Kseb Electricity Bill: രണ്ട് എൽഇഡി ബൾബും, രണ്ട് ഫാനും: രണ്ട് മുറി വീട്ടിലെ കറൻറ് ബില്ല് കണ്ട് ഷോക്കായി കുടുംബം

Kseb Electricity Bill: ഉടമയുടെ സഹോദരൻറെ പേരിലാണ് വൈദ്യുതി കണക്ഷൻ എടുത്തിരിക്കുന്നത്, ബില്ല് കൂടിയത് സംബന്ധിച്ച് കെഎസ്ഇബിക്കും അറിയില്ല

Written by - Zee Malayalam News Desk | Last Updated : Mar 21, 2023, 02:54 PM IST
  • രണ്ട് ദിവസങ്ങൾക്ക് ശേഷം എത്തിയ ഉദ്യോഗസ്ഥർ പഴയ മീറ്ററിന് തകരാറില്ല എന്ന് അറിയിച്ച ശേഷം പുതുതായി സ്ഥാപിച്ച മീറ്റർ തിരികെ കൊണ്ടുപോയി
  • ചൊവ്വാഴ്ച രാവിലെ 9 മണിയോടെ രണ്ട് ലൈൻമാൻമാർ എത്തി വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചത്.
  • മാതാവിന്റെ ആരോഗ്യം മോശമാണെന്നും മക്കളുടെ പരീക്ഷാക്കാലം കൂടി ആയതിനാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കരുത് എന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല
Kseb Electricity Bill: രണ്ട് എൽഇഡി ബൾബും, രണ്ട് ഫാനും: രണ്ട് മുറി വീട്ടിലെ കറൻറ് ബില്ല് കണ്ട് ഷോക്കായി കുടുംബം

മണിപ്പുഴ: രണ്ട് മുറി മാത്രമുള്ള വീട്ടിലെ ദരിദ്ര കുടുംബത്തിന് ഇരുട്ടടിയായി കെഎസ്ഇബി നൽകിയ ബില്ല് കണ്ടവർക്ക് പോലും ഷോക്കായി.ബില്ല് നൽകിയതിന് പിന്നാലെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധവും കെഎസ്ഇബി വിച്ഛേദിച്ചു. പെരിങ്ങര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആലഞ്ചേരിൽ വീട്ടിൽ വിജയനും കുടുംബവും ആണ് കെഎസ്ഇബി മണിപ്പുഴ സെക്ഷൻ നൽകിയ അപ്രതീക്ഷിത ഇരുട്ടടിയിൽ ഇരുളിൽ തപ്പുന്നത്.  പതിനേഴായിരത്തിലധികം രൂപയുടെ ബില്ലാണ് ഇവർക്ക് കെഎസ്ഇബിയിൽ നിന്ന് ലഭിച്ചത്.

വിജയനും ഭാര്യയും വിദ്യാർത്ഥികളായ രണ്ടു മക്കളും 80 വയസ്സോളം പ്രായമുള്ള ഹൃദ്രോഗിയായ മാതാവുമാണ് വീട്ടിൽ താമസിക്കുന്നത്. രണ്ട് എൽഇഡി ബൾബുകളും രണ്ട് ഫാനുകളും മാത്രമാണ് വീട്ടിൽ ഉള്ളത്. വിജയന്റെ ജേഷ്ഠ സഹോദരൻ രമേശിന്റെ പേരിലാണ് കണക്ഷൻ എടുത്തിരിക്കുന്നത്. പ്രതിമാസം 500 രൂപയിൽ താഴെ മാത്രം ബില്ല് ലഭിച്ചിരുന്ന കൂലിപ്പണിക്കാരനായ വിജയന് രണ്ടാഴ്ച മുമ്പാണ് 17044 രൂപയുടെ ബില്ല് മൊബൈൽ മുഖേന ലഭിക്കുന്നത്.

ഇതേ തുടർന്ന് വിജയൻ കാവുംഭാഗത്തെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ പരാതി നൽകി. അംഗീകൃത ഇലക്ട്രീഷ്യനെ കൊണ്ട് വീട്ടിലെ വയറിങ് പരിശോധിപ്പിച്ച് മീറ്ററിന്റെ ഫോട്ടോയും എടുത്തു നൽകാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. വീട് പരിശോധിച്ച ഇലെക്ട്രീഷ്യൻ വയറിങ് തകരാറുകൾ ഇല്ലെന്ന് അറിയിച്ചു. തുടർന്ന് മീറ്ററിന്റെ ഫോട്ടോയെടുത്ത് വിജയൻ വീണ്ടും കെഎസ്ഇബി ഓഫീസിൽ എത്തി. രണ്ട് ദിവസങ്ങൾക്കകം കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വിജയന്റെ വീട്ടിൽ സ്ഥാപിച്ചിരുന്ന മീറ്റർ കൂടാതെ മറ്റൊരു മീറ്റർ കൂടി ബോർഡിൽ സ്ഥാപിച്ചു.

രണ്ട് ദിവസങ്ങൾക്ക് ശേഷം വീണ്ടും എത്തിയ ഉദ്യോഗസ്ഥർ പഴയ മീറ്ററിന് തകരാറില്ല എന്ന് അറിയിച്ച ശേഷം പുതുതായി സ്ഥാപിച്ച മീറ്റർ തിരികെ കൊണ്ടുപോയി. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ രണ്ട് ലൈൻമാൻമാർ എത്തി വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചത്. 

മാതാവിന്റെ ആരോഗ്യം മോശമാണെന്നും മക്കളുടെ പരീക്ഷാക്കാലം കൂടി ആയതിനാലും വൈദ്യുതി ബന്ധം വിച്ഛേദിക്കരുത് എന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല എന്ന് വിജയൻ പറയുന്നു. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന തനിക്ക് ഭീമമായ ഈ തുക അടയ്ക്കാൻ നിർവാഹമില്ലെന്നും പ്രശ്നം പരിഹരിക്കുവാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം എന്നതുമാണ് ഈ കുടുംബത്തിന്റെ ആവശ്യം. എന്നാൽ ഇത് സംബന്ധിച്ച് കെഎസ്ഇബി മണിപ്പുഴ സെക്ഷനിലെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോൾ നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
 

Trending News