Thiruvanathapuram: ഡി.ജി.പിയും സംസ്ഥാന പോലീസ് മേധാവിയുമായ ലോക്നാഥ് ബെഹ്റ (Loknath Behra) ബുധനാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കും. രണ്ട് ഘട്ടങ്ങളിലായി ഏകദേശം അഞ്ച് വര്‍ഷം ലോക്നാഥ് ബെഹ്റ പോലീസ് മേധാവിയുടെ സ്ഥാനം വഹിച്ചിട്ടുണ്ട്. ഡിജിപി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്സ് മേധാവി എന്നീ നാലു തസ്തികകളിലും വഹിച്ചിട്ടുള്ള ഏക വ്യക്തിയുമാണ് ലോക്നാഥ് ബെഹ്റ. ബുധനാഴ്ച രാവിലെ എട്ട് മണിക്ക് പേരൂര്‍ക്കട എസ്.എ.പി മൈതാനത്ത് സംസ്ഥാന പോലീസ് മേധാവിക്ക് വിടവാങ്ങല്‍ പരേഡ് സംഘടിപ്പിക്കും.
കേരള പോലീസില്‍ സാങ്കേതികവിദ്യയും ആധുനികവത്ക്കരണവും നടപ്പാക്കുന്നതില്‍ ലോക്നാഥ് ബെഹ്റ പ്രമുഖ പങ്കുവഹിച്ചിട്ടുണ്ട്. കേസന്വേഷണം ഉള്‍പ്പെടെ പോലീസിലെ (Police) എല്ലാ മേഖലകളിലും ആധുനിക സാങ്കേതികവിദ്യ വിനിയോഗിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധപതിപ്പിച്ചിരുന്നു. 16 ലക്ഷം ഫോളോവേഴ്സ് ഉള്ള കേരള പോലീസിന്‍റെ ഫേസ്ബുക്ക് പേജ് ലോകത്തിലെ പൊലീസ് സേനകളില്‍ മുന്‍പന്തിയില്‍ എത്തിച്ചതും ബെഹ്റയുടെ നേതൃത്വത്തിലാണ്.
ALSO READ: പുതിയ സി.ബി.ഐ ഡയറക്ടറെ ഇന്ന് തീരുമാനിക്കും,ഉന്നതാധികാര സമിതി യോഗം ഇന്ന്
1985 ബാച്ചില്‍ ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ കേരള കേഡറില്‍ പ്രവേശിച്ച വ്യക്തിയാണ് ലോക്നാഥ് ബെഹ്‌റ (Loknath Behra). നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)യില്‍ അഞ്ച് വര്‍ഷവും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനില്‍ (സി.ബി.ഐ) 11 വര്‍ഷവും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 മുതല്‍ 2005 വരെ എസ്.പി, ഡി.ഐ.ജി റാങ്കുകളിലാണ് സി.ബി.ഐയില്‍ ജോലി ചെയ്തത്. സുപ്രീം കോടതിയുടെ പ്രത്യേക ഉത്തരവ് അനുസരിച്ചാണ് അദ്ദേഹത്തിന് സി.ബി.ഐയില്‍ നിന്ന് വിടുതല്‍ നല്‍കിയത്.
രാജ്യശ്രദ്ധ നേടിയ കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, കലാപം, ഭീകരവാദം തുടങ്ങി വിവിധ കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചു. പുരുലിയ ആയുധ കേസ്, ഐസി -814 ഹൈജാക്കിംഗ് കേസ്, മുംബൈ സീരിയൽ സ്ഫോടന കേസ്, മധുമിത ശുക്ല കൊലപാതക കേസ്, സത്യേന്ദ്ര ദുബെ കൊലപാതക കേസ്, സഞ്ജയ് ഘോഷ് തട്ടിക്കൊണ്ടുപോകൽ കേസ്, ഉജ്ജൈൻ സീരിയൽ കൊലപാതക കേസ്, ഹരേൻ പാണ്ഡ്യ കൊലപാതക കേസ്, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരായ കേസുകൾ തുടങ്ങി നിരവധി കേസുകൾ അദ്ദേഹം അന്വേഷിച്ചിട്ടുണ്ട്. ശാസ്ത്രീയ കുറ്റാന്വേഷണ രീതികള്‍ ഉപയോഗിച്ച് അന്വേഷണം നടത്തുന്നതില്‍ വിദഗ്ദ്ധനാണ് അദ്ദേഹം.
ALSO READ: Gold Smuggling Case: കസ്റ്റംസ് കമ്മീഷണറുമായി ഡിജിപിയുടെ ചർച്ച; അതൃപ്തി അറിയിച്ച് അന്വേഷണ സംഘം
ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിനായി 2009 ല്‍ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) നിലവില്‍ വന്ന വര്‍ഷം തന്നെ എന്‍.ഐ.എ യില്‍ ചേര്‍ന്നു. ഏജന്‍സിയുടെ പ്രവര്‍ത്തനരീതിയും അന്വേഷണത്തില്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സംബന്ധിച്ച നിമയമാവലിയുടെ കരട് രൂപം തയ്യാറാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
2016 ജൂണ്‍ 1 മുതല്‍ 2017 മെയ് 6 വരെയും 2017 ജൂണ്‍ 30 മുതല്‍ 2021 ജൂണ്‍ 30 വരെയുമാണ് സംസ്ഥാന പോലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്. സ്തുത്യര്‍ഹ സേവനത്തിനും വിശിഷ്ടസേവനത്തിനുമുളള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയിട്ടുണ്ട്. സൈബര്‍ ക്രൈം അന്വേഷണ മേഖലയിലെ കഴിവ് മാനിച്ച് ഡാറ്റാ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ, നാസ്കോം എന്നിവ ചേര്‍ന്ന് ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് സമ്മാനിച്ചു. വിവിധ സ്ഥാപനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും നിരവധി അവാര്‍ഡ് ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA