തിരുവനന്തപുരം: സംസ്ഥാനം അതീവ ജാഗ്രതയിലാണ്. മഴ സംസ്ഥാനത്ത് പെയ്തുകൊണ്ടിരിക്കുന്നു. ജലാശയങ്ങളും അണക്കെട്ടുകളും നിറഞ്ഞിരിക്കുന്നു. രക്ഷാപ്രവർത്തനത്തിന് പോലീസും ദുരന്തനിവാരണ സേനകളും ഫയർഫോഴ്സുമെല്ലാം സജ്ജമാണ്. എങ്കിലും പ്രാദേശിക കേന്ദ്രങ്ങളിൽ നാട്ടുകാർ തന്നെയാണ് രക്ഷാ പ്രവർത്തനത്തിന് ആദ്യം മുന്നിട്ടിറങ്ങുക. അങ്ങനെ ഇറങ്ങുന്നവരോട് ചിലത് പറയുകയാണ് ലഫ്റ്റനന്‍റ് കേണൽ ഹേമന്ദ് രാജ്.
കേരളം പ്രളയത്തെ നേരിട്ടപ്പോൾ കരുതലായി കരുത്തായെത്തിയ സൈനിക ഉദ്യോഗസ്ഥനാണ് ലഫ്. കേണൽ ഹേമന്ദ് രാജ്. പാലക്കാട് ബാബു എന്ന ചെറുപ്പക്കാരൻ മലയിടുക്കിൽ കുടുങ്ങിയപ്പോഴും ഹേമന്ദ് രാജിന്‍റെ നേതൃത്വത്തിലാണ് രക്ഷാ ദൗത്യം നടത്തിയത്. നിരന്തരം ദുരന്തപ്രദേശങ്ങളിൽ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ രക്ഷാ പ്രവർത്തനം നടത്തിയ സൈനിക ഉദ്യോഗസ്ഥന് ചിലത് പറയാനുണ്ട്.
പറയാനുള്ളത് രക്ഷാ പ്രവർത്തനത്തിന് ഇറങ്ങുന്നവരോടാണ്. സ്വയരക്ഷ കരുതേണ്ടതിനേക്കുറിച്ചും മറ്റുള്ളവരെ രക്ഷിക്കാനിറങ്ങുമ്പോൾ എങ്ങനെയാകണം പ്രവർത്തനമെന്നും അദ്ദേഹം അനുഭവത്തിന്‍റെ വെളിച്ചത്തിൽ പറയുന്നു. നീന്തൽ അറിയാം എന്ന ഒറ്റക്കാരണത്താൽ വെള്ളത്തിലേക്ക് മറ്റുള്ളവരെ രക്ഷിക്കാൻ എടുത്ത് ചാടരുതെന്നും എന്തൊക്കെ മുൻകരുതലുകളെടുക്കണമെന്നും കുറിപ്പിലുണ്ട്.
രക്ഷാപ്രവർത്തനത്തിന് വീട്ടിൽ തന്നെയുള്ള ഏതൊക്കെ വസ്തുക്കൾ എങ്ങനെയെല്ലാം ഉപയോഗിക്കാമെന്നും കുറിപ്പിൽ വിശദീകരിക്കുന്നു. ഹീറോയിസം കാണിക്കാനുള്ള അവസരമല്ല ദുരന്തഭൂമികളെന്ന് അദ്ദേഹം മുന്നറിയിപ്പ നൽകുന്നുണ്ട്. വെള്ളത്തിലൊഴുകിവരുന്ന തടിപിടിച്ച് റീലുകളുണ്ടാക്കുന്നവരോടും ചിലത് പറയാനുണ്ട്.
Read Also: വനമധ്യത്തില്‍ പോയി ഗര്‍ഭിണികളെ രക്ഷിച്ചു; ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസിനും മന്ത്രിയുടെ അഭിനന്ദനം
നമുക്ക് രക്ഷകനായെത്തിയ, നിറയെ അനുഭവ സമ്പത്തുള്ള സൈനിക ഓഫീസറുടെ വാക്കുകൾ മലയാളികൾക്ക് ഈ അവസരത്തിൽ ഏറെ പ്രയോജനകരമാണ്. ''ദുരന്തദിനങ്ങളിൽ നമ്മൾ ജാഗ്രത പുലർത്തിയാൽ വരും ദിവസങ്ങളിൽ എന്തിനെയും തിരിച്ചു പിടിക്കാനാകും'' എന്ന പ്രത്യാശയുടെയും പ്രതിരോധത്തിന്റെയും കരുത്തോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
ലഫ്. ഹേമന്ദ് രാജിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.
