Thiruvananthapuram: ലക്ഷദ്വീപിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് കേരളം, അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത പ്രമേയം പാസാക്കാന്‍ തീരുമാനമായി.
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ അടക്കം ആവശ്യമുന്നയിച്ച പശ്ചാത്തലത്തിലാണ് കേരള നിയമസഭ പ്രമേയം പാസാക്കാൻ തീരുമാനിച്ചത്.
അടുത്തയാഴ്ച പ്രമേയം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുമുന്നണികളും പ്രമേയത്തെ അനുകൂലിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ പരിശോധിക്കുകയാണെന്ന് സ്പീക്കര്‍ എം. ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ BJP ഒഴികെ മറ്റു പ്രധാന പാര്‍ട്ടികളെല്ലാംതന്നെ ലക്ഷദ്വീപിനെ പിന്തുണച്ച് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ജനവിരുദ്ധ നടപടികളുമായി മുന്നോട്ട് പോവുകയാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍. ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ എഐസിസി സംഘത്തിന് അഡ്മിനിസ്ട്രേഷന്‍ വിലക്കേര്‍പ്പെടുത്തി. 144 പ്രഖ്യാപിച്ചതും കോവിഡ് വ്യാപനവും ചൂണ്ടികാട്ടിയാണ് എഐസിസി സംഘത്തിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ അനുമതി നിഷേധിച്ചത്. അഡ്മിനിസ്‌ട്രേറ്ററുടെ നടപടി ഫാസിസമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രന്‍ പ്രതികരിച്ചു.
ദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ക്കെതിരെ പ്രതിഷേധം ശക്തമാവുമ്പോഴും നടപടികളുമായി മുന്നോട്ടു പോകുകയാണ് പ്രഫുല്‍ പാട്ടീല്‍. ലക്ഷദ്വീപില്‍ 15 സ്‌കൂളുകളാണ് ഇതിനോടകം പൂട്ടിയത്. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കുറവ് ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകള്‍ പൂട്ടിയത്. കില്‍ത്താനില്‍ മാത്രം അഞ്ച് സ്‌കൂളുകള്‍ പൂട്ടി. കൂടാതെ, ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെ മറ്റു ദ്വീപുകളിലേക്ക് അടിയന്തരമായി സ്ഥലം മാറ്റുകയും ചെയ്തു.
Also Read: Lakshadweep issue: ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശത്തിനായി പോരാടും, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
ദ്വീപില്‍ കോവിഡ് വ്യാപനം ശക്തമാവുകയാണ്. പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെയാണ് വ്യാപനം വര്‍ദ്ധിച്ചത്. രാജ്യം കോവിഡിന്‍റെ പിടിയിലമര്‍ന്നപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68% ആണ് എന്നതാണ് വസ്തുത. മുന്‍പ് കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രമേ ദ്വീപിലേക്ക് പ്രവേശനം നല്‍കിയിരുന്നുള്ളൂ. എന്നാല്‍, യന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതോടെ കോവിഡ് വ്യാപിക്കുകയായിരുന്നു.
മുന്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ദിനേശ്വര്‍ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് പെട്ടെന്ന് മരിച്ചതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്‍റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്. മുന്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്നു പ്രഫുല്‍ പട്ടേല്‍. എന്നാല്‍, അധികാരമേറ്റതോടെ ഏകാധിപത്യഭരണം നടത്താനാണ് അദ്ദേഹം ശ്രമിച്ചിരുന്നത് എന്നാണ് വിലയിരുത്തല്‍.
അടുത്തിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ കൈക്കൊണ്ട നടപടികളാണ് പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കും വഴിതെളി ച്ചിരിയ്ക്കുന്നത്. ടൂറിസം വികസനത്തിനെന്ന പേരില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും തീരദേശ കുടിയൊഴിപ്പിക്കലും കുറ്റകൃത്യങ്ങള്‍ കുറവുള്ള ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കം വ്യത്യസ്ത അജണ്ടയുമായി മുന്നോട്ടുപോകുന്ന ഫ്രഫുല്‍ പട്ടേലിനെതിരെ ദ്വീപില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...