Mani C Kappan's re-entry to NCP: എല്‍ഡിഎഫ് സെഞ്ച്വറിയിലേക്ക്? കാപ്പന്‍ തിരിച്ചെത്തിയാല്‍ 100 സീറ്റ്! ജോസ് എന്ത് പറയും, ശശീന്ദ്രനും?

മാണി സി കാപ്പന്‍ എന്‍സിപിയിലേക്ക് തിരികെ എത്തിയേക്കും എന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. തിരികെ എത്തിയാല്‍ മന്ത്രിസ്ഥാനം ഉള്‍പ്പെടെ വലിയ വാഗ്ദാനങ്ങള്‍ ഉണ്ടെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

Written by - Binu Phalgunan A | Last Updated : Mar 15, 2022, 01:28 PM IST
  • മാണി സി കാപ്പൻ തിരികെ എത്തിയാൽ മന്ത്രിസ്ഥാനം നൽകുമെന്ന തരത്തിലാണ് ഇപ്പോഴത്തെ പ്രചരണം
  • എൻഡിഎയിലേക്ക് പോയാലും എൽഡിഎഫിലേക്കോ എൻസിപിയിലേക്കോ ഇല്ലെന്നാണ് കാപ്പൻ പ്രതികരിച്ചിരിക്കുന്നത്
  • മാണി സി കാപ്പൻ എൻസിപിയിലും അതുവഴി എൽഡിഎഫിലും തിരികെ എത്തുന്നത് ജോസ് കെ മാണിയ്ക്ക് വലിയ തിരിച്ചടിയാകും
Mani C Kappan's re-entry to NCP: എല്‍ഡിഎഫ് സെഞ്ച്വറിയിലേക്ക്? കാപ്പന്‍ തിരിച്ചെത്തിയാല്‍ 100 സീറ്റ്! ജോസ് എന്ത് പറയും, ശശീന്ദ്രനും?

തിരുവനന്തപുരം/ കോട്ടയം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഏറ്റവും ചര്‍ച്ചയായതും വിവാദമായതും പാലാ സീറ്റ് ആയിരുന്നു. മാണി സി കാപ്പന്റെ സിറ്റിങ് സീറ്റായിരുന്ന പാലായില്‍ നിന്ന് അദ്ദേഹത്തെ മാറ്റി, കേരള കോണ്‍ഗ്രസ് എമ്മിന്റെ ജോസ് കെ മാണിയെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. ഒടുവില്‍ പാലാ സീറ്റിന്റെ പേരില്‍ മാണി സി കാപ്പന്‍ എന്‍സിപിയും എല്‍ഡിഎഫും വിട്ട് എതിര്‍ പാളയത്തിലേക്ക് പോയി. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള എന്നൊരു പാര്‍ട്ടിയും ഉണ്ടാക്കി. 

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സവര്‍വ്വ പിന്തുണയും ലഭിച്ച കാപ്പന്‍ ജോസ് കെ മാണിയെ മലര്‍ത്തിയടിച്ചു. എല്‍ഡിഎഫിന് കൊടുക്കാവുന്ന ഏറ്റവും വലിയ മറുപടിയായിരുന്നു, കാപ്പനെ സംബന്ധിച്ച് അത്. ഒടുവില്‍ 99 സീറ്റുകള്‍ വിജയിച്ച് എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍, 100 തികയാത്തതിന്റെ വേദന പലരും പങ്കുവച്ചിരുന്നു. ആ വേദന ഇപ്പോള്‍ മാറുമോ എന്നാണ് ചോദ്യം...

മാണി സി കാപ്പന്‍ എന്‍സിപിയിലേക്ക് തിരികെ എത്തിയേക്കും എന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. തിരികെ എത്തിയാല്‍ മന്ത്രിസ്ഥാനം ഉള്‍പ്പെടെ വലിയ വാഗ്ദാനങ്ങള്‍ ഉണ്ടെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്‍ഡിഎയിലേക്ക് പോയാലും എന്‍സിപിയിലേക്കോ എല്‍ഡിഎഫിലേക്കോ മടങ്ങില്ലെന്നാണ് മാണി സി കാപ്പന്‍ പ്രതികരിച്ചിരിക്കുന്നത്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ കാര്യം കാപ്പന്‍ നിഷേധിച്ചിട്ടും ഇല്ല.

എന്‍സിപി അധ്യക്ഷന്‍ പിസി ചാക്കോ ആണ് കാപ്പന്റെ തിരിച്ചുവരവിനായി കരുനീക്കങ്ങള്‍ നടത്തുന്നത് എന്നാണ് വാര്‍ത്തകള്‍. എന്നാല്‍, മന്ത്രി എകെ ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതിനോട് താത്പര്യവും ഇല്ല. കാപ്പന്‍ തിരികെ എത്തിയാല്‍ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിക്കുകയും ചെയ്യും. അങ്ങനെ വന്നാല്‍ ശശീന്ദ്രനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കേണ്ടി വരും. രാജ്യസഭാ സീറ്റിന് വേണ്ടി എന്‍സിപി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അത് ലഭിച്ചാല്‍, പിസി ചാക്കോ എന്നതല്ലാതെ മറ്റൊരു ഓപ്ഷനും അവര്‍ക്ക് മുന്നിലില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, രാജ്യസഭാ സീറ്റുകളില്‍ ഒന്ന് ലഭിച്ചാല്‍ മാത്രമേ, കാപ്പന്റെ തിരിച്ചുവരവ് എന്ന ചര്‍ച്ചയ്ക്ക് എന്തെങ്കിലും സാധുത ലഭിക്കുകയുള്ളു.

മാണി സി കാപ്പന്‍ എന്‍സിപിയില്‍ തിരിച്ചുവരുന്നത് ആ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. എന്നാല്‍ കാപ്പനെ മന്ത്രിയാക്കാന്‍ തീരുമാനിച്ചാല്‍ എല്‍ഡിഎഫില്‍ വലിയ കലാപമുണ്ടാകും. കാലമെത്ര കഴിഞ്ഞാലും പാലായിലെ തോല്‍വിയ്ക്ക് കാപ്പന് മാപ്പ് കൊടുക്കാന്‍ ജോസ് കെ മാണിയ്‌ക്കോ കേരള കോണ്‍ഗ്രസ് എമ്മിനോ സാധിക്കില്ല. കാപ്പന്‍ മന്ത്രിസഭയിലെത്തുക എന്ന് കൂടി വന്നാല്‍ അത് ജോസ് കെ മാണിയ്ക്ക് അസഹനീയമാകും. 

എന്തായാലും രാജ്യ സഭാ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും വരെ മറ്റ് സംഭവ വികാസങ്ങള്‍ ഒന്നും ഉണ്ടാകാനിടയില്ലെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News