കോട്ടയം: എരുമേലിയിൽ രണ്ട് പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവായി. ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീയാണ് ഉത്തരവിട്ടത്. ജില്ലാ പോലീസ് മേധാവി, ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമാണ് ഉത്തരവിട്ടത്. കാട്ടുപോത്ത് ഉൾവനത്തിലേക്ക് പോയില്ലെങ്കിൽ ഇനിയും ആക്രമണത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് തീരുമാനം. നിലവിൽ ജനവാസ മേഖലയിലാണ് പോത്തുള്ളതെന്നും ജനം പരിഭ്രാന്തിയിലാണെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് നടപ്പാക്കേണ്ട ചുമതല ജില്ലാ പോലീസ് മേധാവിക്കാണ്.
സംസ്ഥാനത്ത് രണ്ടിടത്ത് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായിരുന്നു. ഇതിൽ മൂന്ന് പേർ മരണപ്പെടുകയും ചെയ്തു. കോട്ടയം എരുമേലി കണമലയിൽ രണ്ട് പേരും കൊല്ലത്ത് ഒരാളുമാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചത്. കോട്ടയത്ത് പറത്തേൽ ചാക്കോച്ചൻ (65), പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചലിൽ പ്രവാസിയായ സാമുവൽ വർഗീസാണ് മരിച്ചത്.
കണമല-ഉമികുപ്പ റോഡ്സൈഡിലെ വീട്ടിൽ ഇരിക്കുകയായിരുന്ന ചാക്കോയെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. തോമസ് തോട്ടത്തില്‍ ജോലി ചെയ്യവെയാണ് ആക്രമണമുണ്ടായത്. കൊല്ലത്ത് മരിച്ച സാമുവൽ കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്നും നാട്ടിലെത്തിയത്. ഇന്നു രാവിലെ വീടിനോട് ചേർന്ന റബർ തോട്ടത്തിൽ നിൽക്കുമ്പോൾ കാട്ടുപോത്ത് പാഞ്ഞെത്തി സാമുവലിനെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാമുവലിനെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വനമേഖലയല്ലാത്ത ആ പ്രദേശത്ത് കാട്ടുപോത്ത് വന്നത് എങ്ങനെയെന്ന കാര്യത്തിൽ അറിവില്ല. സംഭവത്തെ തുടർന്ന് ഓടിക്കൂട്ടിയ നാട്ടുകാർ കാട്ടുപോത്തിനെ ഓടിക്കുകയും റോഡിലൂടെ ഓടുന്ന സമയം റോഡിൽ നിന്നും കാട്ടുപോത്ത് താഴ്ചയിലേക്ക് വീണു ചത്തുവെന്നുമാണ് റിപ്പോർട്ട്. പ്രദേശങ്ങളില്‍ വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കാന്‍ വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.
പ്രദേശത്ത് വന്യമൃഗങ്ങള്‍ എത്തുന്നില്ല എന്ന് ഉറപ്പു വരുത്താനും, അവയെ കണ്ടെത്തിയാല്‍ വേണ്ട നടപടി സ്വീകരിക്കാനും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോട്ടയത്ത് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അരുണ്‍ ആര്‍.എസ്, കോട്ടയം ഡി.എഫ്.ഒ എന്‍. രാജേഷ് എന്നിവരെയും കൊല്ലത്ത് സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കമലാഹര്‍, പുനലൂര്‍ ഡി.എഫ്.ഒ ഷാനവാസ് എന്നിവരെയും നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ചുമതലപ്പെടുത്തി.
മരിച്ചവരുടെ ബന്ധുക്കൾക്കുള്ള നഷ്ടപരിഹാര തുക രണ്ട് ദിവസത്തിനകം നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്. ആദ്യഘട്ടം എന്ന നിലയില്‍ അഞ്ച് ലക്ഷം രൂപ നൽകും. ബാക്കി അഞ്ച് ലക്ഷം വീതം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, അനന്തരാവകാശികളുടെ വിവരം അടങ്ങിയ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കുന്ന മുറയ്ക്ക് നല്‍കുമെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...