹോത്ര പറഞ്ഞത് തീവ്ര ഹിന്ദുത്വ ശക്തികളുടെ കാലങ്ങളായുള്ള പ്രചാരണം : ദേവസ്വം മന്ത്രി
കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ കൈയ്യടക്കിയെന്നും വരുമാനം ലക്ഷ്യമിട്ടാണ് ഇത് ചെയ്യുന്നതെന്നുമുള്ള സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരമാര്‍ശം വസ്തുതകൾക്ക് നിരക്കാത്തതും തെറ്റിദ്ധാരണയിൽ നിന്ന് ഉടലെടുത്തതാണെന്നും മന്ത്രി കെ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ എല്‍.ഡി.എഫ്. ഗവണ്‍മെന്റോ ഒരു ഹിന്ദു ക്ഷേത്രവും കൈയ്യടക്കിയിട്ടില്ല. ഹിന്ദുമതത്തിലെ എല്ലാ വിഭാഗത്തിനും ആരാധന നടത്താനുള്ള അവകാശം നേടിക്കൊടുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നടത്തിയ പോരാട്ടങ്ങൾ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ ഇടതുപക്ഷ സർക്കാരുകൾ എല്ലാ വിഭാഗത്തിന്റേയും ആരാധനയും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്.
അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചുപിടിക്കുന്നതിനും ക്ഷേത്ര ജീവനക്കാർക്ക് വ്യവസ്ഥാപിത രീതിയിൽ ശമ്പളം കൊടുക്കുന്നതിനും ഒരു കാലത്ത് ക്ഷേത്ര പരിസരത്ത് പോലും പ്രവേശനം നിഷേധിക്കപ്പെട്ട ജനതയെ ക്ഷേത്ര ജീവനക്കാരാക്കി മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചത് ഇടതുപക്ഷ സർക്കാരുകളുടെ കാലത്താണെന്നും മന്ത്രി വ്യക്തമാക്കി. ക്ഷേത്ര വരുമാനം സർക്കാരുകൾ കൊണ്ടുപോകുന്നു എന്ന തീവ്ര ഹിന്ദുത്വ ശക്തികളുടെ കാലങ്ങളായുള്ള പ്രചാരണം ഉന്നത നീതിപീഠത്തിൽ നിന്നും വിരമിച്ച ന്യായാധിപയേയും ഒരു പക്ഷേ സ്വാധീനിച്ചിട്ടുണ്ടാവാം. ഒരു ക്ഷേത്രത്തിന്റേയും വരുമാനം സർക്കാർ ഇതുവരെ കൈയ്യടക്കിയിട്ടില്ല. മറിച്ച് ദേവസ്വം ബോർഡുകളുടെ നടത്തിപ്പിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ സർക്കാർ നല്‍കിവരാറുണ്ട് എന്നതാണ് യാഥാർത്ഥ്യം.
പ്രളയവും കോവിഡും ദേവസ്വം ബോർഡുകളുടെ വരുമാനത്തിൽ വലിയ തോതിൽ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ ദൈനംദിന പ്രവർത്തനങ്ങൾ നടത്താനും ജീവനക്കാരുടെ ശമ്പളം നൽകാനുമായി സംസ്ഥാന സർക്കാർ ബജറ്റ് വിഹിതമായും അല്ലാതെയും വിവിധ ദേവസ്വം ബോർഡുകൾക്ക് 2018 മുതല്‍ 2022 വരെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 449 കോടി രൂപയാണ് അനുവദിച്ചത്. ശബരിമല മാസ്റ്റർപ്ലാൻ പോലുള്ള ബൃഹത്തായ വികസന പദ്ധതികൾ കാര്യക്ഷമമായി നടത്താനും സുഗമമായ തീർത്ഥാടന സൗകര്യങ്ങൾ ഒരുക്കാനുമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നിലവിൽ മുൻഗണന നൽകുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങളെ ആകെ തെറ്റിദ്ധരിപ്പിച്ച് ഇടതുപക്ഷ ഗവണ്‍മെന്റിനെതിരെ തിരിച്ചുവിടാന്‍ കഴിയുമോ എന്ന ശ്രമമാണ് റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്ര നടത്തിയത്. സുപ്രീംകോടതിയില്‍ ജഡ്ജി ആയിരുന്നപ്പോള്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ മനസ്സ് എങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്ന് ഇത്തരം പ്രസ്താവനകളിൽ നിന്നും വ്യക്തമാകുകയാണെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...