കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം ആവശ്യപ്പെട്ട് കേരളം

സംസ്ഥാന സര്‍ക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു  

Written by - Zee Malayalam News Desk | Last Updated : May 5, 2022, 06:48 PM IST
  • ആള്‍ നാശത്തിനും കൃഷി നാശത്തിനും ഒരു ദേശീയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്
  • മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് ആവശ്യമായ പഠനങ്ങള്‍ നടത്തണമെന്നും ആവശ്യം
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം ആവശ്യപ്പെട്ട് കേരളം

കാട്ടുപന്നികള്‍ ഉള്‍പ്പെടെ ആള്‍ നാശവും കൃഷിനാശവും വരുത്തുന്നതും എണ്ണത്തില്‍ നിയന്ത്രണാധീതമായി പെരുകികൊണ്ടിരിക്കുന്നതുമായ വന്യജീവികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനുള്ള അധികാരം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചതായി വനം - വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനയിലായിരുന്ന വന്യജീവി സംരക്ഷണ ഭേദഗതി ബില്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ചുകൊണ്ടാണ് സംസ്ഥാനം ഈ ആവശ്യം മുന്നോട്ടു വെച്ചത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമായ ഈ അധികാരം വിനിയോഗിച്ച് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു.

ഭേദഗതി ബില്ലിലെ മറ്റൊരു വ്യവസ്ഥ ഓമന ജീവികളായി വളര്‍ത്തുന്നതും വില്‍പ്പന നടത്തി വരുന്നതുമായ വിവിധ ഇനങ്ങളെ ഒരു പ്രത്യേക പട്ടികയായി വന്യജീവി നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്നതിനുള്ള വ്യവസ്ഥയും സംസ്ഥാനം എതിര്‍ത്തിട്ടുണ്ട്. നിര്‍ദ്ദിഷ്ട വ്യവസ്ഥ പ്രകാരം ഓമന ജീവികളായി സാധാരണക്കാരും ചെറുകിട വ്യവസായികളും വളര്‍ത്തുകയും വില്‍പ്പന നടത്തുകയും ഉള്‍പ്പെടെ ചെയ്യുന്ന 1342 ഇനങ്ങളെ പ്രത്യേക പട്ടികയായി നിയമത്തില്‍ ഉള്‍പ്പെടുത്തുന്നതിനും അവയുടെ എണ്ണം, കുട്ടികളുണ്ടാകുന്നവയുടെ എണ്ണം, മരണം, കൈമാറ്റം തുടങ്ങിയ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങല്‍, പ്രജനന കേന്ദ്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ പട്ടിക തന്നെ ബില്ലില്‍ നിന്നും ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.

WILDROAR

ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുള്ള ആനകളുടെ ഉടമയ്ക്ക് അവയെ കൈമാറ്റം ചെയ്യുന്നതിനും മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതിനും അനുവദിക്കുന്ന വ്യവസ്ഥ ബില്ലില്‍ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രയാസങ്ങളും മറ്റ് ബുദ്ധിമുട്ടുകളും കാരണം ആനകളെ പരിപാലിക്കാന്‍ പറ്റാത്ത ഉടമകള്‍ക്ക് അവയെ മറ്റാരെയെങ്കിലും താല്‍ക്കാലികമായി ഏല്‍പ്പിക്കേണ്ടി വരുന്നുണ്ട്. ഇത് നാട്ടാനകളുടെ സംരക്ഷണത്തിന് യോജിച്ചതല്ല.
ആള്‍ നാശത്തിനും കൃഷി നാശത്തിനും ഒരു ദേശീയ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വന്യജീവികളുടെ വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ചും മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനും ആവശ്യമായ പഠനങ്ങള്‍ നടത്താനും ഇതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിനും നടപടി ഉണ്ടാകണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, സംരക്ഷിത പ്രജനന കേന്ദ്രങ്ങള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവയെ 'മൃഗശാല' എന്ന നിര്‍വ്വചനത്തില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News