തിരുവനന്തപുരം : കൊവിഡ് കാലത്ത് നടത്തിയ പിപിഇ കിറ്റ് അഴിമതിയുമായി ബന്ധപ്പെട്ട ലോകായുക്ത കേസിൽ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്നും അടിയന്തര പ്രാധാന്യമുള്ളതിനാലാണ് കൂടിയ വിലയ്ക്ക് പി പി ഇ കിറ്റ് വാങ്ങിയതെന്നുമാണ് വിശദീകരണം. അതേസമയം സംഭവത്തെ തുടർന്ന് കേസെടുത്ത ലോകായുക്തയെ പരിഹസിച്ച് കെ.ടി.ജലീൽ രംഗത്തെത്തി.
കൊവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ ലോകായുക്ത കേസെടുക്കാൻ നിർദ്ദേശിക്കുകയും നോട്ടീസയക്കുകയും ചെയ്തതിന് പിന്നാലെയാണ് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പ്രതികരണം. പ്രതിസന്ധി ഘട്ടമായതിനാൽ കൂടുതൽ കിറ്റുകൾ ഒരേ സമയം വാങ്ങുക എന്നതായിരുന്നു ലക്ഷ്യം.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപ വിലയുള്ള പി.പി.ഇ കിറ്റുകൾ 1500 രൂപയ്ക്ക് വാങ്ങിയതെന്നും അൻപതിനായിരത്തിന് ഓർഡർ നൽകിയതെങ്കിലും പതിനയ്യായിരം മാത്രമേ വാങ്ങിയുള്ളൂ എന്നുമായിരുന്നു ശൈലജയുടെ വിശദീകരണം. കുവൈറ്റിൽ നടന്ന പരിപാടിയിലായിരുന്നു മന്ത്രിയുടെ വിശദീകരണം. അതിനിടെ, കെ.കെ. ശൈലജയെ ന്യായീകരിച്ച് ആരോഗ്യമന്ത്രി വീണജോർജും രംഗത്തെത്തി. ലോകായുക്തയുടേത് സ്വാഭാവിക നടപടി മാത്രമാണെന്നും തട്ടിപ്പ് നടന്നിട്ടില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
ലോകായുക്ത കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പരിഹാസവുമായി കെ.ടി.ജലിൽ രംഗത്തെത്തി. ലോകായുക്ത അറിയാൻ എന്ന പേരിൽ ഫെയ്സ് ബുക്കിൽ കുറിച്ച പോസ്റ്റിൽ ഏകപക്ഷീയമായി വിധി പറയാൻ മാത്രമല്ല നോട്ടീസയച്ച് കാര്യങ്ങൾ കൃത്യമായും നടപ്പാക്കാൻ ലോകായുക്തയ്ക്കറിയാം എന്ന് അറിയിച്ചതിന് നന്ദിയെന്നും പരാമർശിക്കുന്നു. എന്നാൽ, നിയമസഭയ്ക്കകത്തും പുറത്തും ശൈലജയെ സംരക്ഷിച്ചിരുന്ന സിപിഎം കേസെടുത്ത ശേഷം ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടുമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...