വൈദ്യുതി നിരക്കില്‍ സെസ്സ് ഏര്‍പ്പെടുത്താന്‍ കെ.എസ്.ഇ.ബിയുടെ നീക്കം

വൈദ്യുതി വാങ്ങിയ വകയില്‍ ചെലവായ അധിക തുക കണ്ടെത്താന്‍ വൈദ്യുതി ചാര്‍ജ്ജിനൊപ്പം സെസ്സ് ഏര്‍പ്പെടുത്താന്‍ കെ.എസ്.ഇ.ബിയുടെ നീക്കം.    

Last Updated : Oct 31, 2017, 12:41 PM IST
വൈദ്യുതി നിരക്കില്‍ സെസ്സ് ഏര്‍പ്പെടുത്താന്‍ കെ.എസ്.ഇ.ബിയുടെ നീക്കം

തിരുവനന്തപുരം: വൈദ്യുതി വാങ്ങിയ വകയില്‍ ചെലവായ അധിക തുക കണ്ടെത്താന്‍ വൈദ്യുതി ചാര്‍ജ്ജിനൊപ്പം സെസ്സ് ഏര്‍പ്പെടുത്താന്‍ കെ.എസ്.ഇ.ബിയുടെ നീക്കം.    

മൂന്നു മാസത്തേക്ക് യൂണിറ്റിന് 14 പൈസ വീതം വര്‍ധിപ്പിക്കാനുള്ള അനുമതി ആവശ്യപ്പെട്ടാണ് കെ.എസ്.ഇ.ബി വൈദ്യുതി റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കിയിരിക്കുന്നത്. 

ഒഡിഷയിലെ താപനിലയത്തില്‍നിന്നു മതിയായ വൈദ്യുതി ലഭിക്കാതിരുന്നതിനാല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍വരെ കൂടുതല്‍ വൈദ്യുതി വാങ്ങുന്നതിന് ബോര്‍ഡ് അധികം പണം ചെലവഴിച്ചു. എട്ട് ഏജന്‍സികളില്‍ നിന്നായി 3,632 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഈ സമയത്ത് കെ.എസ്.ഇ.ബി. വാങ്ങിയത്. ഇത്തരത്തില്‍ ചെലവായ 75 കോടിയോളം രൂപ തിരിച്ചുപിടിക്കുന്നതിനാണ് കെ.എസ്.ഇ.ബിയുടെ അപേക്ഷ. നവംബര്‍ 8 ന് ചേരുന്ന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. 

നവംബര്‍ മുതല്‍തന്നെ വില വര്‍ധന പ്രാബല്യത്തില്‍ വരുകയും ചെയ്യും.  

വൈദ്യുതി വാങ്ങിയതിന്‍റെ പേരില്‍ നിരക്ക് കൂട്ടാനോ, സെസ്സ് ഏര്‍പ്പെടുത്താനോ കഴിയില്ല. എന്നാല്‍ കെ.എസ്.ഇ.ബിയുടേതല്ലാത്ത കാരണങ്ങളാലുള്ള വൈദ്യുതി കമ്മി പരിഹരിക്കുന്നത് അപ്രതീക്ഷിത ചെലവായി കണക്കാക്കി ആ നഷ്ടം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ വൈദ്യുതി നിരക്ക് നിയന്ത്രണ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥ പ്രകാരമാണ് സെസ്സ് ഏര്‍പ്പെടുത്തി നഷ്ടം നികത്താന്‍ കെ.എസ്.ഇ.ബി ആലോചിക്കുന്നത്. 

കേരളത്തില്‍ വൈദ്യുതിക്ഷാമം നേരിട്ടത് ഓഗസ്റ്റ് വരെയായിരുന്നു. കാരണം അതുവരെ കാലവര്‍ഷം വളരെ മോശമായിരുന്നു. ഓഗസ്റ്റിനു ശേഷം കേരളത്തിന് മികച്ച മഴയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ജലസംഭരണികളില്‍ ആവശ്യത്തിന് വെള്ളമുള്ളതുകൊണ്ട് വൈദ്യുതി പ്രതിസന്ധിയില്ല.

 

 

Trending News