കോഴിക്കോട്: സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ചവര്‍ക്കെല്ലാം എ ഗ്രേഡ് നല്‍കേണ്ടായിത്തീര്‍ന്ന മത്സര ഇനമായിരുന്നു ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മോണോ ആക്ട് മത്സരം. അവതരണ മികവുകൊണ്ട് കാഴ്ചക്കാരെയും വിധികര്‍ത്താക്കളെയും പിടിച്ചിരുത്താന്‍ ശേഷിയുള്ളതായിരുന്നു കലോത്സവത്തിലെ മോണോ ആക്ട് വേദി.
കോഴിക്കോട് സെന്റ് ജോസഫ് ഹൈസ്‌കൂള്‍ വേദിയിലായിരുന്നു മോണോ ആക്ട് മത്സരം. ചലച്ചിത്രതാരം ജോബി അടക്കമുള്ള പ്രമുഖര്‍ വിധികര്‍ത്താക്കളായി എത്തിയിരുന്നു. മോണോ ആക്ട് വേദിയെ നിറഞ്ഞ സദസാണ് സ്വീകരിച്ചത്. വ്യത്യസ്തമായ പ്രമേയങ്ങളും അവതരണവും മികച്ച കലാനുഭവം നല്‍കി.
വിആര്‍ സുധീഷിന്റെ പുലി, ഉണ്ണി ആറിന്റെ കോട്ടയം, വയനാട് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കഥ, രാഷ്ട്രീയ ആക്ഷേപ ഹാസ്യം തുടങ്ങിയവയെല്ലാം മോണോ ആക്ട് വേദിയില്‍ നിറഞ്ഞു. കുട്ടികള്‍ സ്വന്തമായി തയ്യാറാക്കിയതോ അല്ലെങ്കില്‍ കഥകളുടെ സ്വതന്ത്ര ആവിഷ്‌കാരമോ ആയിരുന്നു മിക്ക മോണോ ആക്ടിന്റെയും വിഷയം.
അപ്പീലുകള്‍ ഉള്‍പ്പെടെ പതിനാറ് കുട്ടികളാണ് മോണോ ആക്ട് മത്സരത്തില്‍ പങ്കെടുത്തത്. എല്ലാവര്‍ക്കും എ ഗ്രേഡ് നല്‍കുകയായിരുന്നു. ഒന്നിനൊന്ന് മികച്ച അവതരണമായതിനാല്‍ എല്ലാവര്‍ക്കും എ ഗ്രേഡ് നല്‍കാന്‍ വിധികര്‍ത്താക്കളും നിര്‍ബന്ധിതരായി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂരാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. കോഴിക്കോട് രണ്ടാം സ്ഥാനത്തും നിലവിലെ ജേതാക്കളായ പാലക്കാട് മൂന്നാം സ്ഥാനത്തുമാണ്. തൃശൂർ ജില്ല നാലാം സ്ഥാനത്ത്. മലപ്പുറം ജില്ല അഞ്ചാം സ്ഥാനത്താണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...