ലോകായുക്ത: സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളി: കെ.സുരേന്ദ്രൻ

ലോകായുക്തയുടെ കഴുത്തറുക്കുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ച് സർക്കാർ സ്വന്തം താത്പര്യം അടിച്ചേൽപ്പിക്കുകയാണെന്ന്  കെ.സുരേന്ദ്രൻ

Written by - Zee Malayalam News Desk | Last Updated : Aug 23, 2022, 05:41 PM IST
  • അഴിമതിക്ക് എതിരെയുള്ള എതിർപ്പുകളെ മൂടിക്കെട്ടാൻ ലോകായുക്തയെ തന്നെ ഇല്ലാതാക്കി
  • പിണറായി സർക്കാരിന്റെ അഹങ്കാരത്തിന് ജനം തിരിച്ചടി നൽകും
  • പിണറായി വിജയൻ കണ്ണുരുട്ടി കാണിക്കുമ്പോൾ കാനത്തിന്റെ മുട്ട് വിറയ്ക്കുന്നു
ലോകായുക്ത: സർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളി: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ആര് എതിർത്താലും ലോകായുക്ത ഭേദഗതി ബിൽ പാസ്സാക്കുമെന്ന സർക്കാരിന്റെ ധാർഷ്ട്യം ജനങ്ങളോടുള്ളവെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു.  ലോകായുക്തയുടെ കഴുത്തറുക്കുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ച് സർക്കാർ സ്വന്തം താത്പര്യം അടിച്ചേൽപ്പിക്കുകയാണെന്ന്  സുരേന്ദ്രൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ജൂഡിഷ്യൽ വിധിയെ മറികടക്കാൻ എക്സിക്യൂട്ടീവോ ലജിസ്‌ളേച്ചറോ അപ്പീൽ സംവിധാനത്തെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.

അഴിമതിക്ക് എതിരെയുള്ള എതിർപ്പുകളെ മൂടിക്കെട്ടാൻ ലോകായുക്തയെ തന്നെ ഇല്ലാതാക്കി ഭരിക്കാമെന്ന പിണറായി സർക്കാരിന്റെ അഹങ്കാരത്തിന് ജനം തിരിച്ചടി നൽകും. സി.പി.ഐക്ക് പറയാനുള്ളത് സെലക്ട് കമ്മിറ്റിയിൽ ഔദ്യോഗിക ഭേദഗതിയായി അവതരിപ്പിക്കാമെന്ന നിർദ്ദേശം സി.പി.ഐക്ക് മൂക്കുകയറിട്ടതിന് തുല്യമാണെന്നും സുരേന്ദ്രൻ ആരോപിച്ചു.. പിണറായി വിജയൻ കണ്ണുരുട്ടി കാണിക്കുമ്പോൾ കാനത്തിന്റെ മുട്ട് വിറയ്ക്കുന്നു. അതാണ് ലോകായുക്ത ബില്ലിൽ കണ്ടത്. ആത്മാഭിമാനം എന്നൊന്നുണ്ടെങ്കിൽ സി.പി.ഐ എടുത്ത നിലപാടിൽ ഉറച്ച് നിൽക്കണം. അതിനുള്ള തന്റേടം സി.പി.ഐക്കുണ്ടോ എന്നതാണ് പ്രശ്നം.

ബില്ലിനെ എതിർക്കുന്നുവെന്ന് വരുത്തി തീർത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് യു.ഡി.എഫ് കാണിക്കുന്നത്.  അഴിമതിയുടെ കാര്യത്തിൽ സി.പി.എമ്മും കോൺഗ്രസും പരസ്പരം മത്സരിക്കുകയാണ്. അതുകൊണ്ടാണ് ലോകായുക്തയുടെ കഴുത്തിൽ  വയ്ക്കുന്ന കത്തിയെ പരിചകൊണ്ട് തടുത്ത് ചെറുക്കാൻ പ്രതിപക്ഷം വൈമനസ്യം കാട്ടുന്നത്. എതിർക്കുന്നുവെന്ന് വരുത്തി തീർക്കാൻ നടത്തുന്ന ഈ പൊറാട്ട് നാടകത്തിന്റെ അന്തർധാരകൾ പൊളിഞ്ഞു വീഴുക തന്നെ ചെയ്യും. ലോകായുക്ത നിയമ ഭേദഗതി ബിൽ പാസാകുന്നതോടെ ലോകായുക്ത എന്ന സംവിധാനം വെറും നോക്കുകുത്തിയായി മാറും.

അഴിമതി നടത്തിയ പൊതുപ്രവർത്തകർ സ്ഥാനം ഒഴിയണമെന്ന 14ാം വകുപ്പാണ് ഭേദഗതിയിലൂടെ മാറ്റിമറിക്കപ്പെടുന്നത്. ഇത് ആർക്ക് വേണ്ടിയാണെന്നും ആരെ രക്ഷിക്കാനാണെന്നും സർക്കാർ വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News