മികച്ച സിനിമ 'ഹോം', മികച്ച നടന്‍ 'ഇന്ദ്രന്‍സ്', മികച്ച നടി 'മഞ്ജു പിള്ള'... യഥാര്‍ത്ഥ തീരുമാനം ഇങ്ങനെ ആയിരുന്നോ? പിന്നെങ്ങനെ മാറി?

വിജയ് ബാബു നിർമിച്ച സിനിമയ്ക്ക് പുരസ്കാരങ്ങൾ നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചോ? എന്തുകൊണ്ടാണ് ഇന്ദ്രൻസിന്റേയും മഞ്ജു പിള്ളയുടേയും അഭിനയം പരിഗണിക്കാതെ പോയത് എന്തുകൊണ്ട് എന്ന ചോദ്യവും ഉയരുന്നു

Written by - Zee Malayalam News Desk | Last Updated : May 27, 2022, 06:43 PM IST
  • ഹോം സിനിമ ആയിരുന്നു മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ് സൂചന
  • വിജയ് ബാബു നിർമിച്ച സിനിമ ആയതുകൊണ്ട് ഒഴിവാക്കാൻ തീരുമാനിച്ചതാണോ എന്നാണ് ചോദ്യം
  • ഇന്ദ്രൻസ് മികച്ച നടനായും മഞ്ജു പിള്ള മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു എന്ന സൂചനയും ലഭിക്കുന്നുണ്ട്
 മികച്ച സിനിമ 'ഹോം', മികച്ച നടന്‍ 'ഇന്ദ്രന്‍സ്', മികച്ച നടി 'മഞ്ജു പിള്ള'... യഥാര്‍ത്ഥ തീരുമാനം ഇങ്ങനെ ആയിരുന്നോ? പിന്നെങ്ങനെ മാറി?

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ഏറെ പ്രതീക്ഷിക്കപ്പെട്ട സിനിമകളില്‍ ഒന്നായിരുന്നു റോജിന്‍ തോമസ് സംവിധാനം ചെയ്ത 'ഹോം'. ഇന്ദ്രന്‍സിന്റേയും മഞ്ജു പിള്ളയുടേയും മികച്ച പ്രകടനം കൊണ്ടും മികച്ച സംവിധാനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു അത്. എന്നാല്‍ പ്രധാന പുരസ്‌കാരങ്ങള്‍ ഒന്നും 'ഹോം' സിനിമയ്ക്ക് ലഭിച്ചില്ല. അത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്.

ഇപ്പോള്‍ ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബു ആണ് സിനിമയുടെ നിര്‍മാതാവ്. പുതുമുഖ നടി പരാതി നല്‍കിയതിനെ തുടര്‍ന്ന് വിജയ് ബാബു ദുബായിലേക്ക് കടന്നിരിക്കുകയാണ്. തിരിച്ചെത്തിയാല്‍ ഉടന്‍ അറസ്റ്റ് നടക്കുമെന്ന് പോലീസ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹോം സിനിമയെ പുരസ്‌കാരങ്ങളില്‍ നിന്ന് മനപ്പൂര്‍വ്വം മാറ്റി നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചോ എന്നാണ് ചോദ്യം. 

Read Also: ബിജു മേനോനും ജോജുവും മികച്ച നടന്മാർ, രേവതി നടി

മികച്ച സിനിമയായി ജൂറി തിരഞ്ഞെടുത്തത് ഹോം ആണെന്ന രീതിയിലുള്ള സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. മികച്ച നടനായി ഇന്ദ്രന്‍സിനേയും നടിയായി മഞ്ജു പിള്ളയേയും ഈ സിനിമയിലെ അഭിനയത്തിന് ജൂറി തിരഞ്ഞെടുത്തിരുന്നു എന്ന രീതിയിലും സൂചനകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ വിജയ് ബാബു പ്രശ്‌നം കത്തി നില്‍ക്കുമ്പോള്‍ അദ്ദേഹം നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്ത സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയിലാണ് തീരുമാനം മാറ്റിയത് എന്നാണ് വിവരം. കേസുമായി മറ്റൊരു ബന്ധവും ഈ സിനിമയ്ക്കുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അതിജീവിതയ്‌ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി തന്നെ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. അതിജീവിതയെ കണ്ട് പൂര്‍ണ പിന്തുണ അറിയിച്ചിട്ടും ഉണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ബലാത്സംഗ കേസിലെ പ്രതി നിര്‍മിച്ച സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നത് ഔചിത്യമല്ലെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയെന്നാണ് സൂചന. 

Read Also: വിജയ് ബാബു നാട്ടിലെത്തിയാൽ അറസ്റ്റ് ചെയ്യും, സഹായിച്ചവരെ ചോദ്യം ചെയ്യുമെന്നും കമ്മീഷണർ

മികച്ച ജനപ്രിയ ചിത്രമായി ജൂറി തിരഞ്ഞെടുത്തത് 'നായാട്ട്' ആണെന്നും സൂചനയുണ്ട്. എന്നാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ആണ് ഈ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാള്‍. തനിക്ക് പങ്കാത്തമുള്ള സിനിമയെ പുരസ്‌കാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന രഞ്ജിത്ത് ജൂറിയോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് 'ഹൃദയം' മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ് വിവരം.

ബലാത്സംഗ കേസിലെ പ്രതി നിര്‍മിച്ച സിനിമ എന്നതുകൊണ്ട് 'ഹോം' സിനിമയെ പുരസ്‌കാരങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതുണ്ടോ എന്ന ചോദ്യവും ഇതോടൊപ്പം ഉയര്‍ത്തപ്പെടേണ്ടതുണ്ട്. ഒരു കലാസൃഷ്ടി എന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവച്ച അഭിനേതാക്കള്‍ എന്ന നിലയിലും ആ സിനിമയും അഭിനേതാക്കളും പരിഗണിക്കപ്പെടേണ്ടതല്ലേ എന്നാണ് ചോദ്യം. 

ബിജു മെനോനും ജോജു ജോർജ്ജും ആണ് ഇത്തവണ മികച്ച നടൻമാരായി തിരഞ്ഞെടുക്കപ്പെട്ടത്. രേവതി മികച്ച നടിയായും ആവാസ വ്യൂഹം മികച്ച സിനിമയായും തിരഞ്ഞെടുക്കപ്പെട്ടു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News