രക്ഷാ ദൗത്യത്തിന് ഇറങ്ങുന്നവരോട്
കുറച്ചു ദിവസമായി പറയണമെന്ന് കരുതുന്ന കാര്യമാണ് ഇപ്പോൾ ഇവിടെ കുറിക്കുന്നത്.
2018 ഇൽ വെള്ളപ്പൊക്കത്തെ കുറിച്ച്കാര്യമായ ബോധ്യം കേരളത്തിൽ പലർക്കും ഇല്ലാതിരുന്നത് കൊണ്ടു തന്നെ മുന്നറിയിപ്പ് നൽകിയിയിട്ടും സ്വന്തം വീട്ടിൽ നിന്ന് മാറാൻ പലരും തയ്യാറായിരുന്നില്ല. നിമിഷങ്ങൾ കൊണ്ട് വെള്ളം വിഴുങ്ങിയ ആ ദിവസങ്ങളെ നമ്മൾ മനഃശക്തികൊണ്ടും, ഒത്തൊരുമകൊണ്ടും നേരിട്ടു എന്നത് മറ്റൊരു സത്യം . ഇന്ന് അലെർട്കൾ മാറി മാറി വരുമ്പോൾ നമ്മൾ എല്ലാവരും ജാഗരൂകരാണ്. എങ്കിലും ചില കാര്യങ്ങൾ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ദുരന്ത നിവാരണസേന രക്ഷപ്രവർത്തനത്തിനിറങ്ങ്ങ്ങുന്നത് നീണ്ട നാളുകളായി നടത്തുന്ന ട്രെയിനിങ്ങ്ങുകൾക്കും,റിഹേഴ്സലുകൾക്കും ശേഷമാണ്. രക്ഷാപ്രവർത്തനം നടത്തേണ്ട രീതിയെ കുറിച്ച് കൃത്യമായ ബോധ്യവും, അതിനാവശ്യമായ ഉപകരണങ്ങളും അവരുടെ കൈയിലുണ്ടാകും. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഇങ്ങനെ ദുരന്തങ്ങളുടെ രീതി മാറുന്നതിനനുസരിച്ച് ഓരോ രീതിയിൽ ആയിരിക്കും രക്ഷാപ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നതും.
എന്നാൽ ട്രൈനിങ്ങിനപ്പുറം മനുഷ്യ സ്നേഹത്തിന്റെ ബലത്തിൽ ദുരന്തസേനയ്ക്കൊപ്പം ചേരുന്ന, അല്ലെങ്കിൽ സ്വയം രക്ഷാ പ്രവർത്തനത്തിന് ഇറങ്ങി പുറപ്പെടുന്ന ഒട്ടേറെ നാട്ടുകാർ ഉണ്ടാവും. അവരോടാണ് എനിക്ക് സംസാരിക്കാനുള്ളത്.
1.നീന്തൽ അറിയാം എന്ന ഒറ്റക്കാരണത്താൽ മറ്റുള്ളവരെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടരുത് എന്നാണ് ആദ്യം പറയാനുള്ളത്. വെള്ളത്തിന്റെ ഒഴുക്കോ അടിയോഴുക്കോ നമുക്കളക്കാനാവില്ല. ആഴത്തിലേക്ക് എപ്പോഴാണ് വെള്ളം നമ്മെ
പിടിച്ചു വലിക്കുക എന്നൊന്നുമറിയില്ല. അതുകൊണ്ട് നേരെ എടുത്ത് ചാടാതെ എന്തെങ്കിലും കയർ പോലെയുള്ള സാധങ്ങൾ എറിഞ്ഞു കൊടുത്ത് രക്ഷിക്കാൻ നോക്കുക എന്നതാണ് ആദ്യം നോക്കേണ്ട രീതി. ഞങ്ങളുടെ ഭാഷയിൽ Reach and Throw method എന്ന് പറയും.ഒപ്പം കൈയിൽ മൂർച്ചയുള്ള (കത്തി പോലെയുള്ള )വസ്തുക്കൾ, കയറുകൾ, ഫ്ലോട്ട് ചെയ്തു കിടക്കുന്ന വസ്തുക്കൾ എന്നിവയും കരുതാം.
