തിരുവനന്തപുരം : കോവളത്തെ ടൂറിസം വകുപ്പിന്റെ ദിശ-സന്ദേശ ബോർഡിലെ അക്ഷര പിശക് മന്ത്രിയെ ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. മണിക്കൂറുകൾക്കകം വകുപ്പ് ഡയറക്ടർ ഇടപ്പെട്ട് അക്ഷര പിശക് തിരുത്തുകയും ചെയ്തു. പാർട്ടി തന്നെ ബഹിഷ്കരിക്കുന്നെങ്കിലും ജനപ്രതിനിധികൾ ശ്രദ്ധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ശ്രീജിത്ത് പണിക്കർ ട്രോൾ രൂപേണ മറുപടിയും നൽകി. ശ്രീജിത്തിന്റെ പോസ്റ്റിന് പിന്നാലെ സംഭവം സോഷ്യൽ മീഡിയയിൽ ട്രോളായി മാറിയിരുന്നു.
നടി ശരണ്യ മോഹന്റെ ഭർത്താവ് അരവിന്ദ് കൃഷ്ണനെടുത്ത വീഡിയോയാണ് ശ്രീജിത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'THANKS FOR YOUR VICIT COME AGAIN' എന്നാണ് നിരവധി വിദേശ ടൂറിസ്റ്റുകളെത്തുന്ന കോവളം ബീച്ചിന് സമീപത്തെ ദിശ ബോർഡിൽ എഴുതിയിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പ് തന്നെയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
ALSO READ : Finance Department: 7.26 കോടി എ സമ്പത്തിന് മാത്രമായി ചിലവാക്കിയതല്ല; വാർത്ത നിഷേധിച്ച് ധന വനകുപ്പ്
"പ്രിയ മുഹമ്മദ് റിയാസ്, VISIT എന്നതിനെ VICIT ആക്കിയാലും KOVALAM എന്നതിനെ KOVALAN (കോവാലൻ) ആക്കാഞ്ഞതിനു നന്ദി..." എന്ന് നർമ്മത്തിലുള്ള കുറപ്പ് നൽകിയാണ് ശ്രീജിത്ത് വകുപ്പിന്റെ ശ്രദ്ധ ക്ഷണിക്കുന്നത്.
ശ്രീജിത്ത് പോസ്റ്റിട്ട് മണിക്കൂറകൾക്കകം വകുപ്പിന്റെ ശ്രദ്ധ കോവളം ബീച്ചിലെ ദിശ ബോർഡിലെത്തി. VICIT VISIT ആക്കി മാറ്റി. പാർട്ടി തന്നെ ബഹിഷ്കരിക്കുമ്പോഴും അതെ പാർട്ടിയുടെ ജനപ്രതിനിധികൾ തന്നെ ശ്രദ്ധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അക്ഷരപ്പിശക് മാറ്റിയ പുതിയ വീഡിയോ പങ്കുവെച്ചുകൊണ്ട് ശ്രീജിത്ത് വീണ്ടും ഫേസ്ബുക്കിൽ കുറിച്ചു.
ALSO READ : ഇന്ത്യയിൽ ഇസ്ലാം വളർന്നത് സഹിഷ്ണുതയിലൂടെയും സൽസ്വഭാവത്തിലൂടെയും : കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്:
മിഷൻ സക്സസ്!
അല്ലെങ്കിലും മുഹമ്മദ് റിയാസ് സ്നേഹമുള്ളവനാ. കോവളത്തെ ഒരു സർക്കാർ ബോർഡിലെ ഭീകര അക്ഷരപ്പിശക് കാട്ടി രാവിലെ ഞാനൊരു പോസ്റ്റിട്ടിരുന്നല്ലോ. ഇതാ അഞ്ചു മണിക്കൂറിനകം അക്ഷരപ്പിശക് മാറ്റി ബോർഡിനെ നല്ല കുട്ടപ്പൻ ആക്കിയിട്ടുണ്ട്. പാർട്ടി അന്തസ്സില്ലാത്ത ബഹിഷ്കരണം തുടരുമ്പോഴും ജനപ്രതിനിധികൾ അടിയനെ ശ്രദ്ധിക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം. അഭിവാദ്യങ്ങൾ.
അടുത്തിടെയായി ശ്രീജിത്ത് പണിക്കർ ഉള്ള ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധികൾ പങ്കെടുക്കാറില്ല. എകെജി സെന്ററിൽ നിന്ന് ഇങ്ങനെയൊരു നിർദേശം മാസങ്ങൾക്ക് മുമ്പേ നൽകിയിട്ടുണ്ടായിരുന്നു. സിപിഎം പ്രതിനിധികളെ പാർട്ടി നേരിട്ടാണ് ചർച്ചകൾക്ക് അയക്കുന്നത്. പണിക്കർ ഉണ്ടങ്കിൽ വരില്ല എന്ന് അവർ ചർച്ചക്ക് വിളിക്കുമ്പോൾ പറയും, സിപിഎം ഇല്ലെങ്കിൽ ചർച്ചകൾ ഏകപക്ഷീയമാകും. അതിനാൽ പലപ്പോഴും പണിക്കരെ ചാനലുകൾ ഒഴിവാക്കുന്നു.ഇതെതുടർന്നാണ് മന്ത്രിയെ അഭിനന്ദിച്ച പോസ്റ്റിൽ സിപിഎമ്മിന്റെ ബഹിഷ്കരണത്തിന് കൂടി ഉൾപ്പെടുത്തിയുള്ള പണിക്കരുടെ ഒളിയമ്പ്.
കൂടാതെ അക്ഷരപ്പിശക് തിരത്തിയെന്ന് ശ്രീജിത്തിന്റെ പോസ്റ്റിന് മറുപടി നൽകി കേരളം ടൂറിസം ഡയറക്ടർ കൃഷ്ണ തേജ ഐഎഎസും രംഗത്തെത്തി. "ഞങ്ങളുടെ ശ്രദ്ധ ക്ഷണിച്ചതിന് നന്ദി. അത് തിരുത്തിട്ടുണ്ട്" കൃഷ്ണ തേജ ഐഎഎസ് ശ്രീജിത്തിന്റെ പോസ്റ്റിന് ചിത്രം സഹിതം കമന്റായി രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക