തിരുവനന്തപുരം: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിലെ സ്കൂളുകൾ എല്ലാം ഇന്ന് പൂർണ അധ്യയന വർഷത്തിലേക്ക് കടക്കുകയാണ്. കോവിഡിനെ തുടർന്നാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിലും അധ്യയനം മുടങ്ങിയത്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകളാണ് ഇന്ന് തുറക്കുന്നത്. 43 ലക്ഷം വിദ്യാർഥികൾ ഇന്ന് സ്കൂളിലേക്കെത്തും. ഒന്നാം ക്ലാസിൽ നാല് ലക്ഷം വിദ്യാർഥികളാണ് ചേർന്നിരിക്കുന്നത്. പ്രവേശനോത്സവം കഴക്കൂട്ടം ഗവേൺമെന്‍റ് ഹയർസെക്കണ്ടറി സ്കൂളിലാണ് നടക്കുക.
യൂണിഫോം വിതരണവും പാഠപുസ്തക വിതരണവും 90 ശതമാനം പൂർത്തിയായി. അതേസമയം എല്ലാ സ്കൂൾ കെട്ടിടങ്ങളുടെയും ഫിറ്റ്നെസ് പരിശോധന പൂർത്തിയായിട്ടില്ല. പരിശോധന വരും ദിവസങ്ങളിലും തുടരും. നിരവധി നിർദേശങ്ങൾ നൽകി കൊണ്ടാണ് കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നത്. കോവിഡിൽ നിന്ന് പൂർണമായി മുക്തി നേടാത്ത സാഹചര്യത്തിൽ കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണം. ഒപ്പം സാനിറ്റൈസറും ഇവരുടെ പക്കലുണ്ടായിരിക്കണം. ഭക്ഷണം പങ്ക് വയ്ക്കാൻ പാടില്ല. കണക്ക് പ്രകാരം 15 മുതൽ 17 വയസ്സ് വരെയുള്ള 54.12% കുട്ടികളും, 12നും 14നും ഇടിയിലുള്ള 14.43% കുട്ടികളും രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്.
അതേസമയം രണ്ട് വർഷമായി നടക്കാതിരുന്ന കായിക, ശാസ്ത്ര മേളകളും കലോത്സവങ്ങളും ഈ വർഷം നടത്തും. ഇത്തവണത്തെ അധ്യയന വർഷത്തിൽ പ്രധാന പ്രതിസന്ധി അധ്യാപകർ കുറവാണ് എന്നുള്ളതാണ്. 1.8 ലക്ഷം അധ്യാപകരാണ് സ്കൂളിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം 353 പേരെ നിയമിച്ചു. എന്നാൽ വിരമിക്കലിനും പ്രധാന അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനും ശേഷം അധ്യാപകർ എത്ര കുറവുണ്ട് എന്നതിൽ സർക്കാരിന്റെ പക്കൽ വ്യക്തമായ കണക്കില്ല. ദിവസ വേതനക്കാരെ നിയമിച്ച് അധ്യയനം മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് സർക്കാർ. ഡിജിറ്റൽ പഠനം സമാന്തരമായി മുന്നോട്ട് കൊണ്ടുപോകും.
Also Read: സന്തോഷത്തോടെ സ്‌കൂളിലേക്ക് മടങ്ങാം: ആരോഗ്യത്തോടെ പഠിക്കാം; മറക്കരുത് മാസ്‌കാണ് മുഖ്യം
ആരോഗ്യ വകുപ്പ് നൽകിയിരിക്കുന്ന നിർദേശങ്ങൾ
· മാസ്‌ക് ധരിക്കാതെ ആരും തന്നെ സ്‌കൂളിലെത്തരുത്
· നനഞ്ഞതോ കേടായതോ ആയ മാസ്‌ക് ധരിക്കരുത്
· യാത്രകളിലും സ്‌കൂളിലും ആരും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.
· കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്.
· പനി, ചുമ, ജലദോഷം, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരോ കോവിഡ് ബാധിച്ച ആരെങ്കിലും വീട്ടിലുള്ളവരോ ഒരു കാരണവശാലും സ്‌കൂളില്‍ പോകരുത്.
· അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്‌സിനും എടുത്തിരിക്കണം
· 12 വയസിന് മുകളിലുള്ള എല്ലാ വിദ്യാര്‍ത്ഥികളും വാക്‌സിനെടുക്കേണ്ടതാണ്
· മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം
· സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക
· സ്‌കൂള്‍ പരിസരത്ത് വെള്ളം കെട്ടില്‍ക്കാന്‍ അനുവദിക്കരുത്
· കൊതുകിന്റെ ഉറവിടം നശിപ്പിക്കാന്‍ മുന്‍കൈയെടുക്കണം
· വെള്ളിയാഴ്ചകളില്‍ ഡ്രൈ ഡേ ആചരിക്കണം
· പാഴ് വസ്തുക്കളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്
· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ കൊടുത്തുവിടുക
· ടോയ്‌ലറ്റില്‍ പോയതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
· വീട്ടിലെത്തിയ ശേഷം കൈകള്‍ സോപ്പിട്ട് കഴുകണം.
· എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ വീട്ടിലെ പ്രായമായവരോടും അസുഖബാധിതരോടും അടുത്തിടപഴകരുത്.
· കുട്ടികള്‍ക്ക് പഠനത്തോടൊപ്പം മാനസിക പിന്തുണയും നല്‍കണം.
· മാതാപിതാക്കള്‍ കൂടുതല്‍ സമയം കുട്ടികളോടൊപ്പം സന്തോഷത്തോടെ കഴിയണം.
· എന്തെങ്കിലും ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ തൊട്ടടുത്ത ആരോഗ്യ പ്രവര്‍ത്തകരുമായോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ സഞ്ജീവനിയുമായോ ബന്ധപ്പെടേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...