2.രക്ഷിക്കാനായി വെള്ളത്തിൽ ഇറങ്ങിയേ പറ്റു എന്നുണ്ടെങ്കിൽ സ്വയം ഒരു റോപ്പ് /കയർ ശരീരത്തിൽ ചുറ്റി, റോപ്പിന്റെ അറ്റത്തായി ഫ്ളോട് ചെയ്തു കിടക്കാനുള്ള വസ്തുക്കൾ കെട്ടിയിടുക. കന്നാസ് പോലെയുള്ള വസ്തുക്കൾ, വണ്ടിയുടെ ടയർ ഒക്കെ ഇത്തരത്തിൽ ഉപയോഗിക്കാവുന്നതാണ്. എന്നിട്ട് അതേ കയർ ഒരു മരത്തിലോ fixed ആയിട്ടുള്ള വസ്തുവിലോ കെട്ടി ഉറപ്പിച്ചിട്ട് മാത്രം വെള്ളത്തിൽ ചാടുക. സ്വയം മരത്തിലോ കട്ടിയുള്ള ഏതെങ്കിലും പ്രതലത്തിലോ ബന്ധിച്ച ശേഷം മാത്രം വെള്ളത്തിൽ ഇറങ്ങാം. ആദ്യം ചെയ്യേണ്ടത് സ്വയം രക്ഷക്കുള്ള മുൻകരുതൽ എടുക്കുക എന്നതാണ്.
3.മല്ലിക സുകുമാരനെ ഉരുളിയിൽ കയറ്റി എന്ന് പറഞ്ഞ് കളിയാക്കുന്നവർ അറിയുക വെള്ളത്തിൽ ഒരാളെ കരയ്ക്കെത്തിക്കാൻ ഏറ്റവും നല്ലമാർഗം ബിരിയാണി ചെമ്പ് പോലെയുള്ള വലിയ പാത്രങ്ങളാണ്. വീട്ടിലുള്ള കന്നാസുകളും ടയരുകളും വരെ ഞങ്ങൾ രക്ഷാ പ്രവർത്തനത്തിനായി ഉപയോഗിക്കാറുണ്ട്.
4.വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരാളെ പൊക്കിയെടുക്കുമ്പോൾ തലമുടിയിൽ പിടിച്ചു കയറ്റാൻ ഓർമിക്കുക.
5.അപകട സ്ഥലത്തേക്ക്
എടുത്തു ചാടുന്നതിനു മുൻപ് ആലോചിക്കുക സ്വന്തം ജീവന് കൂടി കരുതൽ വേണമെന്ന്. ഹീറോയിസം കളിക്കാനുള്ള അവസരമായി ദുരന്തങ്ങളെ കാണരുത്. വെള്ളത്തിൽ ഒഴുകി വരുന്ന തടിപിടിച്ച് സിനിമസ്റ്റൈൽ റീലുകൾ ഉണ്ടാക്കുന്നവർ സ്വന്തം ജീവനെ മാനിക്കുന്നില്ല എന്ന് മാത്രമല്ല മറ്റുള്ളവരെ അതിനു പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നു. വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിലെക്കുള്ള യാത്രയും കളികളും കുളിയുമൊക്കെ ദയവ് ചെയ്ത് ഒഴിവാക്കുക.അതൊക്കെ പിന്നെയും ആകാം.
6.അപകട സാധ്യത ഉള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ മുൻകരുതൽ എടുക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യാവുന്ന കാര്യം.
അലെർട്ടുകൾ ലഭിച്ചാൽ മണ്ണിടിച്ചിൽ അല്ലെങ്കിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക.
7.മുൻവർഷങ്ങളിലെ അനുഭവങ്ങളിൽ നിന്ന് വെള്ളം കയറിയേക്കാവുന്ന സ്ഥലങ്ങൾ താമസിക്കുന്നവർക്ക് അറിയാൻ കഴിയും. ആ സ്ഥലങ്ങളിൽ ഉള്ളവരെ ആദ്യം ഒഴിപ്പിക്കുക.ഏതു നാട്ടിലും
ഉയർന്ന പ്രദേശങ്ങളിൽ ഒരു സ്‌കൂളോ മറ്റു കെട്ടിടങ്ങളോ ഒക്കെയുണ്ടാകും. വീടിനെ കുറിച്ചോ വീട്ടുപകരണങ്ങളെ കുറിച്ചോ ആലോചിക്കാതെ മാറാൻ തീരുമാനിക്കുക.
ദുരന്തദിനങ്ങളിൽ നമ്മൾ ജാഗ്രത പുലർത്തിയാൽ വരും ദിവസങ്ങളിൽ എന്തിനെയും തിരിച്ചു പിടിക്കാനാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...